ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിൽ നായകനായ പന്ത് സ്വയം ഓപ്പണറായി പ്രമോട്ട് ചെയ്തിട്ടും മാജിക്കൊന്നും സംഭവിച്ചില്ലെന്നതാണ് വാസ്തവം
ടി20 ക്രിക്കറ്റ് പൂരമായ ഐപിഎൽ ആരംഭിച്ച് 18 വർഷങ്ങളായി. ലഖ്നൌ സൂപ്പർ ജയൻ്റ്സ് നായകൻ റിഷഭ് പന്തിനോളം പ്രതിഫലം പറ്റുന്ന മറ്റൊരാൾ ഐപിഎൽ ചരിത്രത്തിൽ മുമ്പുണ്ടായിട്ടില്ല. എന്നിട്ടും വിഷുപ്പടക്കം പോലെ പൊട്ടിച്ചീറ്റുകയാണ് അയാളുടെ പ്രകടനങ്ങൾ.
ഈ സീസണിൽ ആറ് മത്സരങ്ങൾക്കായി കളത്തിലിറങ്ങിയിട്ടും 21ന് മുകളിലേക്കൊരു പ്രകടനം നടത്താൻ അയാൾക്കായിട്ടില്ല. വെറും 40 റൺസ് മാത്രമാണ് അയാളുടെ ബാറ്റിൽ നിന്ന് ഇതുവരെ പിറന്നത്. ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിൽ നായകനായ പന്ത് സ്വയം ഓപ്പണറായി പ്രമോട്ട് ചെയ്തിട്ടും മാജിക്കൊന്നും സംഭവിച്ചില്ലെന്നതാണ് വാസ്തവം.
ഗുജറാത്തിനെതിരെ 18 പന്തുകളിൽ നിന്ന് 21 റൺസാണ് പന്തിന് നേടാനായത്. എയ്ഡൻ മാർക്രമിനൊപ്പം തുടങ്ങിവെച്ച ഇന്നിങ്സിന് ഒച്ചിഴയും വേഗമായിരുന്നു. ഒരറ്റത്ത് മാർക്രം തകർത്തടിക്കുമ്പോഴും പന്തിന് ബാറ്റ് തീ തുപ്പാൻ മടിച്ചുനിന്നു. നാല് ഫോറുകൾ സഹിതമാണ് റിഷഭ് പന്ത് 21 റൺസിലെത്തിയത്. ഇതിനിടയിൽ രണ്ട് തവണ ഗുജറാത്ത് താരങ്ങൾ പന്തിൻ്റെ ക്യാച്ച് നഷ്ടപ്പെടുത്തുകയും ചെയ്തിരുന്നു.
അതേസമയം, പന്തിൻ്റെ മോശം ബാറ്റിങ്ങിനെതിരെ രൂക്ഷവിമർശനങ്ങളാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. പിആർ വർക്കിൻ്റേയും സിംപതിയുടേയും ബലത്തിൽ കോടികൾ വാങ്ങിക്കുന്ന താരം ഗ്രൌണ്ടിൽ കാണിക്കുന്നത് കൊടിയ വഞ്ചനയാണെന്നാണ് ഒരു വിഭാഗം ക്രിക്കറ്റ് ഫാൻസ് വിമർശിക്കുന്നത്.
പണ്ട് തുടരൻ തോൽവികളുടെ പേരിൽ കെ.എൽ. രാഹുലിനെ വിമർശിച്ച ലഖ്നൌ ഉടമ സഞ്ജീവ് ഗോയലിൻ്റെ ചിത്രം ഉൾപ്പെടുത്തി പന്തിനെതിരെ നിരവധി ട്രോളുകളും എക്സിലും ഫേസ്ബുക്കിലുമെല്ലാം പ്രചരിക്കുന്നുണ്ട്.
ഇങ്ങനെ കളിക്കാൻ പന്തിന് 27 കോടി കൊടുക്കുകയാണെങ്കിൽ.. നിക്കൊളാസ് പൂരന് 35 കോടി കൊടുക്കേണ്ടി വരുമെന്നാണ് മറ്റൊരാളുടെ വിമർശനം.