'ടീം ഛത്രപതി' എന്ന സംഘമാണ് ഗാനമേളയുടെ സ്പോൺസർമാർ
കൊല്ലത്ത് ഉത്സവത്തോടനുബന്ധിച്ചുള്ള ഗാനമേളയിൽ ആർഎസ്എസിന്റെ ഗണഗീതം പാടിയെന്ന് പരാതി. കോട്ടുക്കൽ മഞ്ഞിപ്പുഴ ശ്രീ ഭഗവതി ഭദ്രകാളി ക്ഷേത്രത്തിലാണ് ഗണഗീതം പാടിയത്. കോട്ടുക്കൽ സ്വദേശി അഖിലാണ് പരാതി നൽകിയത്.
ശനിയാഴ്ച രാത്രി ക്ഷേത്രോത്സവത്തിന്റെ ഭാഗമായി 'നാഗർകോവിൽ നൈറ്റ് ബേഡ്സ്' എന്ന ഗായക സംഘത്തിന്റെ ഗാനമേളയിലാണ് ഗണഗീതം പാടിയത്. ടീം ഛത്രപതി എന്ന ഗ്രൂപ്പാണ് ഗാനമേളയുടെ സ്പോൺസർമാർ. ഗാനമേള ബുക്ക് ചെയ്ത സമയത്ത് തന്നെ ആർഎസ്എസിന്റെ രണ്ട് ഗാനങ്ങൾ പാടണമെന്ന് സ്പോൺസർമാർ ആവശ്യപ്പെട്ടുവെന്നാണ് ഗാനമേള സംഘം പറയുന്നത്. അതിൽ ഒരു ഗാനമേ തങ്ങൾക്ക് അറിയുള്ളുവെന്നും അത് പാടാമെന്ന് ഉറപ്പ് നൽകിയെന്നുമാണ് ഇവർ പറയുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ക്ഷേത്രത്തിൽ ഗണഗീതം പാടിയത്. സംഭവത്തിൽ കോട്ടുക്കൽ സ്വദേശിയും ക്ഷേത്രോപദേശക സമിതി അംഗവുമായി അഖിലിന്റെ പരാതിയിൽ കടയ്ക്കൽ പൊലീസ് ഇയാളുടെ മൊഴി രേഖപ്പെടുത്തി.
മുൻപ് കടയ്ക്കൽ ക്ഷേത്രത്തിലെ വിപ്ലവഗാന വിവാദത്തിൽ ക്ഷേത്ര ഉപദേശക സമിതിയെ ഹൈക്കോടതി രൂക്ഷമായി വിമർശിച്ചിരുന്നു.ക്ഷേത്രത്തില്‍ വിപ്ലവഗാനം പാടിയത് ലാഘവത്തോടെ കാണാനാകില്ലെന്നും അമ്പല പറമ്പിൽ നടന്നത് അനുവദിക്കാനാവാത്ത കാര്യങ്ങളാണെന്നുമായിരുന്നു കോടതിയുടെ വിമർശനം. ഗാനമേളയ്ക്ക് എത്ര തുക ചെലവഴിച്ചുവെന്നും, എങ്ങനെയാണ് പിരിച്ചത് എന്നറിയിക്കണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നു. പൊലീസ് കേസെടുക്കേണ്ടതായിരുന്നു എന്നും അറിയിച്ചു. ഇതിനു പിന്നാലെ, ഗായകൻ അലോഷി ആദത്തിനെതിരെ പൊലീസ് കേസെടുത്തു. ക്ഷേത്ര ഉപദേശക സമിതിയിലെ രണ്ട് പേരെയും ഈ കേസിൽ പ്രതി ചേർത്തിട്ടുണ്ട്.