തെരഞ്ഞെടുപ്പ് സമയത്ത് മാത്രമാണ് ജനപ്രതിനിധികൾ ഈ മേഖലയിൽ സന്ദർശനം നടത്തുന്നതെന്നാണ് തീരദേശവാസികളുടെ ആരോപണം
ആലപ്പുഴ പുന്നപ്രയില്‍ കടല്‍ കയറ്റം രൂക്ഷമാകുന്നു. ദിനംപ്രതി കടല്‍ കരയെടുക്കുന്നതോടെ ആശങ്കയിലാണ് തീരദേശ വാസികള്‍. കടല്‍ ഭിത്തി നിര്‍മിക്കാത്തതാണ് ക്രമാതീതമായി കടല്‍ കയറുന്നതിന് കാരണമാകുന്നതെന്നാണ് പ്രദേശവാസകള്‍ പറയുന്നത്. സ്ഥിതി രൂക്ഷമായിട്ടും ഭരണകൂടം തിരിഞ്ഞ് നോക്കുന്നില്ല എന്നാണ് നാട്ടുകാരുടെ ആക്ഷേപം.
ഈ ഭാഗത്ത് കടല്‍ ഭിത്തി നിര്‍മിക്കുമെന്ന വാഗ്ദാനം തീരദേശ വാസികള്‍ എത്രയോ വര്‍ഷമായി കേള്‍ക്കുന്നു എന്നാല്‍ നാളിതുവരെ ഇതൊന്നും നടപ്പായിട്ടില്ല. ജനിച്ചുവളര്‍ന്ന മണ്ണ് വിട്ട് പോകാന്‍ പലരും നിര്‍ബന്ധിതര്‍ ആവുന്നു, അപ്പോഴും തീരം സംരക്ഷിക്കണമെന്ന ചിന്ത അധികൃതര്‍ക്ക് ഇല്ലെന്നാണ് ആക്ഷേപം.
തെരഞ്ഞെടുപ്പ് സമയത്ത് മാത്രമാണ് ജനപ്രതിനിധികള്‍ ഈ മേഖലയില്‍ സന്ദര്‍ശനം നടത്തുന്നതെന്നും ഈ പ്രശ്‌നം ഉന്നയിച്ച സമയത്ത് തന്നെ പരിഹാര നടപടികള്‍ സ്വീകരിച്ചിരുന്നുവെങ്കില്‍ സ്ഥിതി ഇത്രയും വഷളാവില്ലായിരുന്നെന്നുമാണ് പ്രദേശവാസികള്‍ പറയുന്നത്.
കടല്‍ കയറുന്നത് തടയാന്‍ ഒന്നും ചെയ്യാതെ തീരം ഒഴിഞ്ഞു പോകാന്‍ പറഞ്ഞാല്‍ എങ്ങോട്ട് പോകുമെന്നാണ് ഇവരുടെ ചോദ്യം. ജനിച്ച മണ്ണ് വിട്ട് പോകില്ലെന്ന് ചിലര്‍ ഉറപ്പിച്ചു പറയുന്നു, തീരവും വീടും സംരക്ഷിക്കാന്‍ എത്രയും വേഗം സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടാകണം എന്നാണ് നാട്ടുകാരുടെ ആവശ്യം.