സിസിടിവി ദൃശ്യങ്ങള്‍ അടക്കമാണ് തെലങ്കാന പൊലീസ് അല്ലുവിന് എതിരെ തെളിവായി കണ്ടെത്തിയത്.
പുഷ്പ 2 റിലീസ് ദിവസം തിയേറ്ററിലെ തിക്കിലും തിരക്കിലും പെട്ട് സ്ത്രീ മരിച്ച കേസില്‍ തെന്നിന്ത്യന്‍ സൂപ്പര്‍ താരം അല്ലു അര്‍ജുനെതിരെ വീണ്ടും തെലങ്കാന പൊലീസ്. മരണ വിവരം അറിഞ്ഞിട്ടും അല്ലു അര്‍ജുന്‍ തിയേറ്റര്‍ വിട്ടുപോയില്ലെന്ന് തെളിവുകള്‍ നിരത്തിയാണ് പൊലീസ് ഉദ്യോഗസ്ഥര്‍ രംഗത്തെത്തിയിരിക്കുന്നത്. തിരക്കിനെ കുറിച്ച് അറിയിച്ചപ്പോള്‍ താരം അവഗണിച്ചതായും സിനിമ കണ്ട ശേഷമേ മടങ്ങുകയുള്ളൂ എന്ന് പറഞ്ഞതായും പൊലീസ് വെളിപ്പെടുത്തി. സിസിടിവി ദൃശ്യങ്ങള്‍ അടക്കമാണ് തെലങ്കാന പൊലീസ് അല്ലുവിന് എതിരെ തെളിവായി കണ്ടെത്തിയത്.
നേരത്തെ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, എംഎല്‍എ അക്ബറുദ്ദീന്‍ ഒവൈസി, മന്ത്രി കോമതിറെഡ്ഡി വെങ്കട്ട് റെഡ്ഡി തുടങ്ങിയവരും അല്ലു അര്‍ജുനെതിരെ രംഗത്തെത്തിയിരുന്നു.
യുവതി മരിച്ച സംഭവം അറിഞ്ഞിട്ടും അല്ലു അര്‍ജുന്‍ തിയേറ്റര്‍ വിടാതെ സിനിമ മുഴുവന്‍ കണ്ടിട്ടാണ് പുറത്തിറങ്ങിയതെന്നായിരുന്നു തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി പറഞ്ഞത്. യുവതി മരിച്ച സംഭവം അറിഞ്ഞപ്പോള്‍, ഇനി സിനിമ എന്തായാലും ഹിറ്റടിക്കും എന്ന് അല്ലു അര്‍ജുന്‍ പറഞ്ഞതായി എംഎല്‍എ അക്ബറുദ്ദീന്‍ ഒവൈസിയും പറഞ്ഞു.
ഡിസംബര്‍ നാലിനായിരുന്നു പുഷ്പ 2 വിന്റെ പ്രീമിയര്‍ ഷോയ്ക്കിടെയുണ്ടായ തിക്കിലും തിരക്കിലുംപെട്ടാണ് യുവതി മരിച്ചത്. തിയേറ്ററിലേക്ക് അല്ലു അര്‍ജുന്‍ എത്തിയതാണ് തിക്കും തിരക്കുമുണ്ടാവാന്‍ കാരണമായത്. പിന്നാലെയുണ്ടായ ഉന്തും തള്ളിലുമാണ് 35 കാരിയായ യുവതി മരിച്ചത്. ഇവരുടെ മകന് മസ്തിഷ്കാഘാതം സംഭവിക്കുകയും ചെയ്തിരുന്നു.
കഴിഞ്ഞ ദിവസം അല്ലു അര്‍ജുന്റെ വീടിന് നേരെ ആക്രമണം ഉണ്ടായിരുന്നു. പുഷ്പ 2 റിലീസിംഗ് ദിനത്തില്‍ തിരക്കില്‍പ്പെട്ട് മരിച്ച രേവതിക്ക് നീതി വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് എത്തിയ സംഘമാണ് ആക്രമണം നടത്തിയത്. വീടിന്റെ ഗേറ്റ് ചാടിക്കടന്നെത്തിയ ആളുകള്‍ സുരക്ഷാ ജീവനക്കാരെ കൈയ്യേറ്റം ചെയ്യുകയും വീടന് നേരെ കല്ലും തക്കാളിയും എറിയുകയും ചെയ്തു.
സംഭവത്തില്‍ അല്ലു അര്‍ജുനെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.നരഹത്യക്കേസ് ചുമത്തിയായിരുന്നു നടപടി. അതേ ദിവസം തന്നെ ജാമ്യം കിട്ടിയിട്ടും ഒരു രാത്രി അല്ലു അര്‍ജുന് ജയിലില്‍ കിടക്കേണ്ടി വന്നു.