fbwpx
"നിരന്തര ശകാരവും പരസ്യമായ അപമാനിക്കലും, സെബി വളരുന്നത് ജീവനക്കാരെ ഭയപ്പെടുത്തി"; മാധബി ബുച്ചിനെതിരെ കേന്ദ്രത്തിന് കത്ത്
logo

ന്യൂസ് ഡെസ്ക്

Last Updated : 04 Sep, 2024 05:49 PM

ജോലിഭാരത്താൽ ജീവനക്കാരുടെ മാനസിക ആരോഗ്യ പ്രശ്നങ്ങൾ വർധിച്ചതായി സെബിയിലെ മാനസികാരോഗ്യ കൗൺസിലറും വ്യക്തമാക്കുന്നുണ്ട്.

NATIONAL


ഹിൻഡൻബർഗ് റിപ്പോർട്ടിലൂടെ ഉയർന്ന ആരോപണങ്ങൾക്ക് പിന്നാലെ ജോലിസ്ഥലത്തെ പ്രശ്നങ്ങൾ ചൂണ്ടികാട്ടി സെബി മേധാവി മാധബി പുരി ബുച്ചിനെതിരെ ധനമന്ത്രാലയത്തിന് കത്തയച്ച് ഉദ്യോഗസ്ഥർ. അധികാരസ്ഥാനത്തിരിക്കുന്ന ചില ഉദ്യോഗസ്ഥരിൽ നിന്നും നിരന്തരം ശകാരങ്ങളും അപമാനിക്കലും നേരിടേണ്ടി വരുന്നതായി കത്തിൽ പറഞ്ഞതായാണ് റിപ്പോർട്ട്. ഇതിൽ പരാതി നൽകിയിട്ടും മാനേജ്‌മെൻ്റിൽ നിന്ന് യാതൊരു പ്രതികരണവുമുണ്ടായില്ലെന്നും ആരോപണമുണ്ട്.

"കഴിഞ്ഞ 2-3 വർഷമായി സെബിയുടെ പ്രാഥമിക ചാലകശക്തിയായി പ്രവർത്തിക്കുന്നത് ഭയമാണ്," കത്ത് അവലോകനം ചെയ്ത ഇക്കണോമിക് ടൈംസ് ഉദ്ധരിച്ചു.  ചീത്തവിളികളും ശകാരങ്ങളും പരസ്യമായി അപമാനിക്കലും സെബിയിൽ പതിവായിരിക്കുന്നു. തങ്ങളുടെ ജീവനക്കാർക്ക് മികച്ച നേതൃത്വം, പ്രചോദനം, പരിസരം എന്നിവ നൽകണമെന്നത് സീനിയർ മാനേജ്‌മെൻ്റ് മനഃപൂർവ്വം മറക്കുന്നതായി തോന്നുന്നു. ജീവനക്കാരെ ആക്രോശിച്ചും, പരുഷവും പ്രൊഫഷണലല്ലാത്തതുമായ ഭാഷ ഉപയോഗിച്ച് കീഴ്‌പ്പെടുത്തിയുമുള്ള ഈ നേതൃത്വ രീതി അവസാനിപ്പിക്കണം. ജീവനക്കാരുടെ എല്ലാ ചലനങ്ങളുടെയും പൂർണ്ണ നിയന്ത്രണത്തിനായി ജീവനക്കാരുടെ ഹാജർ നിരീക്ഷിക്കാൻ ടേൺസ്റ്റൈൽ ഗേറ്റുകൾ സ്ഥാപിച്ചിട്ടുണ്ടെന്നും ധനമന്ത്രാലയത്തിന് അയച്ച കത്തിൽ ആരോപിക്കുന്നു.

ALSO READ: ഹിന്‍ഡന്‍ബര്‍ഗ് 'ആ വലിയ വിവരം' പുറത്തുവിട്ടു; അദാനിയുടെ ഷെൽ കമ്പനികളിൽ സെബി ചെയര്‍പേഴ്‌സണ് നിക്ഷേപം


സെബി പറയുന്നതനുസരിച്ച്, ഈ സാമ്പത്തിക വർഷത്തിൽ പ്രധാന ഏരിയ ടാർഗെറ്റുകളുടെ എണ്ണം 20 മുതൽ 50 വരെ ഉയർത്തിയിട്ടുണ്ട്. ഇത് അയാഥാർഥ്യമാണെന്നും വിശ്രമമില്ലാതെ ജോലി ചെയ്ത് നേടിയതാണെന്നുമാണ് പരാതിക്കാരുടെ പക്ഷം. ആർക്കും നോബ് തിരിച്ച് നിയന്ത്രിച്ച് ടാർഗറ്റ് നേടിയെടുക്കാനുള്ള റോബോട്ടുകളല്ല ജീവനക്കാരെന്നും ഉദ്യോഗസ്ഥർ പരാതിയിൽ പറയുന്നു. ജോലിഭാരത്താൽ ജീവനക്കാരുടെ മാനസിക ആരോഗ്യ പ്രശ്നങ്ങൾ വർധിച്ചതായി സെബിയിലെ മാനസികാരോഗ്യ കൗൺസിലറും വ്യക്തമാക്കുന്നുണ്ട്.

സെബി ചെയര്‍പേഴ്‌സണിനും ഭര്‍ത്താവിനും അദാനിയുമായി ബന്ധപ്പെട്ട ഓഫ്‌ ഷോര്‍ ഫണ്ടുകളില്‍ ഓഹരിയുണ്ടെന്ന ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ചിൻ്റെ റിപ്പോർട്ടിന് പിന്നാലെ മാധബി ബുച്ചിനെതിരെ നിരവധി പേർ രംഗത്തെത്തിയിരുന്നു. വിസില്‍ ബ്ലോവര്‍ രേഖകളെ ആധാരമാക്കിയായിരുന്നു വിവരങ്ങള്‍ പുറത്തുവിട്ടത്. ഹിന്‍ഡന്‍ബര്‍ഗ് പറയുന്നത് പ്രകാരം, ഗൗതം അദാനി, സഹോദരന്‍ വിനോദ് അദാനി എന്നിവരുമായി ബന്ധപ്പെട്ട ബര്‍മൂഡ, മൗറീഷ്യസ് ഫണ്ടുകളിലാണ് സെബി ചെയര്‍പേഴ്‌സണ് ഓഹരിയുള്ളത്. വ്യവസായ മാര്‍ക്കറ്റില്‍ ക്രമക്കേടുകള്‍ നടത്തുവാന്‍ അദാനി ഗ്രൂപ് ഉപയോഗിച്ചത് ഈ കമ്പനികളാണെന്ന് ഹിന്‍ഡന്‍ബര്‍ഗ് 2023ല്‍ റിപ്പോർട്ട് ചെയ്തിരുന്നു.

ALSO READ: 'സെബി ചെയര്‍പേഴ്‌സണെതിരെ അന്വേഷണം വേണം'; ഹിൻഡൻബർഗ് റിപ്പോർട്ട് അടിസ്ഥാനമാക്കി സുപ്രീം കോടതിയില്‍ പുതിയ ഹർജി


2023ല്‍ ഹിന്‍ഡന്‍ബര്‍ഗ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിരിക്കുന്ന ഷെല്‍ കമ്പനികളിലാണ് മാധബിക്ക് ഓഹരിയുള്ളത്. അദാനി ഗ്രൂപ്പിനെതിരെയുള്ള സെബിയുടെ അന്വേഷണം മന്ദഗതിയിലായത് ചെയര്‍പേഴ്‌സണ് ഓഹരിയുണ്ടായതു കൊണ്ടാണെന്ന് ഹിന്‍ഡന്‍ബര്‍ഗ് ആരോപിക്കുന്നു. സെബിയില്‍ മാധബി ചുമതല ഏറ്റെടുക്കുന്നതിനു മുന്‍പ് അന്വേഷണങ്ങള്‍ ഒഴിവാക്കാന്‍ നിക്ഷേപങ്ങള്‍ ഭര്‍ത്താവിന്റെ പേരിലേക്ക് മാറ്റുവാനായി അപേക്ഷിച്ചിരുന്നുവെന്നും ഹിന്‍ഡന്‍ബര്‍ഗ് പറയുന്നു.





Also Read
user
Share This

Popular

NATIONAL
KERALA
ഇന്ത്യയുടെ ആത്മാവ് ആക്രമിക്കപ്പെട്ടു; ഭീകരരെ പിന്തുടർന്ന് ശിക്ഷിക്കും; സ്വപ്നം കാണാൻ കഴിയാത്ത തിരിച്ചടി നൽകും: പ്രധാനമന്ത്രി