ജബൽപൂരിൽ മലയാളി വൈദികരായ ഫാദർ ഡേവിസ്, ഫാദർ ജോർജജ് എന്നിവരും മലയാളി തീർഥാടകരുമാണ് ഒരു പ്രകോപനവുമില്ലാതെ ആക്രമണത്തിന് വിധേയരാകേണ്ടി വന്നത്.
മധ്യപ്രദേശിലെ ജബൽപൂരിൽ പൊലീസ് സ്റ്റേഷനിലും പൊലീസ് സാന്നിധ്യത്തിലും വൈദികർ ആക്രമിക്കപ്പെട്ടതായി ആരോപിച്ച് ഷാഫി പറമ്പിൽ എംപി. ജബൽപൂരിൽ മലയാളി വൈദികരായ ഫാദർ ഡേവിസ്, ഫാദർ ജോർജജ് എന്നിവരും മലയാളി തീർഥാടകരുമാണ് ഒരു പ്രകോപനവുമില്ലാതെ ആക്രമണത്തിന് വിധേയരാകേണ്ടി വന്നതെന്ന് എംപി ആരോപിച്ചു. ഇവർ മതപരിവർത്തനം നടത്താൻ ശ്രമിച്ചെന്ന് ആരോപിച്ചായിരുന്നു ആക്രമണം നടത്തിയത്.
സംഘപരിവാർ അനുയായികൾ വൈദികരെ ആക്രമിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യങ്ങളിൽ പങ്കുവെച്ചായിരുന്നു എംപി പ്രതിഷേധമറിയിച്ചത്. മധ്യപ്രദേശിലെ ബിജെപി സർക്കാരിൻ്റെ പൊലീസ് സാന്നിധ്യത്തിലുള്ള സംഘപരിവാറിൻ്റെ ക്രൈസ്തവ സ്നേഹം എല്ലാവരും കാണുന്നില്ലേയെന്നും ഷാഫി ചോദിച്ചു.
ജയ് ശ്രീറാം വിളിച്ചെത്തിയ സംഘം മർദിച്ചുവെന്നും അസഭ്യം പറഞ്ഞുവെന്നും മലയാളി വൈദികരായ ഫാദർ ഡേവിസ് ജോർജും ഫാദർ ജോർജും പറഞ്ഞു. വിഎച്ച്പിയുടെ നേതൃത്വത്തിൽ പൊലീസ് സ്റ്റേഷനിൽ നടത്തിയത് ഗുണ്ടായിസമാണെന്നും ശക്തമായ നടപടിയെടുക്കുമെന്നാണ് പ്രതീക്ഷയെന്നും വൈദികർ പറഞ്ഞു.
വിഷയം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ എംപിമാർ ലോക്സഭയിൽ നോട്ടീസ് നൽകിയെങ്കിലും സഭാ അധ്യക്ഷൻ ഇതിനുള്ള അനുമതി നിഷേധിച്ചു. ഇതിന് പിന്നാലെ പ്രതിപക്ഷം സഭയിൽ പ്രതിഷേധ മുദ്രാവാക്യങ്ങൾ ഉയർത്തിയ ശേഷം സഭ ബഹിഷ്ക്കരിച്ചു.
"മധ്യപ്രദേശിലെ ഡബിൾ എഞ്ചിൻ സർക്കാരിൻ്റെ പൊലീസ് സാന്നിധ്യത്തിൽ സംഘപരിവാറിൻ്റെ ക്രൈസ്തവ സ്നേഹം. ജബൽപൂരിൽ മലയാളി വൈദികരായ ഫാദർ ഡേവിസ്, ഫാദർ ജോർജജ് എന്നിവരും മലയാളി തീർഥാടകരുമാണ് ഒരു പ്രകോപനവുമില്ലാതെ ആക്രമണത്തിന് വിധേയരാകേണ്ടി വന്നത്. ഇവർക്ക് ഒന്നിലധികം ഇടങ്ങളിൽ അക്രമം നേരിടേണ്ട സാഹചര്യവുമുണ്ടായി. പൊലീസ് സ്റ്റേഷനിലും പൊലീസ് സാന്നിധ്യത്തിലും വൈദികർ അക്രമിക്കപ്പെടുകയായിരുന്നു," ഷാഫി പറമ്പിൽ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
ALSO READ: ആലുവയിൽ കാണാതായ നിയമവിദ്യാർഥിയുടെ ജഡം പുഴയിൽ നിന്നും കണ്ടെത്തി