തുല്യവോട്ടുകൾ നേടിയ ശേഷം നടത്തിയ ടോസിൽ ക്രമക്കേട് ഉണ്ടായെന്ന് ആരോപിച്ചാണ് പാർട്ടി പ്രതിഷേധം
ഒറ്റപ്പാലം എൻഎസ്എസ് കോളേജ് പ്രിൻസിപ്പലിനെ എസ്എഫ്ഐ പ്രവർത്തകർ ഉപരോധിക്കുന്നു. യൂണിയൻ തെരഞ്ഞെടുപ്പിൽ റീ കൗണ്ടിങ്ങ് ആവശ്യപ്പെട്ടാണ് എസ്എഫ്ഐ പ്രതിഷേധം. തെരഞ്ഞെടുപ്പിൽ അട്ടിമറി ആരോപിച്ച് എസ്എഫ്ഐ യൂണിവേഴ്സിറ്റിക്ക് പരാതി നൽകിയിരുന്നു.
യൂണിവേഴ്സിറ്റിക്ക് നൽകിയ പരാതിയുടെ മറുപടി ലഭിച്ചിട്ടും പ്രിൻസിപ്പാൾ ഇമെയിൽ സന്ദേശം തുറന്നു നോക്കാൻ തയ്യാറായില്ലെന്ന് എസ്എഫ്ഐ ആരോപിച്ചു. 51 ക്ലാസ് പ്രതിനിധികളിൽ 27 ക്ലാസുകളിൽ കെഎസ്‌യുവും 24 ക്ലാസുകളിൽ എസ്എഫ്ഐയുമാണ് വിജയിച്ചത്. ഇരുപാർട്ടികളും തുല്യ വോട്ടുകൾ നേടിയ 6 ക്ലാസുകളിൽ ടോസിലൂടെ കെഎസ്‌യു സ്ഥാനാർഥികൾ വിജയിച്ചു. ഈ ടോസിൽ ക്രമക്കേട് ഉണ്ടായെന്ന് ആരോപിച്ചാണ് പാർട്ടി പ്രതിഷേധം.
അതേസമയം കാലിക്കറ്റ് സർവകലാശാല കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ വിവിധ കോളേജുകളിൽ എസ്എഫ്ഐ ഭരണം തിരിച്ചുപിടിച്ചു. മലപ്പുറത്തുള്ള വിവിധ കോളേജുകളും, കോഴിക്കോട് സാമൂതിരി ഗുരുവായൂരപ്പൻ കോളേജും, പട്ടാമ്പി സംസ്കൃത കോളേജുമാണ് എസ്എഫ്ഐ തിരിച്ചുപിടിച്ചത്. എസ്എഫ്ഐക്കെതിരായ തെറ്റായ പ്രചാരണങ്ങൾക്കുള്ള തിരിച്ചടിയാണ് ഈ വിജയമെന്ന് സംസ്ഥാന സെക്രട്ടറി പി.എം ആർഷോ പ്രതികരിച്ചു. പാർട്ടിയെ മാധ്യമങ്ങൾ വളഞ്ഞിട്ടാക്രമിച്ചെന്നും ഇതിന് വിദ്യാർഥികൾ നൽകിയ പ്രതികരണമാണ് വിജയമെന്നും ആർഷോ പറഞ്ഞു. ഒപ്പം തിരിച്ചടിയുണ്ടായ കോളേജുകളിൽ പരിശോധന നടത്തുമെന്നും സംസ്ഥാന സെക്രട്ടറി വ്യക്തമാക്കി.