ഷിബിലയുടെ പരാതി കൈകാര്യം ചെയ്തതിൽ പൊലീസിന് വീഴ്ച പറ്റിയെന്ന് ആരോപിച്ചാണ് നൗഷാദിനെ സസ്പെൻഡ് ചെയ്തത്
കോഴിക്കോട് ഈങ്ങാപ്പുഴ ഷിബില കൊലപാതകക്കേസിൽ ആരോപണവിധേയനായ ഗ്രേഡ് എസ്‌ഐ നൗഷാദിൻ്റെ സസ്പെൻഷൻ പിൻവലിച്ചു. തിങ്കളാഴ്ചയാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. ഷിബിലയുടെ പരാതി കൈകാര്യം ചെയ്തതിൽ പൊലീസിന് വീഴ്ച പറ്റിയെന്ന് ആരോപിച്ചാണ് നൗഷാദിനെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തത്. ഷിബിലയുടെ പരാതി പൊലീസ് കൃത്യമായി പരിഗണിച്ചില്ല, എന്ന ആരോപണം ഉയർന്നിരുന്നു.
താമരശേരി പോലീസ് സ്റ്റേഷൻ പിആർഒക്കെതിരെയുള്ള നടപടി നാട്ടുകരുടെ കണ്ണിൽ പൊടിയിടാൻ ആണെന്നും, നടപടിയിൽ ആത്മാർത്ഥതയില്ലെന്നും ഷിബിലയുടെ ബന്ധുക്കൾ ആദ്യഘട്ടത്തിൽ തന്നെ പറഞ്ഞിരുന്നു. എസ്എച്ച്ഓയ്ക്കെതിരയോ പ്രിൻസിപ്പൽ എസ്ഐയ്ക്ക് നേരെയോ ഒരു നടപടിയും എടുത്തില്ലെന്നും, യാതൊരു വിശദീകരണവും തേടിയില്ലെന്നും ബന്ധുക്കൾ ആരോപിച്ചിരുന്നു.
നടപടി എടുക്കാതെ പിആർഒയെ സസ്പെൻഡ് ചെയ്ത് ജനങ്ങളുടെ കണ്ണിൽ പൊടിയിടുകയായിരുന്നു എന്ന് ഷിബിലയുടെ ബന്ധു മജീദ് പ്രതികരിച്ചു. ഇപ്പോൾ സസ്പെൻഷൻ പിൻവലിച്ചത് ഇതുകൊണ്ടാണ് എന്നും ആരോപണം ഉയരുന്നുണ്ട്. കാര്യക്ഷമമമായ അന്വേഷണം ഷിബിലയുടെ കൊലപാതകത്തിന് ശേഷവും ഉണ്ടായില്ലെന്നും ബന്ധുക്കൾ ആരോപണം ഉന്നയിക്കുന്നുണ്ട്. ഇപ്പോഴും ഭയചകിതരായിട്ടാണ് അവർ ജീവിക്കുന്നതെന്നും അവർ കൂട്ടിച്ചേർത്തു.
മാർച്ച് 19നായിരുന്നു നോമ്പ് തുറന്ന് ഭക്ഷണം കഴിച്ച് കൊണ്ടിരിക്കെ ഷിബിലയെ ഭർത്താവ് യാസിർ വെട്ടിക്കൊലപ്പെടുത്തിയത്. ആക്രമണത്തിൽ യുവതിയുടെ പിതാവിനും, മാതാവിനും വെട്ടേറ്റിരുന്നു. പ്രതി മയക്കുമരുന്നിന് അടിമയാണെന്ന് പ്രദേശവാസികൾ പറഞ്ഞിരുന്നു. ഏറെക്കാലമായി ഷിബിലയ്ക്കും യാസിറിനും ഇടയിൽ കുടുംബവഴക്ക് നിലനിന്നിരുന്നു എന്നും, താമരശേരി പൊലീസിൽ നേരത്തെ പരാതി നൽകിയിരുന്നെങ്കിലും, ഗൗരവത്തിൽ എടുത്തില്ലെന്നും ബന്ധുക്കൾ ആരോപണം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തത്. ഷിബിലയുടെ മരണത്തിന് കാരണം താമരശേരി പൊലീസ് നിഷ്ക്രിയത്വമാണെന്ന പരാതിയെ തുടർന്ന്
ഷിബിലയുടെ കൊലപാതകത്തിൽ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷനും കേസെടുത്തിരുന്നു.