ഇത്തരമൊരു അപകടത്തിൽ എത്ര പേർ മരിച്ചെന്ന് കണ്ടെത്താൻ യോഗി ആദിത്യനാഥ് നയിക്കുന്ന ബിജെപി സർക്കാരിന് കഴിയുന്നില്ലെന്നും അഖിലേഷ് യാദവ് വിമർശിച്ചു
മഹാകുംഭ മേളയിൽ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ യഥാർഥ കണക്കുകൾ പുറത്തുവിടാൻ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ വെല്ലുവിളിച്ച് സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്. കുംഭമേള നടക്കുന്നയിടത്ത് ഉറ്റബന്ധുക്കളെ കാണാതെ നിരവധി പേർ ഇപ്പോഴും കിലോമീറ്ററുകളോളം അലഞ്ഞുനടക്കുകയാണ്. ത്രിവേണി സംഗമത്തിൽ പുണ്യസ്നാനം നടത്തിയവരുടെ കണക്കുകൾ സംസ്ഥാന സർക്കാർ ദിവസവും നൽകുന്നുണ്ട്. എന്നാൽ ഇത്തരമൊരു അപകടത്തിൽ എത്ര പേർ മരിച്ചെന്ന് കണ്ടെത്താൻ യോഗി ആദിത്യനാഥ് നയിക്കുന്ന ബിജെപി സർക്കാരിന് കഴിയുന്നില്ലെന്നും അഖിലേഷ് യാദവ് വിമർശിച്ചു.
“മഹാകുംഭ മേളയുടെ സമയത്ത് ത്രിവേണി സംഗമത്തിൽ ആദ്യ ദിവസം മുതൽ എത്ര പേർ പുണ്യസ്നാനം നടത്തിയെന്നതിൻ്റെ കണക്കുകൾ സംസ്ഥാന സർക്കാർ ദിവസവും നൽകുന്നുണ്ട്. ഇത്തരമൊരു ദുരന്തം മുമ്പ് സംഭവിച്ചിട്ടില്ലാത്തതാണ്. എത്ര പേർക്ക് ജീവൻ നഷ്ടപ്പെട്ടുവെന്ന് പറയാൻ അവർക്ക് കഴിയുന്നില്ല. മരിച്ചവരുടെ എണ്ണം 30 ആണെന്ന് സർക്കാർ പറയുന്നത് തെറ്റാണ്," അഖിലേഷ് യാദവ് പറഞ്ഞു.
"കുംഭമേള നടക്കുന്നയിടത്ത് ഉറ്റബന്ധുക്കളെ കാണാതെ നിരവധി പേർ ഇപ്പോഴും കിലോമീറ്ററുകളോളം അലഞ്ഞുനടക്കുകയാണ്. അവരോട് കൃത്യമായ കണക്കുകൾ വെളിപ്പെടുത്താൻ യോഗി സർക്കാർ ബാധ്യസ്ഥരാണ്. സത്യത്തിൻ്റെ പാതയിൽ സഞ്ചരിക്കുന്നവനാണ് യഥാർത്ഥ യോഗി. സത്യം മറച്ചുവെക്കുന്നയാൾക്ക് ഒരിക്കലും യഥാർത്ഥ യോഗി ആയിരിക്കാൻ കഴിയില്ല," മുൻ മുഖ്യമന്ത്രി കൂടിയായ അഖിലേഷ് യാദവ് പറഞ്ഞു.