ശനിയാഴ്ച നടക്കുന്ന ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനെതിരായ അടുത്ത മത്സരത്തിൽ സഞ്ജു സാംസൺ കളിക്കുന്ന കാര്യത്തിൽ ഇപ്പോഴും അനിശ്ചിതത്വം തുടരുകയാണ്.
ബുധനാഴ്ച നടന്ന ഐപിഎൽ മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ സൂപ്പർ ഓവറിൽ രാജസ്ഥാൻ റോയൽസ് ഞെട്ടിക്കുന്ന തോൽവി ഏറ്റുവാങ്ങിയിരുന്നു. 2022ന് ശേഷമുള്ള ആദ്യ സൂപ്പർ ഓവർ ഐപിഎൽ മത്സരമായിരുന്നു അത്. സൂപ്പർ ഓവറിനായുള്ള ടീം സെലക്ഷനിലെ മോശം തീരുമാനങ്ങളിലൂടെ ക്രിക്കറ്റ് വിദഗ്ധരിൽ നിന്നും ആരാധകരിൽ നിന്നും രാജസ്ഥാൻ റോയൽസ് മാനേജ്മെൻ്റ് പരിശീലകരും കടുത്ത വിമർശനമാണ് നേരിടുന്നത്. രാജസ്ഥാൻ്റെ തോൽവിക്ക് കാരണം തിരയുന്ന തിരക്കിലാണ് ഫാൻസ്.
ഡൽഹിക്കെതിരായ മത്സരത്തിനിടെ പേസർ വിപ്രജ് നിഗമിൻ്റെ ഏറ് നെഞ്ചിൽ ഇടിച്ചതിനെ തുടർന്നാണ് ക്യാപ്റ്റൻ സഞ്ജു സാംസൺ പരിക്കേറ്റ് പുറത്തുപോയത്. ഇത് മത്സരത്തിൽ പിങ്ക് ആർമിയുടെ മേധാവിത്തം നഷ്ടപ്പെടുത്തിയിരുന്നു.
ശനിയാഴ്ച നടക്കുന്ന ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനെതിരായ അടുത്ത മത്സരത്തിൽ സഞ്ജു സാംസൺ കളിക്കുന്ന കാര്യത്തിൽ ഇപ്പോഴും അനിശ്ചിതത്വം തുടരുകയാണ്. നായകൻ്റെ സ്കാൻ ഫലങ്ങൾക്കായി ടീം കാത്തിരിക്കുകയാണെന്നും അതിനു ശേഷമേ സഞ്ജുവിന്റെ പങ്കാളിത്തം സംബന്ധിച്ച് തീരുമാനമെടുക്കൂവെന്നും രാജസ്ഥാൻ കോച്ച് രാഹുൽ ദ്രാവിഡ് വെള്ളിയാഴ്ച നടന്ന പ്രീ-മാച്ച് പത്രസമ്മേളനത്തിൽ പറഞ്ഞിരുന്നു.
ALSO READ: "വിരമിക്കാൻ കാലമായി, ഇനി ആര് ഉപദേശിക്കാനാണ്"; രോഹിത് ശർമയെ കടന്നാക്രമിച്ച് സെവാഗ്
"സഞ്ജുവിന് വയറുവേദന അനുഭവപ്പെട്ടിരുന്നു. അതിനാൽ ഞങ്ങൾ സ്കാനിങ് എടുത്തു. ഇന്ന് അദ്ദേഹം ചില സ്കാനുകൾ ചെയ്തിരുന്നു. ആ സ്കാനുകളുടെ ഫലങ്ങൾക്കായി ഞങ്ങൾ കാത്തിരിക്കുകയാണ്. പരിക്കിൻ്റെ തീവ്രതയെക്കുറിച്ചും കുറച്ചുകൂടി വ്യക്തത ലഭിച്ചാൽ മുന്നോട്ടുള്ള തീരുമാനം എടുക്കും. എന്താണ് സംഭവിക്കുന്നതെന്ന് നമുക്ക് നോക്കാം," രാഹുൽ ദ്രാവിഡ് പറഞ്ഞു.
അതേസമയം, കാര്യമായ ആരോഗ്യപ്രശ്നങ്ങൾ ഇല്ലാത്തതിനാൽ ലഖ്നൗവിനെതിരെ സഞ്ജു സാംസൺ കളിക്കാൻ സാധ്യത കൂടുതലാണ്. പക്ഷേ ഇംപാക്ട് സബ് ആയി മാത്രമേ കളിക്കാൻ സാധ്യതയുള്ളൂ. അങ്ങനെയെങ്കിൽ റിയാൻ പരാഗിനെ താൽക്കാലിക ക്യാപ്റ്റനായി തിരികെ കൊണ്ടുവരാൻ കഴിയും. വിരലിനേറ്റ പരിക്കിൽ നിന്ന് സാംസൺ സുഖം പ്രാപിക്കവെ സീസണിലെ ആദ്യ മൂന്ന് മത്സരങ്ങളിൽ പരാഗാണ് രാജസ്ഥാനെ നയിച്ചത്.