ഇത്തവണത്തെ ലോക്‌സഭയിലെ 31 ശതമാനം പേർക്കെതിരെയുള്ളത് ബലാത്സംഗം, കൊലപാതകം, കൊലപാതകശ്രമം, തട്ടിക്കൊണ്ടുപോകൽ, സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ എന്നിങ്ങനെയുള്ള ഗുരുതരമായ കുറ്റങ്ങളാണ്.
ലോക്‌സഭയിലെ എംപിമാരിൽ പകുതിയോളം പേരും ക്രിമിനൽ കേസ് പ്രതികളാണെന്ന കണ്ടെത്തലുമായി അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ്. ക്രിമിനൽ കേസുകളിൽ പ്രതികളായിട്ടുള്ള 251 പേരാണ് ഇത്തവണ ലോക്‌സഭയിലെത്തിയിരിക്കുന്നത്. കണക്കുകൾ പ്രകാരം കഴിഞ്ഞ സഭകളെ അപേക്ഷിച്ച് ക്രിമിനലുകളായ എംപിമാരുടെ എണ്ണത്തിൽ ഗണ്യമായ വർധനയാണ് ഉണ്ടായിരിക്കുന്നത്. 18-ാം ലോക്‌സഭയിലെ 46 ശതമാനം എംപിമാർക്കെതിരെയും ക്രിമിനൽ കേസുകളുണ്ട്. ക്രിമിനൽ കേസുകളുള്ള സ്ഥാനാർഥികളുടെ എണ്ണത്തിൽ 2009 മുതൽ 55 ശതമാനം വർധനയാണ് ഉണ്ടായിരിക്കുന്നത് എന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
ഇത്തവണത്തെ ലോക്‌സഭയിലെ 31 ശതമാനം പേർക്കെതിരെയുള്ളത് ബലാത്സംഗം, കൊലപാതകം, കൊലപാതകശ്രമം, തട്ടിക്കൊണ്ടുപോകൽ, സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ എന്നിങ്ങനെയുള്ള ഗുരുതരമായ കുറ്റങ്ങളാണ്. ക്രിമിനൽ കേസുകളിൽ പ്രതികളാണെന്ന് 27 എംപിമാർ സത്യവാങ്മൂലം നൽകിയിട്ടുണ്ട്. സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളാണ് 15 എംപിമാർക്കെതിരെയുള്ളത്. അതിൽ രണ്ട് പേർക്കെതിരെയുള്ളത് ബലാത്സംഗ കുറ്റമാണ്. ക്രിമിനൽ ചരിത്രമുള്ള സ്ഥാനാർഥികൾക്ക് വിജയിക്കാനുള്ള സാധ്യത 15.3 ശതമാനം കൂടുതലാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. അതേസമയം ക്ലീൻ റെക്കോർഡുള്ളവരുടെ വിജയസാധ്യത വെറും 4.4 ശതമാനം മാത്രമാണ്.
പുതിയ ലോക്‌സഭയിലെത്തിയ 240 ബിജെപി എംപിമാരിൽ 39 ശതമാനം പേർക്കെതിരെയും ക്രിമിനൽ കേസുകളുണ്ട്. 26 ശതമാനം പേർക്കെതിരെയുള്ളത് ഗുരുതരമായ ക്രിമിനൽ കുറ്റങ്ങളാണ്. കോൺഗ്രസിൻ്റെ 99 എംപിമാരിൽ 49 പേർക്കെതിരെയും ക്രിമിനൽ കേസുകളുണ്ട് . അതിൽ 32 ശതമാനം പേരുടെയും ഗുരുതരമായ ക്രിമിനൽ കുറ്റങ്ങളാണ്. ഡിഎംകെയുടെ 22 എംപിമാരിൽ പകുതിയിലധികം പേർക്കെതിരെയും ക്രിമിനൽ കേസുകളുണ്ട്. സമാജ്‌വാദി പാർട്ടിയുടെ 37 എംപിമാരിൽ 57 ശതമാനം പേരും ക്രിമിനൽ കേസുകളുള്ളവരാണ്. ആർജെഡിയുടെ നാല് എംപിമാരും ഗുരുതരമായ ക്രിമിനൽ കേസുകളിൽ പ്രതികളാണ്.
ഏറ്റവും കൂടുതൽ ലോക്‌സഭാ സീറ്റുകളുള്ള ഉത്തർപ്രദേശ്, മഹാരാഷ്ട്ര, പശ്ചിമ ബംഗാൾ, ബിഹാർ, തമിഴ്‌നാട് എന്നീ അഞ്ച് സംസ്ഥാനങ്ങളിൽ 50 ശതമാനത്തിലധികം പേരും ക്രിമിനൽ റെക്കോർഡ് ഉള്ളവരാണ്. ക്രിമിനൽ കേസുകളുടെ കാര്യത്തിൽ മന്ത്രിമാരും പിന്നിലല്ല. മൂന്നാം മോദി സർക്കാരിലെ മന്ത്രിമാരിൽ 39 ശതമാനം പേർക്കും ക്രിമിനൽ കേസുകളുണ്ട്. മന്ത്രിമാരായ ശാന്തനു താക്കൂറിനും സുകാന്ത മജുംദാറിനുമെതിരെ ഐപിസി സെക്ഷൻ 307 പ്രകാരം വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്. ആഭ്യന്തര സഹമന്ത്രിയായിരുന്ന ബന്ദി സഞ്ജയ് കുമാറിന് 42 ക്രിമിനൽ കേസുകളാണുള്ളത്. മോദി മന്ത്രി സഭയിൽ ഏറ്റവും കൂടുതൽ ക്രിമിനൽ കേസുകളുള്ള മന്ത്രിയും അദ്ദേഹം തന്നെയാണ്. കേരളത്തിൽ നിന്ന് ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട 20 പ്രതിനിധികളിൽ 19 പേർക്കെതിരെയും ക്രിമിനൽ കേസുകൾ നിലവിലുണ്ട്. അതിൽ തന്നെ പകുതിയിലധികം പേർക്കെതിരെയുള്ളത് ഗുരുതരമായ ക്രിമിനൽ കേസുകളാണ്.