എന്‍സിപി നേതാവും സല്‍മാന്‍ ഖാന്‍റെ അടുത്ത സുഹൃത്തുമായ ബാബ സിദ്ദിഖിയുടെ മരണത്തിന്‍റെ ഉത്തരവാദിത്വം ബിഷ്ണോയി ഗ്യാങ് ഏറ്റെടുത്തതിന് പിന്നാലെയാണ് സോമി അലി ഗുണ്ടാത്തലവനെ സൂം കോളിനായി സമൂഹമാധ്യമങ്ങളിലൂടെ ക്ഷണിച്ചത്.
ഗുജറാത്തിലെ സബര്‍മതി ജയിലില്‍ കഴിയുന്ന ഗുണ്ടാനേതാവ് ലോറന്‍സ് ബിഷ്ണോയിയെ സൂം കോളിന് ക്ഷണിച്ച് നടിയും സല്‍മാന്‍ ഖാന്‍റെ മുന്‍ കാമുകിയുമായ സോമി അലി. മുന്‍ മഹാരാഷ്ട്ര മന്ത്രിയും എന്‍സിപി നേതാവും സല്‍മാന്‍ ഖാന്‍റെ അടുത്ത സുഹൃത്തുമായ ബാബ സിദ്ദിഖിയുടെ മരണത്തിന്‍റെ ഉത്തരവാദിത്തം ബിഷ്ണോയി ഗ്യാങ് ഏറ്റെടുത്തതിന് പിന്നാലെയാണ് സോമി അലി ഗുണ്ടാത്തലവനെ സൂം കോളിനായി സമൂഹമാധ്യമങ്ങളിലൂടെ ക്ഷണിച്ചത്.
നമസ്തേ, ലോറൻസ് ഭായ്
"നിങ്ങൾ ജയിലിൽ നിന്ന് പോലും സൂം കോളുകൾ ചെയ്യുന്നുവെന്ന് ഞാൻ കേട്ടിട്ടുണ്ട്, കണ്ടിട്ടുണ്ട്. അതിനാൽ എനിക്ക് നിങ്ങളോട് കുറച്ച് കാര്യങ്ങൾ സംസാരിക്കണം. അത് എങ്ങനെ ചെയ്യാമെന്ന് ദയവായി എന്നോട് പറയൂ. രാജസ്ഥാൻ ലോകത്തിലെ ഏറ്റവും പ്രിയപ്പെട്ട സ്ഥലമാണ്. എനിക്ക് നിങ്ങളുടെ ക്ഷേത്രത്തിലെത്തി പ്രാര്‍ഥിക്കണം പക്ഷെ അതിന് മുന്‍പ് എനിക്ക് താങ്കളെ സൂം കോളില്‍ കാണണം. ഇത് നിങ്ങളുടെ നല്ലതിന് വേണ്ടിയാണ്. എന്നെ വിശ്വസിക്കൂ, ദയവായി എനിക്ക് നിങ്ങളുടെ മൊബൈൽ നമ്പർ തരൂ, ഞാൻ നന്ദിയുള്ളവളായിരക്കും " - എന്നാണ് സോമി അലിയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്.
1990-കളില്‍ പ്രണയത്തിലായിരുന്ന സല്‍മാനും സോമി അലിയും പിന്നീട് വേര്‍പിരിഞ്ഞു. സല്‍മാനെതിരെ ഗാര്‍ഹിക പീഡനാരോപണവുമായും നടി രംഗത്തെത്തിയിരുന്നു.എന്നാല്‍ താരം ഇത് നിഷേധിച്ചിരുന്നു.
സൽമാൻ ഖാനെ വധിക്കാനുള്ള ഗൂഢാലോചനയുമായി ബന്ധപ്പെട്ട് ലോറൻസ് ബിഷ്‌ണോയി സംഘത്തിലെ സുഖ് എന്ന സുഖ്ബീർ ബൽബീർ സിങ്ങിനെ നവി മുംബൈ പൊലീസ് ഇന്ന് അറസ്റ്റ് ചെയ്തു. ഹരിയാനയിലെ പാനിപ്പത്തിൽ പൻവേൽ ടൗൺ പൊലീസ് സംഘമാണ് സുഖയെ പിടികൂടിയത്.
പൊലീസ് വൃത്തങ്ങൾ പറയുന്നതനുസരിച്ച്, പാകിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ദോഗര്‍ എന്ന ഹാൻഡ്‌ലറുമായി ഇയാൾ ബന്ധപ്പെട്ടിരുന്നു. സല്‍മാനെ വധിക്കാനുള്ള പദ്ധതിയില്‍ എകെ 47, എം 16, എകെ 92 എന്നിവയുൾപ്പെടെ അത്യാധുനിക ആയുധങ്ങൾ ഉപയോഗിച്ചതായി റിപ്പോർട്ടുണ്ട്. ബാബ സിദ്ദിഖിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് സുഖയെ ചോദ്യം ചെയ്യാൻ മുംബൈ പൊലീസ് തയാറെടുക്കുകയാണ്.