സംഭവത്തിൻ്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലാണിപ്പോൾ
മഹാരാഷ്ട്രയിലെ പുനെയിൽ ബസിൽ ശല്യം ചെയ്തയാളെ 26 തവണ കരണത്തടിച്ച് യുവതി. വ്യാഴാഴ്ച നടന്ന സംഭവത്തിൻ്റെ ദൃശ്യം സാമൂഹിക മാധ്യമങ്ങളിൽ വൈറലാണിപ്പോൾ.
ALSO READ: സ്കൂൾ വിദ്യാർത്ഥിനിയോട് മോശമായി പെരുമാറി; ജയിലറെ നടുറോഡിൽ വച്ച് ചെരുപ്പൂരി തല്ലി ബന്ധുക്കൾ
ഷിർദിയിലെ സ്‌കൂൾ അധ്യാപികയായ യുവതി ഭർത്താവിനും മകനുമൊപ്പം ബസിൽ പുനെയിലേക്ക് പോകവേയാണ് സംഭവം. യാത്ര ചെയ്യുന്നതിനിടെ ഒരു യാത്രക്കാരൻ യുവതിയോട് മോശമായി പെരുമാറുകയായിരുന്നു. മദ്യപിച്ചിരുന്ന ഇയാൾ യുവതിയുടെ ദേഹത്ത് സ്പർശിക്കാൻ ശ്രമിച്ചതോടെ യുവതി പ്രകോപിതയാവുകയും തല്ലുകയുമായിരുന്നു. യുവാവിനെ പിടിച്ച് നിർത്തി 26 തവണ യുവതി കരണത്തടിച്ചു. യുവാവ് മാപ്പ് പറയുന്നതും കണ്ടക്ടർ അടി നിർത്താനാവശ്യപ്പെടുന്നതും വീഡിയോയിൽ കാണാം.
പൊലീസ് സ്റ്റേഷനിലേക്ക് ബസ് കൊണ്ടുപോകാൻ പരാതിക്കാരിയായ യുവതി ആവശ്യപ്പെടുകയും ചെയ്തു. ഒടുവിൽ അതിക്രമം നടത്തിയ ആളിന്റെ ഭാര്യ മാപ്പ് പറഞ്ഞതോടെയാണ് പ്രശ്നം ഒത്തുതീർപ്പായത്. സംഭവത്തിൻ്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലാണിപ്പോൾ. എന്നാൽ യുവതിയെ പ്രശംസിച്ചും വിമർശിച്ചുമാണ് പ്രതികരണങ്ങൾ.