സംഘത്തിലെ പ്രധാനിയായ ശിവ് കുമാറിനാണ് ലോറന്‍സ് ബിഷ്‌ണോയ് ഗ്യാങ്ങുമായി ബന്ധമുണ്ടായിരുന്നത്
എന്‍.സി.പി. നേതാവും മഹാരാഷ്ട്ര മുന്‍ മന്ത്രിയുമായ ബാബാ സിദ്ദിഖിയുടെ കൊലപാതകത്തില്‍ മുഖ്യപ്രതി പിടിയില്‍. ബാബ സിദ്ദിഖിയെ കൊലപ്പെടുത്തിയ മൂന്നംഗ സംഘത്തിലെ ഒരാളായ ശിവ് കുമാര്‍ ഗൗതം ആണ് അറസ്റ്റിലായത്. ഇന്നലെ രാത്രിയോടെ ഉത്തര്‍പ്രദേശിലെ ബഹ്‌റൈച്ചില്‍ വെച്ചാണ് ഇയാളെ പിടികൂടിയത്. നേപ്പാളിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് അറസ്റ്റുണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍.
പ്രതിക്ക് ഒളിവിൽ കഴിയാൻ സൗകര്യം ഏര്‍പ്പാടാക്കുകയും നേപ്പാളിലേക്ക് കടക്കാന്‍ സഹായങ്ങളും ചെയ്ത നാല് പേരും അറസ്റ്റിലായിട്ടുണ്ട്. അനുരാഗ് കശ്യപ്, ഗ്യാന്‍ പ്രകാശ് ത്രിപാഠി, ആകാശ് ശ്രീവാസ്തവ, അഖിലേഷേന്ദ്ര പ്രതാപ് സിംഗ് എന്നിവരാണ് അറസ്റ്റിലായത്.
ഒക്ടോബര്‍ 12 ന് മുംബൈയില്‍ വെച്ചാണ് ബാബാ സിദ്ദിഖിയെ അക്രമികള്‍ വെടിവെച്ചു കൊന്നത്. സംഘത്തിലെ രണ്ട് പേര്‍ ഉള്‍പ്പെടെ ഇരുപത് പേര്‍ നേരത്തേ അറസ്റ്റിലായിരുന്നു. കൊലപാതക സംഘത്തിലെ മൂന്നാമനാണ് ഇന്നലെ അറസ്റ്റിലായത്.
ALSO READ: ജാതി സെൻസസ് മുതൽ ആരോഗ്യ ഇൻഷൂറൻസ് വരെ; തെരഞ്ഞെടുപ്പ് പ്രകടനപത്രിക പുറത്തുവിട്ട് മഹാ വികാസ് അഘാഡി
ഉത്തര്‍പ്രദേശ് പൊലീസും മുംബൈ പൊലീസും ചേര്‍ന്ന് നടത്തിയ ഓപ്പറേഷനിലാണ് ശിവ് കുമാറിനെ പിടികൂടിയത്. മൂവര്‍ സംഘത്തിലെ പ്രധാനിയായ ശിവ് കുമാറിനാണ് ലോറന്‍സ് ബിഷ്‌ണോയ് ഗ്യാങ്ങുമായി ബന്ധമുണ്ടായിരുന്നത്. ഇയാള്‍ വഴിയാണ് ബിഷ്‌ണോയ് സംഘം വിവരങ്ങള്‍ കൈമാറിയിരുന്നതെന്നും പൊലീസ് പറയുന്നു.
ചോദ്യം ചെയ്യലില്‍ ലോറന്‍സ് ബിഷ്‌ണോയ് ഗ്യാങ്ങുമായി ബന്ധമുണ്ടെന്ന് ശിവ് കുമാര്‍ സമ്മതിച്ചതായാണ് സൂചന. ലോറന്‍സ് ബിഷ്‌ണോയിയുടെ സഹോദരന്‍ അന്‍മോല്‍ ബിഷ്‌ണോയിയുടെ നിര്‍ദേശപ്രകാരമാണ് ബാബാ സിദ്ദിഖിയെ കൊലപ്പെടുത്തിയതെന്ന് ഇയാള്‍ സമ്മതിച്ചതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. അന്‍മോല്‍ കാനഡയിലാണെന്നാണ് പൊലീസ് വിശ്വസിക്കുന്നത്.
2022ല്‍ പഞ്ചാബി ഗായകന്‍ സിദ്ധു മൂസേവാലയുടെ കൊലപാതകത്തിലും ഏപ്രിലില്‍ സല്‍മാന്‍ ഖാന്റെ മുംബൈയിലെ വസതിക്ക് നേരെയുണ്ടായ വെടിവെയ്പ്പിലും അന്‍മോല്‍ ബിഷ്ണോയിയുടെ പേര് ഉയര്‍ന്നുവന്നിരുന്നു. എന്‍ഐഎയുടെ മോസ്റ്റ് വാണ്ടഡ് ലിസ്റ്റില്‍ ഉള്‍പ്പെട്ട അന്‍മോലിനെ പിടികൂടിയാല്‍ 10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.