പ്രതിയുടെ ചിത്രം പുറത്തുവിട്ട പൊലീസ്, പ്രതിയെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് ഒരു ലക്ഷം രൂപ പാരിതോഷികവും പ്രഖ്യാപിച്ചിട്ടുണ്ട്
പൂനെയിൽ മോഷണക്കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതി യുവതിയെ ബസിൽ വച്ച് ബലാത്സംഗം ചെയ്‌തു. തിരക്കേറിയ പൂനെ സ്വർഗേറ്റ് ബസ് സ്റ്റാൻഡിൽ ബുധനാഴ്ച പുലർച്ചെയോടെയാണ് 26കാരി യുവതി പീഡനത്തിന് ഇരയായത്. മഹാരാഷ്ട്ര സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ (എംഎസ്ആർടിസി) ഏറ്റവും വലിയ ബസ് ജംഗ്ഷനുകളിൽ ഒന്നാണ് സ്വാർഗേറ്റ്.
14,000-ത്തിലധികം ബസുകളുള്ള രാജ്യത്തെ മൂന്ന് പൊതുഗതാഗത സ്ഥാപനങ്ങളിൽ ഒന്നാണ് എംഎസ്ആർടിസി. എല്ലാ ദിവസവും 55 ലക്ഷത്തിലധികം യാത്രക്കാരാണ് ഈ ബസുകളിൽ യാത്ര ചെയ്യുന്നത്. ബസ് കാത്തു നിന്ന യുവതിയെ മറ്റൊരിടത്താണ് ബസ് എത്തുന്നതെന്ന് തെറ്റിദ്ധരിപ്പിച്ച് ബസിലേക്ക് വിളിച്ചുകൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.
സിസിടിവി ദൃശ്യങ്ങളിൽ നിന്ന് ദത്താത്രേയ് രാംദാസ് എന്നയാളാണ് യുവതിയെ പീഡിപ്പിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രതിയെ പിടികൂടാൻ ഇതുവരെ പൊലീസിന് സാധിച്ചിട്ടില്ല. ഇയാൾക്കെതിരെ പൂനെയിലും തൊട്ടടുത്തുള്ള അഹല്യാനഗർ ജില്ലയിലുമായി ആറ് മോഷണം, കവർച്ച, മാല പിടിച്ചുപറി കേസുകൾ രജിസ്റ്റർ ചെയ്തിരുന്നു. പ്രതിയുടെ ചിത്രം പുറത്തുവിട്ട പൊലീസ്, പ്രതിയെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് ഒരു ലക്ഷം രൂപ പാരിതോഷികവും പ്രഖ്യാപിച്ചിട്ടുണ്ട്.
ഒരു കവർച്ചയ്ക്ക് അറസ്റ്റിലായ അദ്ദേഹം 2019 മുതൽ ജാമ്യത്തിലാണെന്ന് പേര് വെളിപ്പെടുത്താത്ത ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തതുവെന്ന് എൻഡിടിവിയും റിപ്പോർട്ട് ചെയ്തു. യുവതിയുടെ പരാതിയെത്തുടർന്ന് തിരച്ചിൽ വ്യാപകമാക്കിയിട്ടുണ്ട്. എട്ട് പൊലീസ് ടീമുകളെയും, സ്നിഫർ നായ്ക്കളെയും തിരച്ചിലിനായി ഉപയോഗപ്പെടുത്തിയിട്ടുണ്ട്.
ALSO READ: വെഞ്ഞാറമൂട് കൂട്ടക്കൊല: പ്രതി അഫാന് മാനസിക പ്രശ്നങ്ങളില്ലെന്ന് ഡോക്ടർമാർ; അറസ്റ്റ് ഇന്നുണ്ടായേക്കും
പ്രതിയുമായി യുവതി ബസിലേക്ക് നടക്കുന്നത് സിസിടിവി ദൃശ്യങ്ങളിൽ ലഭിച്ചിട്ടുണ്ട്. കണ്ടക്ടർ ആണെന്ന് അവകാശപ്പെട്ടാണ് പ്രതി തന്നെ കൂട്ടിക്കൊണ്ടുപോയതെന്ന് യുവതി പരാതിയിൽ പറയുന്നു. ബസ് കാലിയാണല്ലോ എന്ന് ചോദിച്ചപ്പോൾ, യാത്രക്കാർ ഉറങ്ങുകയാണെന്ന് പ്രതി പറഞ്ഞുവെന്നും പീഡനത്തിനിരയായ യുവതി വ്യക്തമാക്കി. ആക്രമണത്തിനിരയായ ശേഷം യുവതി സ്വന്തം നാട്ടിലേക്ക് ബസിൽ പോകുകയും വഴിയിൽ വച്ച് സുഹൃത്തിനോട് ഫോണിൽ കാര്യങ്ങൾ പറയുകയും ചെയ്തു. സുഹൃത്തിൻ്റെ നിർദേശപ്രകാരം യുവതി പൊലീസിൽ പരാതി നൽകുകയായിരുന്നു.