അരിസോണ ഫീനിക്സിലെ റിപ്പബ്ലിക്കൻ കോൺഫറൻസിലായിരുന്നു ട്രംപിൻ്റെ പ്രതികരണം
യുഎസ് തെരഞ്ഞെടുപ്പിന് പിന്നാലെ അമേരിക്കൻ നിയുക്ത പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപും, ശതകോടീശ്വരനും ടെസ്ല ഉടമയുമായ ഇലോൺ മസ്കും തമ്മിലുള്ള ബന്ധം ലോകം മുഴുവൻ കണ്ടതാണ്. വരാനിരിക്കുന്ന ട്രംപ് ഭരണകൂടത്തിൽ ഏറ്റവുമധികം സ്വാധീനം ചെലുത്തിയ വ്യക്തി കൂടിയാണ് മസ്ക്. എന്നാൽ മസ്കിന് അമേരിക്കൻ പ്രസിഡൻ്റ് എന്ന പദവിയിലെത്താൻ കഴിയുമോ? ഇല്ലെന്നാണ് ട്രംപ് നൽകുന്ന ഉത്തരം. അരിസോണ ഫീനിക്സിലെ റിപ്പബ്ലിക്കൻ കോൺഫറൻസിലായിരുന്നു ട്രംപിൻ്റെ പ്രതികരണം.
മസ്കിന് പ്രസിഡൻ്റ് സ്ഥാനത്തെത്താൻ യുഎസ് നിയമങ്ങൾ വിലങ്ങുതടിയായേക്കുമെന്നാണ് ഡൊണാൾഡ് ട്രംപ് പറയുന്നത്. ഇലോൺ മസ്ക് ഒരിക്കലും യുഎസ് പ്രസിഡൻ്റാകില്ല. എന്തുകൊണ്ടെന്നാൽ അദ്ദേഹം ജനിച്ചത് യുഎസിൽ അല്ല. സ്പൈസ് എക്സ് ഉടമ ജനിച്ചത് സൗത്താഫ്രിക്കയിലാണെന്നും, പ്രസിഡൻ്റ് സ്ഥാനത്തേക്കെത്തണമെങ്കിൽ യുഎസ് പൗരനായിരിക്കണമെന്നാണ് അമേരിക്കൻ ഭരണഘടന ആവശ്യപ്പെടുന്നതെന്നും ട്രംപ് വ്യക്തമാക്കി.
ഡൊണാൾഡ് ട്രംപ് ഭരണകൂടത്തിൽ വളരെയധികം സ്വാധീനം ചെലുത്തുന്ന മസ്കിന്, പ്രസിഡൻ്റ് എന്ന് വിളിച്ച് ഡെമോക്രാറ്റുകൾ വിമർശനം രേഖപ്പെടുത്തിയിരുന്നു. ഇതിന് മറുപടിയായാണ് മസ്ക് പ്രസിഡൻ്റ് സ്ഥാനത്തേക്കെത്തില്ലെന്ന് ട്രംപ് വ്യക്തമാക്കിയത്.
ALSO READ: ക്യാൻസറിന് വാക്സിനോ? റഷ്യയുടെ അവകാശവാദത്തെ തള്ളി ശാസ്ത്രലോകം...
യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വിജയം നേടിയ ശേഷവും മസ്കിനെ പുകഴ്ത്തിക്കൊണ്ട് ട്രംപ് രഗത്തെത്തിയിരുന്നു. സൂപ്പർ ജീനിയസ് എന്നായിരുന്നു മസ്കിനെ ട്രംപ് വിളിച്ചത്. ട്രംപിന്റെ വിജയത്തിൽ മസ്ക് വഹിച്ചിരുന്നനിർണായക പങ്ക് തന്നെയാണ് ഇതിന് കാരണം. മസ്ക് വളരെ നല്ല രീതിയിലാണ് ജോലി ചെയ്യുന്നതെന്നും, അദ്ദേഹത്തെ യുഎസ് കാര്യക്ഷമതയുടെ വകുപ്പിൻ്റെ(DOGE) തലവനാക്കുമെന്നും ട്രംപ് പറഞ്ഞു. ട്രംപ് ഭരണത്തിൽ മസ്കിന് വലിയ പ്രാധാന്യമുണ്ടാകുമെന്നതും വ്യക്തമാണ്.