കൂലിപ്പട്ടാളത്തിൽ ചേർന്ന മറ്റുള്ളവരെ നാട്ടിലേക്ക് അയക്കാൻ തീരുമാനം ആയിട്ടും തങ്ങൾക്ക് മറ്റ് അറിയിപ്പുകൾ ലഭിച്ചിട്ടില്ലെന്നും മലയാളി യുവാക്കൾ പറഞ്ഞു
റഷ്യൻ കൂലിപ്പട്ടാളത്തിൽ ചേർന്ന രണ്ട് മലയാളികളുടെ മോചനം വൈകുന്നതായി പരാതി. തൃശൂർ സ്വദേശികളായ ബിനിൽ ബാബു, ജെയ്ൻ കുര്യൻ എന്നിവരുടെ ബന്ധുക്കളാണ് വീണ്ടും പരാതിയുമായി വിദേശകാര്യ മന്ത്രാലയത്തെ സമീപിച്ചത്. ഇരുവരും ഇപ്പോഴും യുക്രെയ്നിലെ യുദ്ധമുഖത്താണെന്നും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാൻ നടപടി വേണമെന്നുമാണ് ബന്ധുക്കളുടെ ആവശ്യം.
അപകടം നിറഞ്ഞ സ്ഥലത്താണ് നിലവിലുള്ളതെന്നും റഷ്യൻ പട്ടാളത്തിൽ നിന്നും വിടുതൽ ലഭിച്ചിട്ടില്ലെന്നും ജെയ്നും ബിനിലും ബന്ധുക്കളെ അറിയിച്ചു. കൂലിപ്പട്ടാളത്തിൽ ചേർന്ന മറ്റുള്ളവരെ നാട്ടിലേക്ക് അയക്കാൻ തീരുമാനം ആയിട്ടും തങ്ങൾക്ക് മറ്റ് അറിയിപ്പുകൾ ലഭിച്ചിട്ടില്ലെന്നും മലയാളി യുവാക്കൾ പറഞ്ഞു.
റഷ്യയില്‍ തൊഴില്‍ തട്ടിപ്പിനിരയായി മലയാളികൾ കുടുങ്ങികിടക്കുന്നെന്ന ന്യൂസ് മലയാളം വാർത്തക്ക് പിന്നാലെയാണ് ഇന്ത്യൻ എംബസിയും റഷ്യൻ ഗവൺമെൻ്റും മോചനത്തിനായുള്ള നടപടികൾ ആരംഭിച്ചത്. തൃശൂർ കൊരട്ടി സ്വദേശി സന്തോഷ് ഷൺമുഖൻ, എറണാകുളം കുറുമ്പശേരി സ്വദേശി റെനിൽ തോമസ്, കൊല്ലം മേയനൂർ സ്വദേശി സിബി, കുട്ടനെല്ലൂർ സ്വദേശി ബിനിൽ, മണലൂർ സ്വദേശി ജെയ്ൻ എന്നിവരാണ് റഷ്യയില്‍ കുടുങ്ങിക്കിടക്കുന്ന മലയാളികള്‍. ഇവരെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നതിനിടെയാണ് ബന്ധുക്കൾ പരാതിയുമായി രംഗത്തെത്തിയത്.
മോസ്കോയിൽ എത്തിയ 15 അംഗ സംഘത്തെ രണ്ട് ദിവസത്തിനുള്ളിൽ നാട്ടിലെത്തിക്കും. നാട്ടിലേക്ക് മടങ്ങുന്നവർക്ക് സൗജന്യ വിമാനടിക്കറ്റ് നൽകുമെന്ന് എംബസി അധികൃതർ അറിയിച്ചിട്ടുണ്ട്. അഞ്ച് മലയാളികൾ ഉൾപ്പടെയുള്ള 68 ഇന്ത്യക്കാരെ യുദ്ധമേഖകളില്‍ നിന്ന് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയിരുന്നു.