ചോദ്യപേപ്പർ ചോർച്ചക്ക് പിന്നിൽ നിഗൂഢ സംഘമുണ്ടെന്നാണ് രമേശ് ചെന്നിത്തലയുടെ ആരോപണം
ചോദ്യപേപ്പർ ചോർച്ചയിൽ വിദ്യാഭ്യാസ മന്ത്രിയുടെ പ്രതികരണത്തിന് മറുപടിയുമായി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. വി. ശിവൻകുട്ടിയെ വിദ്യാഭ്യാസ മന്ത്രിയാക്കിയ ആളെ മുക്കാലിയിൽ കെട്ടി അടിക്കണമെന്നായിരുന്നു ചെന്നിത്തലയുടെ പ്രതികരണം. ചോദ്യം ചോർന്നപ്പോൾ ഉത്തരം ചോർന്നില്ലലോ എന്ന വിദ്യാഭ്യാസ മന്ത്രിയുടെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് രമേശ് ചെന്നിത്തലയുടെ പരിഹാസം. ചോദ്യപേപ്പർ ചോർച്ച പ്രശ്നത്തിലെ ഡിസിസി ഓഫീസ് സത്യാഗ്രഹത്തിൽ സംസാരിക്കുകയായിരുന്നു നേതാവ്.
ചോദ്യപേപ്പർ ചോർച്ചക്ക് പിന്നിൽ നിഗൂഢ സംഘമുണ്ടെന്നാണ് രമേശ് ചെന്നിത്തലയുടെ ആരോപണം. കേസ് വൈകിപ്പിക്കാൻ ആണ് ക്രൈംബ്രാഞ്ചിനെ അന്വേഷണം ഏൽപ്പിച്ചത്. നന്നായി പഠിക്കുന്ന കുട്ടികളോടുള്ള ക്രൂരതയാണിതെന്നും ചെന്നിത്തല വിമർശിച്ചു.
ക്ഷേത്രത്തിൽ ഷർട്ട് ധരിച്ചു കയറുന്ന വിഷയത്തിലും രമേശ് ചെന്നിത്തല പ്രതികരിച്ചു. വിഷയത്തിൽ അഭിപ്രായം പറയാനില്ലെന്നായിരുന്നു രമേശ് ചെന്നിത്തലയുടെ പക്ഷം. അതാത് മത സമുദായിക സംഘടനകൾ ചർച്ച ചെയ്ത് തീരുമാനിക്കട്ടെ. ജമാഅത്തെ ഇസ്ലാമി ആസ്ഥാനത്ത് പോയ ആളാണ് മുഖ്യമന്ത്രിയെന്നും ജമാഅത്തെ ഇസ്ലാമി വർഗീയ സംഘടനയാണോയെന്ന സർട്ടിഫിക്കറ്റ് കൊടുക്കേണ്ട ആളല്ല താനെന്നും ചെന്നിത്തല പറഞ്ഞു.
മുഖ്യമന്ത്രി സ്ഥാനത്തെ കുറിച്ച് ചർച്ച ചെയ്യേണ്ട സമയമല്ല ഇതെന്നും നേതാവ് കൂട്ടിച്ചേർത്തു. തദ്ദേശ തെരഞ്ഞെടുപ്പ് ആണ് ഇപ്പോൾ വിഷയം. അതാണ് ചർച്ച ചെയ്യേണ്ടത്. കാര്യങ്ങളിൽ തീരുമാനം എടുക്കാൻ ഹൈക്കമാൻഡ് ഉൾപ്പെടെ ഉളളവർ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം സാമുദായിക സംഘടനാ വേദികളിൽ സജീവമാവുകയാണ് രമേശ് ചെന്നിത്തല. എൻഎസ്എസ് പരിപാടിക്ക് പിന്നാലെ ചെന്നിത്തല ഇന്ന് സമസ്ത വേദിയിലെത്തും. മലപ്പുറം പട്ടിക്കാട് ജാമിഅ നൂരിയ അറബിക് കോളേജ് വാർഷിക ചടങ്ങിലെ സെമിനാർ ഉദ്ഘാടനം ചെയ്യാനാണ് രമേശ് ചെന്നിത്തലയെത്തുക. എം.കെ. മുനീർ ആണ് ചടങ്ങിൻ്റെ അധ്യക്ഷൻ. സമസ്തയുടെ നിയന്ത്രണത്തിലുള്ള ജാമിയ നൂരിയയുടെ പ്രസിഡണ്ട് ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ആണ്. എൻഎസ്എസിനും, എസ്എൻഡിപിക്കും ശേഷം സമസ്തയും ചെന്നിത്തലയെ ഉദ്ഘാടകനായി ക്ഷണിച്ചത് ഏറെ രാഷ്ട്രീയ പ്രാധാന്യത്തോടെയാണ് വിലയിരുത്തപ്പെടുന്നത്.
എൻഎസ്എസ് വിവാദത്തിൽ രമേശ് ചെന്നിത്തലയെ പിന്തുണച്ചുകൊണ്ട് കെ. മുരളീധരനും രംഗത്തെത്തി. വിശിഷ്ടാതിഥിയായാണ് രമേശ് ചെന്നിത്തല എൻഎസ്എസിൻ്റെ പരിപാടിയിൽ പങ്കെടുത്തതെന്ന് കെ. മുരളീധരൻ പറഞ്ഞു. എല്ലാവർഷവും എൻഎസ്എസ് വിശിഷ്ടാതിഥികളെ പങ്കെടുപ്പിക്കാറുണ്ട്, അതിൽ ഏറ്റവും കൂടുതൽ പങ്കെടുക്കുന്നത് കോൺഗ്രസ് നേതാക്കളാണെന്നും ബിജെപിക്കാരും സിപിഎമ്മുകാരും അതിൽ പങ്കെടുക്കാറില്ലെന്നും കെ. മുരളീധരൻ പറഞ്ഞു.