ഫെൻസിംഗ് തകർത്താണ് കാട്ടാന എത്തിയതെന്നും, മുന്നറിയിപ്പ് സംവിധാനം പ്രവർത്തിച്ചിരുന്നു എന്നും ഡിഎഫ്ഒയുടെ റിപ്പോർട്ടിൽ പറയുന്നു
പാലക്കാട് മുണ്ടൂരിലെ കാട്ടാന ആക്രമണത്തിൽ വ്യത്യസ്ത റിപ്പോർട്ടുകളുമായി ഡിഎഫ്ഒയും, കളക്ടറും. വനം വകുപ്പിന് വിഴ്ച പറ്റിയിട്ടില്ലെന്നാണ് പാലക്കാട് ഡിഎഫ്ഒയുടെ റിപ്പോർട്ട്. ഫെൻസിംഗ് തകർത്താണ് കാട്ടാന എത്തിയതെന്നും, മുന്നറിയിപ്പ് സംവിധാനം പ്രവർത്തിച്ചിരുന്നു എന്നും ഡിഎഫ്ഒയുടെ റിപ്പോർട്ടിൽ പറയുന്നു.
എന്നാൽ വനം വകുപ്പിന് വീഴ്ച ഉണ്ടായി എന്ന റിപ്പോർട്ടാണ് കളക്ടർ സമർപ്പിച്ചത്. മുന്നറിയിപ്പ് കിട്ടിയില്ലെന്ന് നാട്ടുകാർ പറഞ്ഞതായി കളക്ടറുടെ റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വ്യത്യസ്ത റിപ്പോർട്ട് സമർപ്പിച്ചതിൻ്റെ അടിസ്ഥാനത്തിൽ പാലക്കാട് ഡിഎഫ്ഒയോട് വിശദീകരണം തേടും. അതേസമയം, മുന്നറിയിപ്പ് നൽകാത്ത ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് പ്രദേശവാസികൾ പ്രതിഷേധം ശക്തമാക്കിയിട്ടുണ്ട്.
കഴിഞ്ഞ ദിവസമായിരുന്നു മുണ്ടൂരിലെ അലൻ കാട്ടാനയാക്രമണത്തിൽ കൊല്ലപ്പെട്ടത്. രാത്രി എട്ടു മണിയോടെ അലനെയും അമ്മ വിജിയെയും കാട്ടാന ആക്രമിക്കുകയായിരുന്നു. വൈകീട്ട് കടയില്‍ നിന്നും സാധനങ്ങള്‍ വാങ്ങി തിരികെ വീട്ടിലേക്ക് മടങ്ങും വഴി കണ്ണാടന്‍ചോലയ്ക്ക് സമീപമായിരുന്നു സംഭവം.
മുന്നില്‍പെട്ട അലനെ ആന തുമ്പിക്കൈകൊണ്ട് തട്ടി കാല്‍കൊണ്ട് തൊഴിക്കുകയായിരുന്നു. അലൻ്റെ മരണകാരണം നെഞ്ചിനേറ്റ ഗുരുതര പരിക്കാണ് എന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിൽ പറയുന്നത്. അലന്റെ നെഞ്ചില്‍ ആനക്കൊമ്പ് കുത്തിക്കയറിയതായും വാരിയെല്ലുകള്‍ തകര്‍ന്നതായും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. കാട്ടാന ആക്രമണത്തില്‍ ആന്തരിക രക്തസ്രാവമുണ്ടായി. അലന്റെ കൈക്കും കാലിനും പരിക്കേറ്റതായും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഗുരുതര പരിക്കേറ്റ അലൻ്റെ അമ്മ വിജിയെ വിദഗ്ധ ചികിത്സക്കായി തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിട്ടാണ് ഉള്ളത്.