സഹപാഠിയെ ആക്രമിക്കാന്‍ ആയുധവുമായി വിദ്യാര്‍ഥി സ്‌കൂളില്‍ എത്തുകയായിരുന്നു
പെന്‍സിലിന്റെ പേരില്‍ രണ്ട് മാസം മുമ്പുണ്ടായ തര്‍ക്കത്തില്‍ സഹപാഠിയെ കുത്തിപ്പരിക്കേല്‍പ്പിച്ച് എട്ടാം ക്ലാസ് വിദ്യാര്‍ഥി. തമിഴ്‌നാട് തിരുനെല്‍വേലി ജില്ലയിലുള്ള സ്‌കൂളിലാണ് സംഭവം. സ്‌കൂള്‍ കോമ്പൗണ്ടില്‍ വെച്ച് ഇന്ന് രാവിലെ പത്ത് മണിയോടെയാണ് വിദ്യാര്‍ഥി സഹപാഠിയെ കുത്തിയത്.
ഇതിനു ശേഷം വിദ്യാര്‍ഥി പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. വിദ്യാര്‍ഥികള്‍ തമ്മില്‍ നിരന്തരം തര്‍ക്കങ്ങളുണ്ടായിരുന്നുവെന്നാണ് സൂചന. സഹപാഠിയെ ആക്രമിക്കാന്‍ ആയുധവുമായി വിദ്യാര്‍ഥി സ്‌കൂളില്‍ എത്തുകയായിരുന്നു. ആക്രമണത്തിന് ഇരയായ വിദ്യാര്‍ഥിയുടെ തലയ്ക്കും കൈകള്‍ക്കും തോളിനുമാണ് പരിക്കേറ്റത്.
വിദ്യാര്‍ഥിയെ രക്ഷിക്കാന്‍ ശ്രമിച്ച അധ്യാപികയ്ക്കും പരിക്കേറ്റിട്ടുണ്ട്. ഇരുവരേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമണത്തിനു ശേഷം വിദ്യാര്‍ഥി കത്തിയുമായി ഇരുന്നൂറ് മീറ്റര്‍ ദൂരെയുള്ള പൊലീസ് സ്റ്റേഷനിലെത്തുകയായിരുന്നു.
വിവരം അറിഞ്ഞ് സ്‌കൂളില്‍ എത്തിയ തിരുനെല്‍വേലി ഈസ്റ്റ് ഡപ്യൂട്ടി കമ്മീഷണറും പാളയംകോട്ടൈ ഇന്‍സ്‌പെക്ടറും സ്ഥലത്തെത്തി. അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്. രണ്ട് മാസം മുമ്പ് പെന്‍സിലുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് പെട്ടന്നുള്ള പ്രകോപനത്തിന് കാരണമെങ്കിലും വിദ്യാര്‍ഥികള്‍ തമ്മില്‍ മറ്റെന്തെങ്കിലും പ്രശ്‌നമുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്.