എം.ആര്‍. അജിത് കുമാര്‍ തയ്യാറാക്കുന്ന ഒരു റിപ്പോര്‍ട്ടും സ്വീകാര്യമല്ലെന്ന് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍
തൃശൂര്‍ പൂരം കലക്കിയതുമായി ബന്ധപ്പെട്ട് എം.ആര്‍. അജിത് കുമാര്‍ തയ്യാറാക്കുന്ന ഒരു റിപ്പോര്‍ട്ടും സ്വീകാര്യമല്ലെന്ന് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍. പൂരം കലക്കിയവനെ കൊണ്ടാണ് റിപ്പോര്‍ട്ട് എഴുതിപ്പിച്ചത്. നരേന്ദ്ര മോദിയുടെയും പിണറായി വിജയന്റെയും ഇടയിലുള്ള പാലമാണ് അജിത് കുമാര്‍ എന്നും കെ. മുരളീധരന്‍ വിമര്‍ശിച്ചു.
ബിജെപി സിപിഎം അവിശുദ്ധ കൂട്ടുകെട്ടാണ് വരുന്ന തെരഞ്ഞെടുപ്പുകളില്‍ ഉണ്ടാകാന്‍ പോകുന്നത്. അജിത് കുമാറിനെ സമ്മേളനങ്ങളില്‍ വിമര്‍ശിക്കുന്ന താഴെത്തട്ടിലെ പാര്‍ട്ടിക്കാര്‍ക്ക് പിണറായി വിജയന്റെ ഡീല്‍ അറിയില്ല. അജിത് കുമാര്‍ ഇപ്പോള്‍ ചെയ്യുന്നതിന്റെ വില ഭാവിയില്‍ അറിയേണ്ടിവരുമെന്നും കെ. മുരളീധരന്‍ പറഞ്ഞു.
സിപിഎം ഭൂരിപക്ഷ വര്‍ഗീയതയ്‌ക്കൊപ്പമാണെന്നും എ. വിജയരാഘവന്റെ പ്രസ്താവനയില്‍ മറുപടിയായി കെ. മുരളീധരന്‍ പറഞ്ഞു. വിജയരാഘവന്‍ പറയുന്നത് പിണറായിയുടെ അഭിപ്രായമാണ്.
കോണ്‍ഗ്രസിന്റെ പാര്‍ട്ടി നേതാവിനെ ദേശീയ നേതൃത്വം തീരുമാനിക്കും. കോണ്‍ഗ്രസിനുള്ളില്‍ ഇപ്പോള്‍ ഏകാധിപത്യം ഇല്ലെന്നും മുരളീധരന്‍ പറഞ്ഞു.
തൃശൂര്‍ പൂരം കലക്കല്‍ വിവാദത്തില്‍ എംആര്‍ അജിത് കുമാര്‍ എഡിജിപിയായിരിക്കെ തയ്യാറാക്കിയ റിപ്പോര്‍ട്ടാണ് പുറത്തുവന്നത്. പൂരം കലക്കല്‍ ലോക്‌സഭ തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചായിരുന്നുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
പൂരനാളില്‍ ബോധപൂര്‍വം കുഴപ്പം ഉണ്ടാക്കിയെന്നും തിരുവമ്പാടി ദേവസ്വത്തിലെ ചിലര്‍ തല്‍പ്പര കക്ഷികളുമായി ഗൂഢാലോചന നടത്തിയെന്നും അജിത് കുമാറിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. സംസ്ഥാന മേധാവിക്ക് സെപ്തംബറില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ പകര്‍പ്പായിരുന്നു പുറത്തുവന്നത്.
അതേസമയം, എം.ആര്‍. അജിത് കുമാറിന് കഴിഞ്ഞ ദിവസം വിജിലന്‍സിന്റെ ക്ലീന്‍ ചിറ്റ് ലഭിച്ചിരുന്നു. പി.വി. അന്‍വര്‍ എംഎല്‍എ ഉന്നയിച്ച സാമ്പത്തിക ആരോപണങ്ങള്‍ക്ക് തെളിവില്ലെന്ന് വിജിലന്‍സ് പറഞ്ഞു. സ്വര്‍ണ്ണക്കടത്ത് ബന്ധത്തിന് തെളിവില്ലെന്നും, കവടിയാറിലെ ആഡംബര വീട് നിര്‍മാണത്തിന് ബാങ്ക് വായ്പ എടുത്തെന്നും വിജിലന്‍സ് കണ്ടെത്തി.
വിവാദങ്ങള്‍ക്കിടയിലും എഡിജിപി എം.ആര്‍. അജിത് കുമാറിന് ഡിജിപിയായി സ്ഥാനക്കയറ്റം ലഭിച്ചതും ചര്‍ച്ചയായിരുന്നു. സ്‌ക്രീനിങ് കമ്മിറ്റിയുടെ ശുപാര്‍ശയാണ് മന്ത്രിസഭ അംഗീകരിച്ചത്. 2025 മാര്‍ച്ച് അല്ലെങ്കില്‍ ഏപ്രില്‍ മാസത്തോടെയാകും അജിത് കുമാര്‍ ഡിജിപിയായി ചുമതലയേല്‍ക്കുക. തൃശൂര്‍ പൂരം കലക്കല്‍, അനധികൃത സ്വത്ത് സമ്പാദനം, ആര്‍എസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ച തുടങ്ങിയ വിഷയങ്ങളില്‍ അന്വേഷണം നേരിടുന്ന വ്യക്തിയാണ് അജിത് കുമാര്‍.