ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെൻ്റിന് 8 ദിവസത്തേക്കാണ് കസ്റ്റഡി അനുവദിച്ചത്
പാർട്ടി പ്രവർത്തകനെ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന കേസിൽ അറസ്റ്റിലായ ജെഡിഎസ് എംഎൽസി സൂരജ് രേവണ്ണയെ ബെംഗളൂരുവിലെ പ്രത്യേക കോടതി കസ്റ്റഡിയിൽ വിട്ടു. ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെൻ്റിന് 8 ദിവസത്തേക്കാണ് കസ്റ്റഡി അനുവദിച്ചത്.
ജൂൺ 16ന് ഗന്നിക്കടവിലെ തൻ്റെ ഫാം ഹൗസിൽ വെച്ച് എംഎൽസി തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് ആരോപിച്ച് ഹാസനിലെ അറക്കൽഗുഡ് സ്വദേശിയും ജെ.ഡി.എസ്. പ്രവർത്തകനുമായ 27-ക്കാരൻ ആണ് പരാതി നൽകിയത്. തുടർന്ന് ലൈംഗിക കുറ്റകൃത്യങ്ങൾ, തെറ്റായ തടവിൽ ഇടൽ, ക്രിമിനൽ ഭീഷണി തുടങ്ങിയ വകുപ്പുകൾ ചുമത്തി എഫ്ഐആർ രജിസ്റ്റർ ചെയ്യുകയായിരുന്നു. കേസ് ഫയൽ ചെയ്തതിന് പിന്നാലെ സൂരജിനെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് തിങ്കളാഴ്ച സിഐഡി കോടതിയെ സമീപ്പിക്കുകയായിരുന്നു.
എന്നാൽ സൂരജ് രേവണ്ണ കുറ്റം നിഷേധിച്ചു. തന്നിൽ നിന്ന് അഞ്ച് കോടി രൂപ തട്ടിയെടുക്കാനാണ് ജെഡിഎസ് പ്രവർത്തകൻ തെറ്റായ പരാതി നൽകിയതെന്ന് സൂരജ് പറഞ്ഞു. അതേസമയം സൂരജിനെ കൂടാതെ സഹോദരൻ പ്രജ്ജ്വലിനെയും ലൈംഗികാതിക്രമ കേസിൽ ബെംഗളൂരുവിലെ പ്രത്യേക കോടതി കസ്റ്റഡിയിൽ വിട്ടിട്ടുണ്ട്. 14 ദിവസത്തെ കസ്റ്റഡിയാണ് അനുവദിച്ചത്.