'ഇന്ത്യന്‍ ജീവിതത്തിന്റെ യഥാര്‍ഥ ചിത്രമാണ് സിനിമ കാണിക്കുന്നത്. ഒരു ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് നേരെയുള്ള വെല്ലുവിളിയെയും അംഗീകരിക്കാന്‍ കഴിയില്ല'
എമ്പുരാനില്‍ സെന്‍സര്‍ ചെയ്ത് കളയേണ്ട ഒരു ഭാഗവും ഉണ്ടെന്ന് തോന്നിയില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. എമ്പുരാന്‍ കണ്ടതിന് ശേഷം മാധ്യമങ്ങളെ കണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എമ്പുരാന്‍ ഒരുപാട് ഇഷ്ടപ്പെട്ടുവെന്നും മോഹന്‍ലാലിനും പൃഥ്വിരാജിനും അനുമോദനങ്ങള്‍ അറിയിക്കുന്നുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
'സിനിമ വളരെ ഇഷ്ടപ്പെട്ടു. മോഹന്‍ലാലിനും പൃഥ്വിരാജിനും എന്റെ അഭിവാദ്യങ്ങള്‍, അനുമോദനങ്ങള്‍. ഇതില്‍ സെന്‍സര്‍ ചെയ്ത് മാറ്റേണ്ട ഒരു ഭാഗവും ഞാന്‍ കാണുന്നില്ല. ഇന്ത്യന്‍ ജീവിതത്തിന്റെ യഥാര്‍ഥ ചിത്രമാണ് സിനിമ കാണിക്കുന്നത്. ഒരു ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് നേരെയുള്ള വെല്ലുവിളിയെയും അംഗീകരിക്കാന്‍ കഴിയില്ല. അതുകൊണ്ട് തന്നെ ഒന്നും വെട്ടി മാറ്റപ്പെടേണ്ടതില്ല എന്നാണ് എന്റെ അഭിപ്രായം,' രമേശ് ചെന്നിത്തല പറഞ്ഞു.
വര്‍ഗീയതയ്‌ക്കെതിരെയുള്ള അതിശക്തമായ ഒരു പ്രമേയം തന്നെയാണ് ചിത്രം നല്‍കുന്നത്. മാത്രവുമല്ല, പ്രിയദര്‍ശിനിയുടെ വിജയം ഒത്തിരി സന്ദേശങ്ങള്‍ നല്‍കുന്നുണ്ട്. എല്ലാവരും കാണേണ്ട ചിത്രമാണ് എന്ന് തന്നെയാണ് അഭിപ്രായമെന്നും ചെന്നിത്തല പറഞ്ഞു.
ആവിഷ്‌കാര സ്വാതന്ത്ര്യത്തെ തകര്‍ക്കുന്ന ഒരു നടപടിയെയും ആര്‍ക്കും യോജിക്കാന്‍ കഴിയില്ല. എത്രയോ സിനിമകള്‍ ഉണ്ടായിട്ടുണ്ട്. ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് എന്ന ചിത്രം നിരോധിച്ചവരും എതിര്‍ത്തവരും ആരാണ് എന്ന് ജനങ്ങള്‍ക്ക് അറിയാവുന്നവരാണ്. ടിപി 52 വെട്ട് എന്ന ചിത്രം തിയേറ്ററുകള്‍ കൊടുക്കാതെ ബുദ്ധിമുട്ടിച്ചതും അറിയാവുന്ന കാര്യമാണ്. ആവിഷ്‌കാര സ്വാതന്ത്ര്യം ഏകപക്ഷീയമല്ല, എല്ലാവര്‍ക്കും ബാധകമായ കാര്യമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
'ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്' എന്ന ചിത്രം വന്നപ്പോള്‍ ഇനി മുരളി ഗോപിയുടെ ചിത്രം കാണില്ല എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ഏതായാലും അദ്ദേഹം വന്ന് പടം കണ്ടതില്‍ വലിയ സന്തോഷം ഉണ്ട്. മുരളി ഗോപിയെയും പ്രത്യേകം അഭിനന്ദിക്കുന്നു. അപ്പോള്‍ വര്‍ഗീയതയ്‌ക്കെതിരെയും നാടിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെയും പോരാടുന്നവര്‍ കണ്ടിരിക്കേണ്ട, അവര്‍ക്കെതിരെയുള്ള ശക്തമായ താക്കീതായി ഈ ചിത്രത്തെ കാണുന്നു എന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഈ സിനിമ എല്ലാവരും കാണണം. എല്ലാവരും പ്രോത്സാഹിപ്പിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.