നടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തും. ഒരൊറ്റ 164 സ്റ്റേറ്റ്‌മെന്റ് എടുക്കാനാണ് ആലോചന.
നടിയുടെ ലൈംഗികപീഡന പരാതിയില്‍ മുകേഷ് അടക്കം ഏഴ് പേര്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. മരട് സ്വദേശിയായ നടിയാണ് പരാതിയുമായി രംഗത്തെത്തിയത്. മുകേഷ്, ഇടവേള ബാബു, ജയസൂര്യ, മണിയന്‍ പിള്ള രാജു, കോണ്‍ഗ്രസ് നേതാവ് അഡ്വ.വി. എസ്.ചന്ദ്രശേഖരന്‍, കാസ്റ്റിംഗ് ഡയറക്ടര്‍ വിച്ചു, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ നോബിള്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്.
ചൂഷണം നടന്നുവെന്ന് പരാതിയില്‍ പറഞ്ഞ സ്ഥലങ്ങളിലെ പരിധിയിലുള്ള പൊലീസ് സ്റ്റേഷനുകളിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. നടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തും. ഇതിനായി പ്രത്യേക അന്വേഷസംഘം നടിയെ ബന്ധപ്പെട്ടതായാണ് സൂചന. ഒരൊറ്റ 164 സ്റ്റേറ്റ്‌മെന്റ് എടുക്കാനാണ് ആലോചന.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെയാണ് സോഷ്യല്‍മീഡിയയിലൂടെ നടി ആരോപണവുമായി രംഗത്തെത്തിയത്. പിന്നാലെ, ആരോപണം നിഷേധിച്ച് മുകേഷും മണിയന്‍ പിള്ള രാജുവും അടക്കമുള്ളവര്‍ രംഗത്തെത്തി. എന്നാല്‍ പറഞ്ഞതില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് നടി നിലപാട് വ്യക്തമാക്കി. വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ പ്രത്യേക അന്വേഷണ സംഘത്തെ പ്രഖ്യാപിച്ചതോടെയാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു തുടങ്ങിയത്.
Also Read: AMMA യിലെ കൂട്ടരാജി ഭീരുത്വം; ജനാധിപത്യ ബോധമുള്ള പുതിയ ഭരണസമിതിയെ കണ്ടെത്തണം: പാർവതി തിരുവോത്ത്
മുകേഷിനെതിരായ കേസ്
എറണാകുളം മരട് പൊലീസാണ് മുകേഷിനെതിരെ കേസെടുത്തത്. സിനിമയില്‍ അവസരവും അമ്മയില്‍ അംഗത്വവും വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചുവെന്ന പരാതിയിലാണ് കേസ്. ഐപിസി376 (1) ബലാത്സംഗം, ഐപിസി 354 സ്ത്രീത്വത്തെ അപമാനിക്കണമെന്ന ഉദ്ദേശത്തോടെ ബലപ്രയോഗം, ഐസിപി 452 അതിക്രമിച്ച് കടക്കല്‍, ഐപിസി 509 സ്ത്രീത്വത്തെ അപമാനിക്കുന്ന അംഗവിക്ഷേപം, വാക്കുകള്‍ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയത്.
ജയസൂര്യയ്‌ക്കെതിരായ കേസ്
സെക്രട്ടേറിയേറ്റിലെ സിനിമാ ചിത്രീകരണത്തിനിടെ ശുചിമുറിക്ക് സമീപത്തു വെച്ച് കടന്നുപിടിച്ച് അതിക്രമം കാട്ടിയെന്നാണ് നടന്‍ ജയസൂര്യയ്‌ക്കെതിരായ പരാതി. തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസാണ് നടനെതിരെ കേസെടുത്തത്. ഐപിസി 354, 354 അ, 509 എന്നീ വകുപ്പുകളാണ് ചുമത്തിയത്. ലൈംഗികാതിക്രമം, സ്ത്രിത്വത്തെ അപമാനിക്കല്‍ അടക്കം ജാമ്യമില്ലാ വകുപ്പാണ്.
Also Read: "മുകേഷിൻ്റെ രാജിയാണ് ആവശ്യമെങ്കിൽ ആദ്യം കോൺഗ്രസ് എംഎൽഎമാർ രാജി വെക്കണം": ഇ.പി. ജയരാജൻ
ഇടവേള ബാബുവിനെതിരായ കേസ്
'അമ്മ'യില്‍ അംഗത്വം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചുവെന്നാണ് അഭിനേതാക്കളുടെ സംഘടനയുടെ മുന്‍ ജനറല്‍ സെക്രട്ടറിക്കെതിരായ കേസ്. എറണാകുളം നോര്‍ത്ത് പൊലീസാണ് കേസെടുത്തത്. 76 വകുപ്പ് പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. ജാമ്യമില്ല വകുപ്പ് പ്രകാരമാണ് കേസ്.
മണിയന്‍പിള്ള രാജുവിനെതിരായ കേസ്
ഫോര്‍ട്ട് കൊച്ചി പൊലീസാണ് മണിയന്‍പിള്ള രാജുവിനെതിരെ കേസെടുത്തത്. ഐപിസി 356, 376 പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്.
Also Read: സ്ത്രീകളെ ബഹുമാനിക്കാൻ സമൂഹം ഇനിയെങ്കിലും തയാറാകണം; കേസെടുത്തതിൽ ആത്മസംതൃപ്‌തിയെന്ന് പരാതിക്കാരി
കോണ്‍ഗ്രസ് നേതാവ് അഡ്വ. വി.എസ് ചന്ദ്രശേഖരനെതിരായ കേസ്
കോണ്‍ഗ്രസ് നേതാവും നിര്‍മാതാവുമായ അഡ്വ. വി.എസ് ചന്ദ്രശേഖരനെതിരെയാണ് നടിയുടെ മറ്റൊരു പരാതി. സിനിമാ ലൊക്കേഷന്‍ കാണിക്കാനെന്ന വ്യാജേനെ കൊണ്ടുപോയി പീഡിപ്പിച്ചെന്ന പരാതിയില്‍ കൊച്ചി സെന്‍ട്രല്‍ പൊലീസ് ആണ് കേസെടുത്തത്. ബലാത്സംഗ വകുപ്പ് അടക്കമാണ് ചുമത്തിയത്. നടിയുടെ ആരോപണത്തിനു പിന്നാലെ, ലോയേഴ്‌സ് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ആയിരുന്നു ചന്ദ്രശേഖരന്‍ നടിയുടെ പരാതിക്ക് പിന്നാലെ ഇന്നലെ സ്ഥാനമൊഴിഞ്ഞിരുന്നു.
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ നോബിളിനെതിരെയും എക്‌സിക്യൂട്ടീവ് വിച്ചുവിനെതിരെയും നടിയുടെ പരാതിയില്‍ കേസ് എടുത്തിട്ടുണ്ട്. പാലാരിവട്ടം പൊലീസാണ് ഇരുവര്‍ക്കുമെതിരെ കേസെടുത്തത്. സമാന വകുപ്പുകളാണ് ചുമത്തിയത്.