പ്രതികളിൽ നിന്നും എകെ സീരീസിലുള്ള രണ്ട് തോക്കുകളും നിരവധി പിസ്റ്റളുകളും പിടിച്ചെടുത്തിട്ടുണ്ട്
പഞ്ചാബിലെ ഗുർദാസ്‌പൂരിൽ പൊലീസ് സ്റ്റേഷനുകൾക്ക് നേരെ ഗ്രനേഡ് എറിഞ്ഞ ഖലിസ്ഥാനി ഭീകരരിൽ മൂന്ന് പേരെ യുപിയിൽ വെടിവെച്ചു കൊന്നു. പഞ്ചാബ്, യുപി പൊലീസ് സേനകൾ സംയുക്തമായി നടത്തിയ ഏറ്റുമുട്ടലിലാണ് മൂന്ന് പ്രതികൾ കൊല്ലപ്പെട്ടത്. പ്രതികളെ അറസ്റ്റ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ഇവർ പൊലീസിന് നേരെ വെടിയുതിർത്തതാണ് പ്രകോപന കാരണം. ഗുർവീന്ദർ സിങ്, വിരേന്ദ്ര സിങ്, ജസൻപ്രീത് സിങ് എന്നിവരാണ് മരിച്ചത്. പ്രതികളിൽ നിന്നും എകെ സീരീസിലുള്ള രണ്ട് തോക്കുകളും നിരവധി പിസ്റ്റളുകളും പിടിച്ചെടുത്തിട്ടുണ്ട്.
പാകിസ്ഥാൻ സ്പോൺസർ ചെയ്യുന്ന ഖലിസ്ഥാൻ സിന്ദാബാദ് ഫോഴ്സിൽ ഉൾപ്പെട്ടവരാണ് മരിച്ചതെന്ന് പഞ്ചാബ് പൊലീസ് പറഞ്ഞു. പഞ്ചാബ് അതിർത്തിയിലുള്ള പൊലീസ് ചെക്ക് പോസ്റ്റിന് നേരെയാണ് ഭീകരർ ഗ്രനേഡ് ആക്രമണം നടത്തിയത്. യുപിയിലെ പിലിഭിത്തിൽ നിന്നെത്തിയ പൊലീസ് ഉദ്യോഗസ്ഥരും പഞ്ചാബിലെ പുരൺപൂർ പൊലീസ് സ്റ്റേഷനിലേയും ഉദ്യോഗസ്ഥരാണ് അന്വേഷണത്തിൽ ഏറ്റുമുട്ടൽ ടീമിൽ ഉൾപ്പെട്ടിരുന്നത്.
മുഴുവൻ ഭീകര ഗ്രൂപ്പിനേയും കണ്ടെത്തുന്നതിനുള്ള ശ്രമം തുടങ്ങിയെന്നും അന്വേഷണം പുരോഗമിക്കുന്നതായും പഞ്ചാബ് ഡിജിപി ഗൗരവ് യാദവ് പറഞ്ഞു. പഞ്ചാബ് പൊലീസും യുപി പൊലീസും സംയുക്തമായ മികച്ചൊരു നീക്കമാണ് നടത്തിയതെന്ന് ഉത്തർപ്രദേശ് ഡിജിപി പ്രശാന്ത് കുമാർ ദേശീയ മാധ്യമങ്ങളോട് പറഞ്ഞു.
അടുത്തിടെ പഞ്ചാബിലെ മൂന്ന് പൊലീസ് സ്റ്റേഷനുകൾക്ക് നേരെ ആക്രമണം നടന്നിരുന്നു. ഇതിന് പിന്നിൽ പങ്കുണ്ടെന്ന് കരുതുന്നവരെയാണ് പൊലീസ് വെടിവെച്ചു കൊന്നത്. വെള്ളിയാഴ്ച ഗുരുദാസ്പൂരിലെ ബംഗാർ പൊലീസ് പോസ്റ്റിന് നേരെ ഗ്രനേഡ് ആക്രമണമുണ്ടായപ്പോൾ, ചൊവ്വാഴ്ച അമൃത്‌സറിലെ ഇസ്ലാമാബാദ് പൊലീസ് സ്റ്റേഷനിൽ സ്‌ഫോടനമുണ്ടായി. പിന്നാലെ ബക്ഷിവാൾ പൊലീസ് പോസ്റ്റിന് പുറത്തും സ്‌ഫോടനം ഉണ്ടായി. ഈ സ്‌ഫോടനങ്ങളിൽ ആർക്കും പരുക്കേറ്റിരുന്നില്ല.
സ്‌ഫോടനത്തിൻ്റെ ഉത്തരവാദിത്തം തങ്ങൾക്കാണെന്ന് തീവ്രവാദ സംഘടനയായ ഖലിസ്ഥാൻ സിന്ദാബാദ് ഫോഴ്‌സ് സോഷ്യൽ മീഡിയയിലൂടെ അവകാശപ്പെട്ടിരുന്നു. ആക്രമണം നടത്തിയ ശേഷം ഗുരുദാസ്പൂരിൽ നിന്ന് 750 കിലോമീറ്റർ അകലെയുള്ള പിലിഭിത്തിലാണ് അക്രമികൾ ഒളിവിൽ കഴിഞ്ഞിരുന്നത്.
ALSO READ: ഥപ്പട്! പൂനെയിൽ ബസിൽ ശല്യം ചെയ്തയാളെ 26 തവണ കരണത്തടിച്ച് യുവതി, വീഡിയോ വൈറൽ