fbwpx
കോഴിക്കോട് അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് ഗര്‍ഭിണി മരിച്ചു; ജില്ലയില്‍ ഒരാഴ്ചക്കിടെ രണ്ടാമത്തെ മരണം
logo

ന്യൂസ് ഡെസ്ക്

Posted : 28 Feb, 2025 10:02 PM

അമീബിക് മസ്തിഷ്‌ക ജ്വരമാണെന്ന് സ്ഥിരീകരിച്ച ശേഷം ആരോഗ്യ പ്രവര്‍ത്തകര്‍ പെരുവയല്‍ പഞ്ചായത്തിലെ കിണര്‍ ഉള്‍പ്പെടെയുള്ള ജലാശയങ്ങളില്‍ പരിശോധന നടത്തിയെങ്കിലും ഉറവിടം തിരിച്ചറിയാനായില്ല.

KERALA


കോഴിക്കോട് അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് വീണ്ടും മരണം. കുറ്റിക്കാട്ടൂര്‍ ചെമ്മളത്തൂര്‍ പേങ്കോട്ടില്‍ മേത്തല്‍ ജിസ്‌ന (38) ആണ് മരിച്ചത്. അഞ്ച് മാസം ഗര്‍ഭിണിയായിരുന്നു ജിസ്‌ന. 13 ദിവസമായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

അപസ്മാരം വന്നതിനെ തുടര്‍ന്നാണ് ജിസ്‌നയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. തുടര്‍ന്ന് മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. ഇന്ന് വൈകിട്ടോടെയാണ് യുവതി മരിച്ചത്.


ALSO READ: ചില സിനിമകളിൽ കൊലപാതകങ്ങള്‍ ക്രൂര വിനോദങ്ങളായി ആഘോഷിക്കുന്നു; ഇത് മനുഷ്യനിലെ ഹിംസാത്മകതയെ ഉണര്‍ത്തുന്നു: പ്രേംകുമാര്‍


അമീബിക് മസ്തിഷ്‌ക ജ്വരമാണെന്ന് സ്ഥിരീകരിച്ച ശേഷം ആരോഗ്യ പ്രവര്‍ത്തകര്‍ പെരുവയല്‍ പഞ്ചായത്തിലെ കിണര്‍ ഉള്‍പ്പെടെയുള്ള ജലാശയങ്ങളില്‍ പരിശോധന നടത്തിയിരുന്നു. രോഗ ഉറവിടം തിരിച്ചറിയാനായിട്ടില്ല.

ഫെബ്രുവരി 23ന് കോഴിക്കോട് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് യുവതി മരിച്ചിരുന്നു. ചെങ്ങോട്ട് കാവ് കൂഞ്ഞിലാരി സ്വദേശിയായിരുന്നു മരിച്ചത്.

എന്താണ് അമീബിക് മസ്തിഷ്കജ്വരം?

രോഗാണു തലച്ചോറിലേക്ക് പ്രവേശിച്ച് മസ്തിഷ്ക മരണത്തിന് കാരണമാകുന്ന ഗുരുതരമായ രോഗമാണ് അമീബിക് മെനിഞ്ചോ എൻസെഫലൈറ്റിസ് അഥവാ, നെയ്ഗ്ലേറിയ ഫൗളറി. ഉയർന്ന താപനിലയിൽ മാത്രം അതിജീവിക്കുന്ന അമീബ, കെട്ടിക്കിടക്കുന്ന വെള്ളം, വൃത്തിയാക്കാത്ത സ്വിമ്മിങ് പൂളുകള്‍, തടാകങ്ങൾ, നദികൾ എന്നിവിടങ്ങളിലാണ് ഉണ്ടാവുക. ഇത്തരം വെള്ളത്തില്‍ കുളിക്കുന്നതിനിടെ രോഗാണുക്കള്‍ മൂക്കിലെ നേര്‍ത്ത തൊലിയിലൂടെ ശരീരത്തില്‍ പ്രവേശിക്കും. ഇവ തലച്ചോറിനെ കാര്‍ന്നു തിന്നും. പിന്നീട് മസ്തിഷ്ക കോശങ്ങളെ നശിപ്പിക്കും.


ALSO READ: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്കജ്വരം; കോഴിക്കോട് സ്വദേശിയായ യുവതി മരിച്ചു


പ്രാരംഭ ഘട്ടത്തിൽ പനി, തലവേദന, ഛര്‍ദി, അപസ്മാരം, കാഴ്ചമങ്ങല്‍ എന്നിവയാണ് രോഗ ലക്ഷണങ്ങള്‍. പിന്നീട്, രോഗിയുടെ കഴുത്ത് വലിഞ്ഞു മുറുകുകയും അപസ്മാരം അനുഭവപ്പെടുകയും കോമയിലേക്ക് വഴുതി വീഴുകയും ചെയ്യുന്നു. നെയ്ഗ്ലേറിയ ഫൗളറി അപൂർവരോഗ ഗണത്തിൽപെട്ടതാണെങ്കിലും മരണനിരക്ക് 97 ശതമാനത്തോളമാണ്. തുടക്കത്തില്‍ തന്നെ രോഗകാരണം സ്ഥിരീകരിക്കാന്‍ സാധിക്കാത്തതാണ് മരണസാധ്യത വര്‍ധിപ്പിക്കുന്നത്.

കുട്ടികളിലും കൗമാരക്കാരിലുമാണ് കൂടുതലായും രോഗം സ്ഥിരീകരിക്കുന്നത്. രോഗം ഒരാളിൽ നിന്നും വേറൊരാളിലേക്ക് പകരില്ലെന്നാണ് റിപ്പോർട്ട്. ക്ലോറിനേഷൻ നടത്തുകയാണ് പ്രധാനമായും ചെയ്യേണ്ടത്. വീടിന് പുറമേ മറ്റു ജലാശയങ്ങളിൽ കുളിക്കുമ്പോൾ വെള്ളം കുടിച്ചതു കൊണ്ട് രോഗാണുക്കൾ ശരീരത്തിൽ പ്രവേശിക്കണമെന്നില്ല. പ്രധാനമായും മൂക്കിലൂടെയാണ് രോഗാണു പ്രവേശിക്കുന്നത്. രോഗം വരാതിരിക്കാനുള്ള മുൻകരുതൽ സ്വീകരിക്കുകയെന്നതാണ് പ്രതിരോധം.

കേരളത്തില്‍ 2016ലാണ് അമീബിക്ക് മെനിഞ്ചോ എന്‍സെഫലൈറ്റിസ് ബാധിച്ചുള്ള ആദ്യ മരണം റിപ്പോര്‍ട്ട് ചെയ്തത്. 2019, 2020, 2022, 2023, 2024 വര്‍ഷങ്ങളിലും പിന്നീട് കേസുകള്‍ റിപ്പോർട്ട് ചെയ്തിരുന്നു.

Also Read
user
Share This

Popular

KERALA
CRICKET
കൊല്ലം മൺറോതുരുത്തിൽ മദ്യലഹരിയിൽ 19കാരൻ മധ്യവയസ്കനെ വെട്ടിക്കൊന്നു; പ്രതി ലഹരിക്കടിമയെന്ന് നാട്ടുകാർ