"ഏത് നിയമവും മനുഷ്യർക്ക് വേണ്ടിയാണെന്നാണ് സർക്കാർ നിലപാട്. വന്യജീവി ആക്രമണത്തിൽ നിന്ന് മനുഷ്യരെ സംരക്ഷിക്കേണ്ടതുണ്ട്," മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കി
വനനിയമ ഭേദഗതി റദ്ദാക്കിയതായി മുഖ്യമന്ത്രി പിണറായി വിജയൻ. ആശങ്കകൾ പരിഹരിക്കാതെ വനനിയമഭേദഗതി നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. കരടിന് തുടക്കമിട്ടത് യുഡിഎഫ് സർക്കാരാണ്. ഏത് നിയമവും മനുഷ്യർക്ക് വേണ്ടിയാണെന്നാണ് സർക്കാർ നിലപാട്. വന്യജീവിആക്രമണത്തിൽ നിന്ന് മനുഷ്യരെ സംരക്ഷിക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.
ഇക്കാര്യത്തിൽ നിലവിൽ നിരവധി ആശങ്കകൾ നിലവിലുണ്ട്. ഇത് പരിഹരിക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ജനങ്ങളെ ആശങ്കപ്പെടുത്തുന്നതോ ഭയപ്പെടുത്തുന്നതോ ആയ ഒരു ഭേദഗതിയും ഉണ്ടാകില്ല.വനനിയമ ഭേദഗതി തുടരാൻ ആഗ്രഹിക്കുന്നില്ല.വന നിയമഭേദഗതി റദ്ദാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. കടുവയും പുലിയും നാട്ടിലിറങ്ങിയാൽ ആറംഗസമിതി കാര്യങ്ങൾ പരിശോധിക്കണമെന്നാണ്. അതുവരെ പുലി അവിടെ നിൽക്കണം എന്നാണ് നിയമം പറയുന്നതെന്നും മുഖ്യമന്ത്രി പരിഹസിച്ചു. ജനങ്ങൾക്ക് എതിരായ ഒന്നും ഉണ്ടാകില്ലെന്ന് വനം മന്ത്രി ആദ്യം മുതൽ പറയുന്നുണ്ടായിരുന്നു. എല്ലാക്കാലത്തും മലയോര ജനങ്ങൾക്കൊപ്പമാണ് നിന്നിട്ടുള്ളതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
"നമ്മൾ ആഗ്രഹിക്കുന്ന പല കാര്യങ്ങളും വനവുമായി ബന്ധപ്പെട്ട് നടപ്പാക്കാൻ ആകില്ലല്ലോ? ഇപ്പോൾ ബഫർ സോൺ. കേരളം പോലൊരു സ്ഥലത്ത് ബഫർ സോൺ പ്രായോഗികമല്ലെന്ന് നമുക്ക് എല്ലാം അഭിപ്രായമില്ലേ. സംസ്ഥാന സർക്കാരിനും ആ അഭിപ്രായമല്ലേ? പക്ഷേ കേന്ദ്ര നിയമമില്ലേ? കേന്ദ്രത്തിനല്ലേ ഒരു നിലപാടെടുക്കാൻ സാധിക്കൂ. ഇത്തരം കാര്യങ്ങളിൽ കേന്ദ്ര നിയമവുമായി ബന്ധപ്പെട്ട വസ്തുതകൾ നമ്മൾ കാണേണ്ടതുണ്ട്. അതാണ് പ്രധാന തടസമായിട്ട് വരുന്ന കാര്യം, പിണറായി പറഞ്ഞു.
യുജിസി ചട്ട ഭേദഗതി സംസ്ഥാനത്തിന്റെ അവകാശങ്ങൾ പൂർണമായും ഇല്ലാതാക്കുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കരടിലുള്ള പല നിർദേശങ്ങളും ഫെഡറൽ തത്ത്വങ്ങൾക്ക് വിരുദ്ധമാണ്. സംസ്ഥാനത്തിന്റെ ഭരണഘടനാവകാശങ്ങൾ ലംഘിക്കുന്ന ഭേദഗതി പുനഃപരിശോധിക്കണമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന് കത്തയച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഇഷ്ടമുള്ളവരെ അവിടെ കൊണ്ടിരുത്താനുള്ള വളഞ്ഞ വഴിയാണ് കേന്ദ്ര സർക്കാർ പയറ്റുന്നത്. ബിജെപി ഇതര മുഖ്യമന്ത്രിമാരുടെയും ശ്രദ്ധ ഇക്കാര്യത്തിൽ ക്ഷണിച്ചു. കൂട്ടായ പരിശ്രമങ്ങൾക്കാണ് കേരളം മുൻകൈയെടുക്കുന്നത്. സംസ്ഥാനത്തിന്റെ അവകാശത്തിൻ മേലുള്ള കടന്നുകയറ്റം അനുവദിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ഇത്തവണത്തെ ശബരിമല തീർത്ഥാടനം ഭംഗിയായി പൂർത്തിയായിയെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. സന്ദർശിച്ചത് അരക്കോടിയോളം പേരാണ്. ഈ അയ്യപ്പ ഭക്തർക്ക് ബുദ്ധിമുട്ടുണ്ടാകാതെ തീർഥാടനം പൂർത്തിയാക്കാനുള്ള ക്രമീകരണങ്ങളാണ് സംസ്ഥാന സർക്കാരും ദേവസ്വം ബോർഡും ചേർന്ന് ഒരുക്കിയിരുന്നത്. അതിൽ ഭക്തർ സംതൃപ്തരാണെന്നാണ് മനസിലാക്കുന്നതെന്നും മുഖ്യമന്ത്രി അറിയിച്ചു.
തീർഥാടന ക്രമീകരണങ്ങളിൽ അനുഭവസമ്പന്നരെ ഉൾപ്പെടുത്തി വരുത്തിയ മാറ്റങ്ങളും വെർച്വൽ ക്യൂവും ഒപ്പം തത്സമയ ബുക്കിങ്ങും സുഖകരമായ ദർശനം സാധ്യമാക്കി. ഈ സീസണിൽ അരക്കോടിയോളം പേരാണ് ശബരിമല സന്ദർശിച്ചത്. പ്രതിദിനം 90,000ൽ അധികം തീർഥാടകരെത്തിയെന്നാണ് കണക്ക്. അതിൽ പല ദിവസങ്ങളിലേയും കണക്ക് ഒരു ലക്ഷത്തിന് മുകളിലാണ്. തീർഥാടന കാലം മാത്രം ലക്ഷ്യം വച്ചല്ല 25 വർഷം മുൻപിൽ കണ്ടുള്ള പദ്ധതികളാണ് സർക്കാർ വിഭാവനം ചെയ്യുന്നത്. സന്നിധാനത്തിന്റെ ആത്മീയവും സാംസ്കാരികവുമായ പൈതൃകത്തെ മാനിച്ചുകൊണ്ട് തയ്യാറാക്കിയ ലേഔട്ട് പ്ലാനിന് മന്ത്രിസഭ അംഗീകാരം നൽകിക്കഴിഞ്ഞുവെന്ന് മുഖ്യമന്ത്രി അറിയിച്ചു. സന്നിധാനത്തിന്റെ വികസനത്തിനായി അദ്യ ഘട്ടത്തിൽ 600 കോടി 47 ലക്ഷം രൂപയും 2028-33 വരെയുള്ള രണ്ടാം ഘട്ടത്തിൽ 100 കോടി 2 ലക്ഷം രൂപയും. 2034 39 വരെയുള്ള മൂന്നാം ഘട്ടത്തിന് 77 കോടി 68 ലക്ഷം രൂപയും കണക്കാക്കി. ആകെ 778 കോടി 17 ലക്ഷം രൂപയാണ് ലേഔട്ട് പ്ലാൻ പ്രകാരം ചെലവ് കണക്കാക്കിയിരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ശബരി റെയിൽ നടപ്പാക്കാനാണ് സംസ്ഥാന സർക്കാർ നിലകൊള്ളുന്നതെന്നും ബാക്കി തീരുമാനിക്കേണ്ടത് കേന്ദ്രമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Also Read: പവിത്രനും ഗോപന്‍ സ്വാമിയും; കൈയ്യടിക്കേണ്ട ശാസ്ത്രബോധവും, ചോദ്യം ചെയ്യപ്പെടേണ്ട വിശ്വാസ ജല്പനങ്ങളും
റഷ്യന്‍ കൂലപ്പട്ടാളത്തില്‍ ചേർന്ന മലയാളി കൊല്ലപ്പെട്ട സംഭവം നിർഭാഗ്യകരമായ സംഭവമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ശക്തമായ നടപടി സ്വീകരിക്കുമെന്നും കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഒരുമിച്ച് നീങ്ങുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
നെയ്യാറ്റിന്‍കരയിലെ സമാധി വിവാദത്തിലും മുഖ്യമന്ത്രി പ്രതികരിച്ചു. സമൂഹത്തിനു മുന്നിൽ കൂടുതൽ ചോദ്യങ്ങളുണ്ട്. വിഷയം കോടതിക്ക് മുന്നിൽ വന്നിട്ടുണ്ടെന്നും അത് ആ വഴിക്ക് നീങ്ങട്ടെയെന്നും മുഖ്യമന്ത്രി പറഞ്ഞു. ക്ഷേത്രങ്ങളിലെ ഷർട്ടിടല്‍ വിഷയത്തില്‍ ശിവഗിരി മഠത്തിൻറേത് സ്വാഗതാർഹമായ നിലപാടാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.