പാലക്കാട് കരിമ്പ സ്വദേശി വിഷ്ണുരാജ് (29) നെയാണ് പൊലീസ് പിടികൂടിയത്. 15 ഗ്രാം എംഡിഎംഎ പൊലീസ് ഇയാളിൽ നിന്ന് പിടികൂടി
കോഴിക്കോട് കൊടുവള്ളിയിൽ എംഡിഎംഎയുമായി ദന്ത ഡോക്ടർ പിടിയിൽ. പാലക്കാട് കരിമ്പ സ്വദേശി വിഷ്ണുരാജ് (29) നെയാണ് പൊലീസ് പിടികൂടിയത്. 15 ഗ്രാം എംഡിഎംഎയാണ് പൊലീസ് പിടികൂടിയത്. ഇയാൾ താമസിക്കുന്ന ഫ്ലാറ്റിൽ നിന്നും ലഹരി ഉപയോഗിക്കാനുള്ള ഉപകരണങ്ങളും പിടികൂടി.
കൊടുവള്ളി കരുവൻ പൊയിലിൽ "ഇനായത്ത് ദാന്താശുപത്രി" നടത്തി വരികയാണ് വിഷ്ണുരാജ്. കോഴിക്കോടും മലപ്പുറത്തും ഉള്ള മൊത്ത വിതരണക്കാരിൽ നിന്നാണ് ഇയാൾ മയക്കുമരുന്ന് എത്തിക്കുന്നത്. ഇയാളുടെ ഫ്ലാറ്റിൽ നിന്ന് ലഹരി ഉപയോഗിക്കാൻ ഉപയോഗിക്കുന്ന ഉപകരണങ്ങളും പിടികൂടിയിട്ടുണ്ട്. ബാംഗ്ലൂരിൽ നിന്നും ഇയാൾ ലഹരിമരുന്ന് എത്തിക്കാറുണ്ടെന്നും പൊലീസ് പറയുന്നു. ഡോക്ടറെ കൂടാതെ രണ്ടുപേർക്ക് കൂടി മയക്കുമരുന്ന് കേസുമായി ബന്ധമുണ്ടെന്ന് പൊലീസ് പറഞ്ഞു. ഇവർ ഉടൻ കസ്റ്റഡിയിൽ ആകും. ഏകദേശം അൻപതിനായിരം രൂപ വില വരുന്ന എംഡിഎംഎയാണ് യുവഡോക്ടറിൽ നിന്ന് പിടികൂടിയത്.
കോഴിക്കോട് ടൗൺ,എൻ ഐ ടി, കൊടുവള്ളി, മുക്കം എന്നിവിടങ്ങളിലെ വിദ്യാർഥികൾക്കിടയിൽ വിപുലമായ തോതിലാണ് വിഷ്ണുരാജ് മയക്കുമരുന്ന് വിൽപന നടത്തുന്നത്. കോഴിക്കോട് കേന്ദ്രീകരിച്ചുള്ള ലഹരിശൃംഖലയിലെ പ്രധാനിയാണ് ഇയാൾ. രണ്ട് മാസമായി സ്പെഷ്യൽ സ്ക്വാഡിൻ്റെ നിരീക്ഷണത്തിലായിരുന്ന വിഷ്ണുരാജ്, ഏല്ലാ വിധ ലഹരിമരുന്നുകളും ഉപയോഗിക്കുന്നതായി പൊലീസ് പറഞ്ഞു. കോഴിക്കോട് റൂറൽ എസ്‌പി കെ .ഇ. ബൈജു ഐപിഎസിൻ്റെ കീഴിലുള്ള പ്രത്യേക സംഘവും നർക്കോട്ടിക് സെല്ലുമാണ് പ്രതിയെ പിടികൂടിയത്.
തിരുവനന്തപുരത്ത് നിന്നും സമാനമായ വാർത്ത റിപ്പോർട്ട് ചെയ്തു. 30 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിലായി. തുമ്പ സ്വദേശി സഞ്ജുവാണ് പിടിയിലായത്. തിരുവനന്തപുരം സിറ്റി ഡാൻസാഫ് ടീമാണ് പ്രതിയെ പിടികൂടിയത്.
അതേസമയം കാസർഗോഡ് സ്കൂളിൽ പത്താം ക്ലാസ് സെന്റ് ഓഫ് ആഘോഷത്തിന് വിദ്യാർഥികൾ കഞ്ചാവ് പാർട്ടി നടത്തി. വിദ്യാർഥികൾക്ക് കഞ്ചാവ് നൽകിയയാളെ പൊലീസ് പിടികൂടി. കളനാട് സ്വദേശി കെ. കെ. സമീറാണ് പിടിയിലായത്. വിദ്യാർഥികൾക്കെതിരെ സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് നൽകി.
രഹസ്യ വിവരത്തെ തുടർന്നാണ് പൊലീസ് അന്വേഷണം നടത്തിയത്. വിവരം ലഭിച്ചതിന് പിന്നാലെ സ്‌കൂളും കുട്ടികളും പൊലീസ് നിരീക്ഷണത്തിലായിരുന്നു. തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിൽ വിദ്യാർഥികളിൽ നിന്ന് കഞ്ചാവ് കണ്ടെത്തി. സ്കൂൾ വിദ്യാർഥികൾക്കെതിരെ പൊലീസ് സോഷ്യൽ ബാക്ക്ഗ്രൗണ്ട് റിപ്പോർട്ട് തയ്യാറാക്കി.
വിദ്യാർഥികൾ തന്നെയാണ് കഞ്ചാവ് എത്തിച്ചുനൽകിയ സമീറിനെക്കുറിച്ചുള്ള വിവരങ്ങൾ പൊലീസിന് നൽകിയത്. എൻഡിപിഎസ് ആക്ട്, ജുവനൈൽ ജസ്റ്റിസ് ആക്ട് എന്നിവയാണ് കഞ്ചാവ് വിതരണം ചെയ്ത പ്രതിക്കു മേൽ ചുമത്തിയിട്ടുള്ള മറ്റു പ്രധാന വകുപ്പുകൾ. കസ്റ്റഡിയിലെടുക്കാനെത്തിയ പൊലീസുകാരനെ ഇയാൾ ആക്രമിച്ചിരുന്നു. സംഭവത്തിൽ ഇയാൾക്കെതിരെ മറ്റൊരു കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്.