പ്രധാനമന്ത്രിയും കെജ്‌രിവാളും അദാനിയെ കുറിച്ച് എന്തെങ്കിലും പറയുന്നത് നിങ്ങൾ എപ്പോഴെങ്കിലും കണ്ടിട്ടുണ്ടോ എന്നും രാഹുൽ ചോദിച്ചു
ആം ആദ്മി ദേശീയ കൺവീനർ അരവിന്ദ് കെജ്‌രിവാളിനെതിരെ വിമർശനവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. പ്രധാനമന്ത്രി മോദിയെയും അരവിന്ദ് കെജ്‌രിവാളിനെയും ഉപമിച്ചുകൊണ്ടായിരുന്നു രാഹുലിൻ്റെ വിമർശനം. മോദിയും കെജ്‌രിവാളും തെറ്റായ വാഗ്ദാനങ്ങൾ നൽകി ജനങ്ങളെ പറ്റിച്ചെന്ന് രാഹുൽ ആരോപിച്ചു. സീലംപൂരിലെ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു രാഹുൽ ഗാന്ധി.
പ്രധാനമന്ത്രി മോദിയും കെജ്‌രിവാളും പണപ്പെരുപ്പം കുറയ്ക്കുമെന്ന് വാഗ്ദാനം ചെയ്തിട്ടും പരാജയപ്പെട്ടെന്ന് രാഹുൽ പറയുന്നു. ഇന്ത്യയിലെ ദരിദ്രർ കൂടുതൽ ദരിദ്രരും, സമ്പന്നർ കൂടുതൽ സമ്പന്നരുമാകുകയാണ്. പിന്നാക്കക്കാർക്കും ന്യൂനപക്ഷങ്ങൾക്കും അർഹതപ്പെട്ട ആനുകൂല്യങ്ങൾ ലഭ്യമാക്കണമെന്ന് പ്രധാനമന്ത്രി മോദിയും കെജ്‌രിവാളും ആഗ്രഹിക്കുന്നില്ല. ജാതി സെൻസസിൽ അവർ നിശബ്ദരാണ്. ഡൽഹിയിൽ പാർട്ടി സർക്കാർ രൂപീകരിച്ചാൽ കോൺഗ്രസ് സംവരണ പരിധി ഉയർത്തുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
പ്രധാനമന്ത്രിയും കെജ്‌രിവാളും അദാനിയെ കുറിച്ച് എന്തെങ്കിലും പറയുന്നത് നിങ്ങൾ എപ്പോഴെങ്കിലും കണ്ടിട്ടുണ്ടോ എന്നും രാഹുൽ ചോദിച്ചു. ജാതി സെൻസസ് വിഷയത്തെ കുറിച്ച് ഇരുവരും സംസാരിക്കുന്നത് ഇതുവരെ കണ്ടിട്ടില്ല. ഞങ്ങൾക്ക് ശതകോടീശ്വരന്മാരുടെ രാജ്യം വേണ്ട. വിലക്കയറ്റം പിടിച്ച് നിർത്തുമെന്ന് പറഞ്ഞവർ എന്ത് ചെയ്തു? കെജ്‌രിവാളും പ്രധാനമന്ത്രി മോദിയും തമ്മിൽ ഒരു വ്യത്യാസവുമില്ലെന്നും ഇരുവരും തെറ്റായ വാഗ്ദാനങ്ങളാണ് നൽകുന്നതെന്നും രാഹുൽ വിമർശിച്ചു.
കഴിഞ്ഞ വർഷം ലോക്‌സഭാ തെരഞ്ഞെടുപ്പിനിടെ ഡൽഹിയിൽ കോൺഗ്രസും എഎപിയും കൈകോർത്തിരുന്നു. പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ ഇരു പാർട്ടികൾക്കും രാജ്യതലസ്ഥാനത്ത് ഒരു സീറ്റ് പോലും ലഭിച്ചിരുന്നില്ല. അന്നുമുതൽ ആരംഭിച്ച സംഘർഷം രൂക്ഷമായ സാഹചര്യത്തിലാണ് രാഹുൽ ഗാന്ധിയുടെ പരാമർശം.
എന്നാൽ രാജ്യത്തെ രക്ഷിക്കാൻ ശ്രമിക്കുന്ന തന്നെ രാഹുൽ ഗാന്ധി അധിക്ഷേപിച്ചുവെന്നായിരുന്നു വിമർശനങ്ങൾക്കുള്ള കെജ്‌രിവാളിൻ്റെ പ്രതികരണം. "രാഹുൽ ഗാന്ധി ഇന്ന് ഡൽഹിയിലെത്തി എന്നെ വളരെയധികം അധിക്ഷേപിച്ചു. എന്നാൽ അദ്ദേഹത്തിൻ്റെ പ്രസ്താവനകളെക്കുറിച്ച് ഞാൻ പ്രതികരിക്കുന്നില്ല. അദ്ദേഹത്തിൻ്റെ പോരാട്ടം കോൺഗ്രസിനെ രക്ഷിക്കാനാണ്, എൻ്റെ പോരാട്ടം രാജ്യത്തെ രക്ഷിക്കാനാണ്," കെജ്‌രിവാൾ എക്സിൽ കുറിച്ചു.