രാജ്യത്തെ പണപ്പെരുപ്പം കുറഞ്ഞതും റിപ്പോ നിരക്ക് കുറയ്ക്കുന്നതിന് കാരണമായി
റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് വീണ്ടും കുറച്ചു. 0.25 ശതമാനമാണ് റിപ്പോ നിരക്ക് കുറച്ചത്. ഇതോടെ 6.25 ല്‍ നിന്ന് പലിശ നിരക്ക് 6 ലേക്കെത്തി. തുടര്‍ച്ചയായ രണ്ടാം തവണയാണ് ആര്‍ബിഐ റിപ്പോ റേറ്റ് കുറയ്ക്കുന്നത്. നേരത്തെ 6.5 ഉണ്ടായിരുന്ന റിപ്പോ നിരക്കില്‍ നിന്ന് 25 പോയിന്റ് കുറച്ച് 6.25 ആക്കിയിരുന്നു. ഇതാണ് വീണ്ടും കുറച്ചിരിക്കുന്നത്.
ആര്‍ബിഐ ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്രയുടെ നേതൃത്വത്തില്‍, ഏപ്രില്‍ ഏഴ് മുതല്‍ 9 വരെ നടന്ന ധനനയാവലോകന സമിതി യോഗത്തിലാണ് തീരുമാനം. രാജ്യത്തെ പണപ്പെരുപ്പം കുറഞ്ഞതും റിപ്പോ നിരക്ക് കുറയ്ക്കുന്നതിന് കാരണമായി.
യുഎസിലെ നികുതി വര്‍ധനവിനിടെ ഉയരുന്ന ആഗോള വ്യാപാര രംഗത്തുണ്ടാക്കുന്ന പ്രതിസന്ധികള്‍ക്കിടെയാണ് ആര്‍ബിഐയുടെ നീക്കം. നിരക്ക് കുറയ്ക്കുന്നത് ഭവന, വാഹന വ്യക്തിഗത വായ്പകള്‍ എന്നിവയുടെ പലിശ നിരക്ക് കുറയ്ക്കുന്നതിനും സഹായകരമാകും. വായ്പകളുടെ പ്രതിമാസ തിരിച്ചടവ് (EMI) കുറയുന്നതോടെ വായ്പാ ഇടപാടുകാര്‍ക്ക് ഓരോ മാസവും കൂടുതല്‍ വരുമാനത്തില്‍ മിച്ചം പിടിക്കാന്‍ സാധിക്കുമെന്നും കരുതുന്നുണ്ട്.
പുതിയ സാമ്പത്തിക വര്‍ഷത്തിലെ ഇന്ത്യയുടെ പ്രതീക്ഷിത ജിഡിപി വളര്‍ച്ചാനിരക്ക് 6.7 ശതമാനമാണെന്നും ആര്‍ബിഐ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇതും ആര്‍ബിഐ തിരുത്തി. ആഗോള സാമ്പത്തിക രംഗത്ത് പ്രതിസന്ധി സൃഷ്ടിക്കുന്ന തരത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വിവിധ രാജ്യങ്ങള്‍ക്കുള്ള താരിഫ് ഉയര്‍ത്തിയതോടെ ഇന്ത്യ നടപ്പുവര്‍ഷം പ്രതീക്ഷിച്ചിരുന്ന വളര്‍ച്ചാ നിരക്ക് 6.7ല്‍ നിന്ന് 6.5ലേക്ക് വെട്ടിക്കുറച്ചു.
2023 ഫെബ്രുവരിയിലും ആര്‍ബിഐ റിപ്പോ നിരക്കുകളില്‍ മാറ്റം വരുത്തിയിരുന്നു. മൂന്ന് ആര്‍ബിഐ അംഗങ്ങളും മൂന്ന് ബാഹ്യ അംഗങ്ങളും അടങ്ങുന്ന മോണിറ്ററി പോളിസി കമ്മിറ്റി, 2020 മെയ് മാസത്തിൽ റിപ്പോ നിരക്ക് കുറച്ചതിന് ശേഷം, രണ്ട് വർഷത്തോളം നിരക്കിൽ മാറ്റമില്ലാതെ തുടർന്നു. കോവിഡ് കാല പ്രതിസന്ധികള്‍ക്ക് പിന്നാലെയാണ് കഴിഞ്ഞ 11 മീറ്റിങ്ങുകളിലും ആര്‍ബിഐ റിപ്പോ നിരക്കില്‍ മാറ്റം വരുത്താതെ തുടർന്നത്.
എന്താണ് റിപ്പോ നിരക്ക്
വാണിജ്യ ബാങ്കുകള്‍ റിസര്‍വ് ബാങ്കില്‍ നിന്ന് എടുക്കുന്ന വായ്പകള്‍ക്ക് നല്‍കേണ്ട പലിശ നിരക്കാണ് റിപ്പോ. ഈ നിരക്കിലെ വ്യത്യാസത്തിന് അനുസരിച്ചാണ് വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ബാങ്കുകള്‍ നല്‍കുന്ന വായ്പകളുടെ പലിശ നിരക്ക് നിശ്ചയിക്കുന്നത്. അതിനാല്‍ റിപ്പോ നിരക്ക് കുറച്ചാല്‍ ബാങ്കുകളും പലിശ നിരക്ക് കുറയ്ക്കാന്‍ നിര്‍ബന്ധിതരാകും.