കണ്ണൂർ കോടിയേരിയിലെ വീട്ടിൽ ഒരുക്കിയ മ്യൂസിയത്തിൽ പ്രിയ സഖാവിന്റെ ഓർമകളിൽ കഴിയുകയാണ് അദേഹത്തിന്റെ ഭാര്യ വിനോദിനി
കോടിയേരി ബാലകൃഷ്ണൻ വിടവാങ്ങിയിട്ട് രണ്ടു വർഷം തികയുകയാണ്. കണ്ണൂർ കോടിയേരിയിലെ വീട്ടിൽ ഒരുക്കിയ മ്യൂസിയത്തിൽ പ്രിയ സഖാവിന്റെ ഓർമകളിൽ കഴിയുകയാണ് അദേഹത്തിന്റെ ഭാര്യ വിനോദിനി. കോടിയേരി ഉണ്ടാകേണ്ടിയിരുന്ന കാലമാണിതെന്ന് പലരും പറയുമ്പോൾ അഭിമാനം തോന്നാറുണ്ടെന്ന് വിനോദിനി പറയുന്നു.
കോടിയേരി ബാലകൃഷ്ണൻ എന്ന രാഷ്ട്രീയക്കാരന്റെ വിടവ് കേരളത്തിൽ ഇന്നും നികത്തപ്പെട്ടിട്ടില്ല. ഇനി അങ്ങനെ ഉണ്ടാകുമോ എന്നതിൽ തീർപ്പുമില്ല. കോടിയേരിയുടെ ഓർമ്മകൾ കണ്ണീരായി മാറുമ്പോൾ അദ്ദേഹത്തിന്റെ പത്നി വിനോദിനിക്ക് പറയാനുള്ളതും നികത്തപ്പെടാത്ത ആ അസാന്നിധ്യത്തെകുറിച്ച് തന്നെ. കോടിയേരിയുടെ ഓർമ്മകൾക്ക് ജീവനേകുന്ന അദ്ദേഹവുമായി ചേർന്നുണ്ടായിരുന്ന സകലതും അടുക്കിപ്പെറുക്കി സൂക്ഷിച്ച കോടിയേരി മ്യൂസിയത്തിൽ കേരളത്തിന്റെ പ്രിയപ്പെട്ട സഖാവിന്റെ സാമീപ്യം നിലനിർത്തിയിട്ടുണ്ട്.
ALSO READ: '45 ദിവസമായി ഉറക്കമില്ല'; തൊഴിൽ സമ്മർദ്ദം താങ്ങാനാകാതെ ബജാജ് ജീവനക്കാരൻ ആത്മഹത്യ ചെയ്തു
കോടിയേരി ബാലകൃഷ്ണൻ സിപിഎമ്മിന് ഒരുറപ്പായിരുന്നു. ഏത് പ്രതിസന്ധിക്കും മറു മരുന്ന് കോടിയേരിയുടെ കയ്യിൽ ഉണ്ടെന്ന ഉറപ്പ്. ഏത് വെല്ലുവിളിക്കും മറുവിളി പറയാൻ കോടിയേരിയുണ്ടെന്ന് പാർട്ടി പ്രവർത്തകരുടെ ആത്മവിശ്വാസം. ആർക്ക് എവിടെ എങ്ങനെ മറുപടി നൽകണമെന്ന് അളന്നു മുറിച്ച് തീരുമാനിക്കാൻ കോടിയേരിക്ക് മുൻകരുതലുകൾ ആവശ്യമായിരുന്നില്ല. ഇപ്പോഴും വിനോദിനി ബാലകൃഷ്ണന്റെ കയ്യിലുള്ള കോടിയേരിയുടെ ഫോണിലേക്ക് എത്തുന്ന വിളികൾ പങ്കുവെക്കുന്നതും ആ അസാന്നിധ്യത്തിന്റെ പരിഭവം തന്നെ.
ഇന്ന് വിവാങ്ങളിൽ നിന്ന് വിവാദങ്ങളിലേക്കും, കടപത്ത പ്രതിസന്ധിയിലേക്കും പാർട്ടി നീങ്ങുമ്പോൾ കോടിയേരിയുടെ അസാന്നിധ്യം പ്രകടമാകുന്നുണ്ട്. പാർട്ടി പ്രതിസന്ധിയിലായപ്പോഴൊക്കെ രക്ഷകനായി മുന്നിൽ നിന്നു. കുടുംബത്തിന് എതിരേ ആരോപണം ഉയർന്നപ്പോൾ സെക്രട്ടറി സ്ഥാനം പോലും ഉപേക്ഷിച്ചു. തൻ്റെ രാഷ്ട്രീയ ജീവിതത്തിലുടനീളം മാതൃകാപരമായ പ്രവർത്തനമാണ് അദ്ദേഹം നടത്തിയത്. പാർട്ടിയിലും മുന്നണിയിലും സമവായത്തിന്റെ മുഖമായിരുന്ന കോടിയേരിയെ മുഖ്യമന്ത്രി കസേരയിൽ വരെ പലരും പ്രതീക്ഷിച്ചിരുന്നു. അനാരോഗ്യം പോലും വകവയക്കാതെ അദ്ദേഹം പ്രസ്ഥാനത്തിനുവേണ്ടി പ്രവർത്തിച്ചു.അടിമുടി പാർട്ടി. അതായിരുന്നു എക്കാലവും കോടിയേരി.
കോടിയേരി എന്നത് വെറുമൊരു സ്ഥലപ്പേരല്ലാതാവുകയും, കേരള രാഷ്ട്രീയത്തിലെ എക്കാലത്തെയും മികച്ച രാഷ്ട്രീയക്കാരന്റെ മേൽവിലാസമാവുകയും ചെയ്തത് ബാലകൃഷ്ണൻ എന്ന കമ്മ്യുണിസ്റ്റ്കാരന്റെ മികവ് കൊണ്ട് തന്നെ. പ്രതിസന്ധികളുടെ കാലത്ത് സിപിഎം അണികളും പാർട്ടി ബന്ധുക്കളും കോടിയേരി ഉണ്ടായിരുന്നെങ്കിലെന്ന് പറഞ്ഞുപോകുന്നതിനും മറ്റൊരു കാരണമില്ല.
ALSO READ: ഓസ്ട്രിയ പാർലമെൻ്റ് തെരഞ്ഞെടുപ്പ്; തീവ്രവലതുപക്ഷം ഭരണത്തിലേക്ക്
16 -ാം വയസിൽ സിപിഎം അംഗത്വം എടുത്ത കോടിയോരി പിൽക്കാലത്തി പാർട്ടിയുടെയും സർക്കാരിൻ്റെയും നിർണായക പദവികളിൽ എത്തിച്ചേർന്നു. 1982,1987,2001,2006, 2011 വർഷങ്ങളിൽ നിയമസഭയിൽ തലശേരിയെ പ്രതിനിധികരിച്ചു. 2001 ൽ പ്രതിപക്ഷ ഉപനേതാവ്, 2006 ൽ വി.എസ്അച്യുതാനന്ദൻ സർക്കാരിൽ ആഭ്യന്തര വിനേദ സഞ്ചാര വകുപ്പ് മന്ത്രിയായി. 2015ൽ സിപിഎം സംസ്ഥാന സെക്രട്ടറി പദത്തിലേക്കെത്തി. 2018 ൽ വീണ്ടും സംസ്ഥാന സെക്രട്ടറിയായി. പിന്നീട് മക്കളുമായി ബന്ധപ്പെട്ട വിവാദഹങ്ങളും കേസുകളും ആരോഗ്യപരമായ കാരണങ്ങളെയും തുടർന്ന് അദ്ദേഹം സ്ഥാനമൊഴിയുകയായിരുന്നു. 2022 ഒക്ടോബർ 1 ന് ചെന്നൈയിലെ അപ്പോളോ ആശുപത്രിയിൽ വച്ചായിരുന്നു കോടിയേരിയുടെ വിയോഗം.