തീർഥാടകരുടെ തിരക്ക് വർധന പ്രതീക്ഷിക്കുന്നുണ്ടെന്നും, എത്തുന്ന മുഴുവൻ തീർഥാടകർക്കും സുഖദർശനം സാധ്യമാകുമെന്നും ശബരിമല എക്സിക്യൂട്ടീവ് ഓഫീസർ പറഞ്ഞു
ശബരിമലയിൽ മകരവിളക്ക് തീർഥാടനത്തിനായി ഇന്ന് നട തുറക്കും. മകരവിളക്ക് തീർഥാടനത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി ദേവസ്വം ബോർഡ് അറിയിച്ചു. തീർഥാടകരുടെ തിരക്ക് വർധന പ്രതീക്ഷിക്കുന്നുണ്ടെന്നും, എത്തുന്ന മുഴുവൻ തീർഥാടകർക്കും സുഖദർശനം സാധ്യമാകുമെന്നും ശബരിമല എക്സിക്യൂട്ടീവ് ഓഫീസർ പറഞ്ഞു.
മകരവിളക്ക് തീർഥാടനത്തിനുള്ള ഒരുക്കങ്ങൾ എല്ലാം പൂർത്തിയായി. നിലവിൽ വെർച്വൽ ക്യൂ വഴി 70,000 തീർഥാടകർക്കാണ് പ്രതിദിനം പ്രവേശനം. സ്പോട്ട് ബുക്കിംഗ് സംഖ്യയിൽ നിയന്ത്രണം ഇല്ല. സ്പോട്ട് ബുക്കിംഗ് കേന്ദ്രങ്ങളുടെ എണ്ണം വർദ്ധിപ്പിച്ചിട്ടുണ്ട്. തീർഥാടകരുടെ വർദ്ധനവ് പ്രതീക്ഷിച്ചുള്ള തയ്യാറെടുപ്പുകളാണ് ശബരിമലയിൽ പൂർത്തിയാക്കിയിട്ടുള്ളതെന്ന് എക്സിക്യൂട്ടീവ് ഓഫീസർ പറഞ്ഞു.
മകരവിളക്ക് തീർഥാടനത്തിനായി ഇന്ന് വൈകിട്ട് അഞ്ചുമണിക്ക് ക്ഷേത്ര നട തുറക്കും. തന്ത്രിയുടെ സാന്നിധ്യത്തിൽ മേൽശാന്തി നട തുറന്ന് ദീപങ്ങൾ തെളിയിക്കും. തുടർന്ന് ആഴിയിൽ അഗ്നി പകർന്നതിനുശേഷം തീർഥാടകരെ പ്രവേശിപ്പിച്ചു തുടങ്ങും. ജനുവരി 14നാണ് മകരവിളക്ക്. 19 വരെ തീർഥാടകർക്ക് ദർശനം നടത്താം. 20ന് രാവിലെ പന്തളം രാജാവിന് മാത്രമാണ് ദർശനം. പന്തളം രാജാവ് ദർശനം നടത്തിയ ശേഷം ക്ഷേത്ര നട അടക്കും. അതോടെ മണ്ഡല മകരവിളക്ക് തീർഥാടനത്തിന് സമാപനമാവും.