ഒരു കളിക്കാരൻ നിരാശയോടെ ബാറ്റ് ശക്തമായി വീശുകയും പരസ്യ ബോർഡിന് കേടുപാടുകൾ വരുത്തുകയും ചെയ്യുമ്പോൾ ഈ കുറ്റകൃത്യത്തിന് കീഴിൽ അച്ചടക്കനടപടിക്ക് വിധേയനാകാം.
ഐപിഎൽ പെരുമാറ്റച്ചട്ടം ലംഘിച്ചതിന് പഞ്ചാബ് കിംഗ്‌സിന്റെ സ്റ്റാർ ഓൾറൗണ്ടർ ഗ്ലെൻ മാക്‌സ്‌വെല്ലിനെതിരെ അച്ചടക്ക നടപടിയുമായി ബിസിസിഐ. പഞ്ചാബ് കിങ്സിൻ്റെ ഹോം ഗ്രൌണ്ടായ ചണ്ഡീഗഡിലെ മുള്ളൻപൂരിൽ ചെന്നൈ സൂപ്പർ കിംഗ്‌സിനെതിരായ മത്സരത്തിനിടെയാണ് മാക്സ്‌വെൽ ലെവൽ 1 പ്രകാരമുള്ള പെരുമാറ്റച്ചട്ട ലംഘനം നടത്തിയതായി ബോർഡ് കണ്ടെത്തിയത്.
മത്സരത്തിനിടെ ഗ്രൌണ്ടിലെ വസ്തുവകകൾ നശിപ്പിക്കാൻ ശ്രമിച്ചുവെന്നതാണ് ഓസീസ് താരം നേരിടുന്ന ആരോപണം. ഐപിഎൽ അച്ചടക്ക നിയമത്തിലെ ആർട്ടിക്കിൾ 2.2 പ്രകാരമുള്ള ലെവൽ 1 കുറ്റകൃത്യമാണിത്. മാച്ച് റഫറി മുമ്പാകെ ഫിക്സ്ചറുകളുടെയും ഫിറ്റിംഗുകളുടെയും കേടുവരുത്തിയെന്ന് ഗ്ലെൻ മാക്സ്‌വെൽ സമ്മതിക്കുകയും ചെയ്തിട്ടുണ്ട്.
ആർട്ടിക്കിൾ 2.2 പ്രകാരം, പുറത്തായ ശേഷം ദേഷ്യത്തോടെ സ്റ്റംപുകളിൽ മനഃപ്പൂർവ്വമോ അല്ലാതെയോ അടിക്കുകയും ചവിട്ടുകയോ ചെയ്യൽ, പരസ്യ ബോർഡുകൾ, ബൌണ്ടറി വേലികൾ, ഡ്രസ്സിംഗ് റൂം വാതിലുകൾ, കണ്ണാടികൾ, ജനാലകൾ, മറ്റു ഫിക്‌ചറുകൾ, ഫിറ്റിംഗുകൾ എന്നിവയ്ക്ക് കേടുപാടുകൾ വരുത്തുന്ന ഏതൊരു പ്രവൃത്തിയും ലെവൽ 1 അച്ചടക്ക ലംഘനമാണ്. ഒരു കളിക്കാരൻ നിരാശയോടെ ബാറ്റ് ശക്തമായി വീശുകയും പരസ്യ ബോർഡിന് കേടുപാടുകൾ വരുത്തുകയും ചെയ്യുമ്പോൾ ഈ കുറ്റകൃത്യത്തിന് കീഴിൽ അച്ചടക്കനടപടിക്ക് വിധേയനാകാം.