കുർസ്ക് പ്രവിശ്യയിൽ നിന്നും പിടികൂടിയ റഷ്യൻ പൗരൻമാരെയാണ് കൈമാറിയതെന്ന് റഷ്യൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു
യുഎഇയുടെ മധ്യസ്ഥതയിൽ 115 തടവുകാരെ വീതം കൈമാറി റഷ്യയും യുക്രയ്നും. റഷ്യയുടെ കുർസ്കിൽ യുക്രയ്ൻ ആക്രമണം നടത്തിയ ശേഷമുള്ള ആദ്യ കൈമാറ്റം ആണിത്. ഓഗസ്റ്റ് 6 നായിരുന്നു റഷ്യയ്ക്ക് അതിശക്തമായ ആക്രമണം യുക്രെയ്ൻ നടത്തിയത്.
കുർസ്ക് പ്രവിശ്യയിൽ നിന്നും പിടികൂടിയ റഷ്യൻ പൗരൻമാരെയാണ് കൈമാറിയതെന്ന് റഷ്യൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. തടവുകാരെ കൈമാറുന്നതിൽ മധ്യസ്ഥത വഹിച്ച യുഎഇയോട് റഷ്യ നന്ദി അറിയിച്ചു.
നിലവിൽ ബെലാറസിലുള്ള റഷ്യൻ തടവുകാരെ റഷ്യയിലെത്തിയ ശേഷം ആവശ്യമായ ചികിത്സ ലഭ്യമാക്കുകയും പുനരധിവാസ കേന്ദ്രങ്ങളിലേക്ക് മാറ്റുകയും ചെയ്യും.
അതേസമയം, വിട്ടയക്കപ്പെട്ട തടവുകാർ യുക്രയ്നിയൻ പതാക പുതച്ച് ഒരുമിച്ച് നിൽക്കുന്ന ചിത്രം യുക്രെയ്നിയൻ പ്രസിഡൻ്റ് വ്ളോദിമിർ സെലെൻസ്കി പങ്ക് വെച്ചു. അതിർത്തി സംരക്ഷണ സേന, നേവി, കരസേന വിഭാഗങ്ങളിൽ നിന്നുള്ളവരെയാണ് വിട്ടയച്ചതെന്നും സെലൻസ്കി പറഞ്ഞു.
ഇത്തരത്തിലുള്ള ഏഴാമത് കൈമാറ്റത്തിനാണ് യുഎഇ ഇതുവരെ മധ്യസ്ഥത വഹിച്ചിട്ടുള്ളത്.