കെഎസ്‌യുവിന്റെയും യൂത്ത് കോൺഗ്രസിന്റെയും അക്രമങ്ങൾ വെളിപ്പെടുത്തിയാൽ ഒരു പത്ര പേജ് തികയില്ലെന്ന് പറഞ്ഞ സെക്രട്ടറി, എസ്എഫ്ഐ പ്രവർത്തകർ റാഗിങ്ങിന് നേതൃത്വം കൊടുത്തത് എവിടെയാണെന്നും ചോദിച്ചു.
നിയമസഭയിലെ എസ്എഫ്ഐക്കെതിരെയുള്ള ലഹരി ആരോപണത്തിൽ പ്രതികരണവുമായി എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എസ്. സഞ്ജീവ്. രമേശ് ചെന്നിത്തല നിയമസഭയിൽ നടത്തിയത് വ്യാജ ആരോപണമാണെന്ന് സംസ്ഥാന സെക്രട്ടറി പറഞ്ഞു. നിയമസഭയെ ആകെ തെറ്റിദ്ധരിപ്പിച്ചെന്നും രാഷ്ട്രീയ വാദദപ്രതിവാദത്തിന് ഈ വിഷയം വലിച്ചിഴയ്ക്കരുതെന്നും സഞ്ജീവ് അഭിപ്രായപ്പെട്ടു. കേരളത്തിൽ റാഗിങ്ങിന് നേതൃത്വം നൽകുന്നതും, സിദ്ധാർഥനെ കൊന്നതും എസ്എഫ്ഐ ആണെന്നായിരുന്നു രമേശ് ചെന്നിത്തല നിയമസഭയിൽ പറഞ്ഞത്.
എസ്എഫ്ഐയെ പൊതുസമൂഹത്തിൽ വലിച്ചു കീറണം എന്നാണ് പ്രതിപക്ഷ നിലപാടെന്ന് പി. എസ്. സഞ്ജീവ് പറഞ്ഞു. തെറ്റായ പ്രവണതകളെ ചോദ്യം ചെയ്യുന്ന സംഘടനയാണ് എസ്എഫ്ഐ. അങ്ങനെ ചെയ്ത് തന്നെയാണ് ഇവിടം വരെയെത്തിയത്. കെഎസ്‌യുവിന്റെയും യൂത്ത് കോൺഗ്രസിന്റെയും അക്രമങ്ങൾ വെളിപ്പെടുത്തിയാൽ ഒരു പത്ര പേജ് തികയില്ലെന്ന് പറഞ്ഞ സെക്രട്ടറി, എസ്എഫ്ഐ പ്രവർത്തകർ റാഗിങ്ങിന് നേതൃത്വം കൊടുത്തത് എവിടെയാണെന്നും ചോദിച്ചു.
കെഎസ്‌യുവിന്റെയും എംഎസ്എഫിന്റെയും അക്രമങ്ങളെ പ്രതിപക്ഷ നേതാക്കൾ പ്രോത്സാഹിപ്പിക്കുന്നെന്നാണ് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയുടെ ആരോപണം. വലതുപക്ഷ കിങ്കരന്മാരുടെ ആരോപണങ്ങൾ ജനം തള്ളിക്കളയും. കോൺഗ്രസ് നേതാക്കൾക്ക് കുറച്ചുകൂടി പക്വത പ്രതീക്ഷിക്കുന്നുണ്ടെന്നും സഞ്ജീവ് കൂട്ടിച്ചേർത്തു.
ലഹരി സംഘങ്ങളെ ജീവൻ കൊടുത്തും എസ്എഫ്ഐ പ്രതിരോധിക്കുമെന്ന് സെക്രട്ടറി വ്യക്തമാക്കി. ലഹരിക്കെതിരായ പോരാട്ടത്തിൽ വലതുപക്ഷത്തിന് എസ്എഫ്ഐക്കൊപ്പം അണിനിരക്കേണ്ടി വരും. ലഹരി ഉപയോഗിക്കുന്നവർക്ക് എസ്എഫ്ഐ എന്ന സംഘടനയിൽ സ്ഥാനമില്ലെന്നും സഞ്ജീവ് പറഞ്ഞു.