ഹർകിഷൻ സിംഗ് സുർജീത്തിൻ്റെയും ജ്യോതി ബസുവിൻ്റെയും വിശ്വസ്തനായി- അതിവേഗമായിരുന്നു പാർട്ടി സ്ഥാനങ്ങളിലേക്കുള്ള യെച്ചൂരിയുടെ വളർച്ച
മാർക്സിസ്റ്റ് നേതാക്കളുടെ കടുംപിടുത്തങ്ങൾ ഇല്ലെന്നതാണ് യെച്ചൂരിയെ വ്യത്യസ്തനാക്കിയത്. തെറ്റ് തിരുത്താനോ അത് തുറന്നുപറയാനോ മടിയില്ലാത്ത നേതാവ്. രാഷ്ട്രീയ എതിരാളികള്‍ക്ക് പ്രിയപ്പെട്ടവനായിരുന്ന അനിഷേധ്യ നേതാവായിരുന്നു കോമ്രേഡ് യെച്ചൂരി. കാര്യങ്ങൾ മറ്റുള്ളവർക്ക് മനസ്സിലാകുന്ന ഭാഷയിൽ വ്യക്തമായും സൗമ്യമായും പറഞ്ഞിരുന്ന ബഹുഭാഷാ വിദഗ്ദന്‍ കൂടിയായിരുന്നു അദ്ദേഹം.
കേരളത്തില്‍ പിണറായി വിജയനില്‍ നിന്ന് വിഎസിലേക്കുള്ള ദൂരമാണ് പ്രകാശ് കാരാട്ടില്‍ നിന്ന് സീതാറാം യെച്ചൂരിയിലേക്കുള്ളത്. കാരാട്ട് കരുത്തനായ നേതാവാണെങ്കില്‍ യെച്ചൂരി ആർക്കും കയ്യെത്തി തൊടാവുന്ന പ്രായോഗിക രാഷ്ട്രീയവാദിയാണ്. സ്വന്തം രാഷ്ട്രീയ മണ്ഡലത്തിന് പുറത്തുള്ളവരോടും സഖ്യപ്പെടാനുള്ള യെച്ചൂരിയുടെ കഴിവിന്- ഒരുകാലത്ത് സിപിഎമ്മിനെ സ്വാധീനശക്തിയായി ഉയർത്തിയതില്‍ ചെറുതല്ലാത്ത പങ്കുണ്ട്. ഇന്ത്യന്‍ കമ്യൂണിസത്തിലെ മെയിന്‍സ്ട്രീം- ലിബറല്‍- റാഡിക്കല്‍ കമ്യൂണിസ്റ്റായിരുന്നു യെച്ചൂരി.
2010-ൽ അന്ന് അമേരിക്കൻ പ്രസിഡൻ്റായിരുന്ന ബരാക് ഒബാമ ആദ്യമായി ഇന്ത്യ സന്ദർശിപ്പോള്‍ നടത്തിയ വിരുന്നില്‍ യെച്ചൂരിക്കും ക്ഷണമുണ്ടായിരുന്നു. അന്ന് ഇന്ത്യയില്‍ നിന്നൊരു കമ്യൂണിസ്റ്റ് നേതാവിനെ കണ്ടുമുട്ടിയതില്‍ സന്തോഷമെന്ന ഒബാമയുടെ വാക്കുകള്‍ക്ക് 'ഇന്ത്യയില്‍, കമ്യൂണിസം മുഖ്യധാരാ രാഷ്ട്രീയത്തിന്‍റെ ഭാഗമാണ്.. അതുകൊണ്ടാണ് താനിവിടെയിരിക്കുന്നത്- എന്നായിരുന്നു യെച്ചൂരിയുടെ മറുപടി.
ALSO READ: സീതാറാം യെച്ചൂരി അന്തരിച്ചു
ജെഎന്‍യുവിലെ വിദ്യാർഥി രാഷ്ട്രീയത്തില്‍ നിന്ന് പ്രസ്ഥാനം വളർത്തിയവരിലൊളായിരുന്നു യെച്ചൂരി. ഹർകിഷൻ സിംഗ് സുർജിത്തിൻ്റെയും ജ്യോതി ബസുവിൻ്റെയും വിശ്വസ്തനായി- അതിവേഗമായിരുന്നു പാർട്ടി സ്ഥാനങ്ങളിലേക്കുള്ള യെച്ചൂരിയുടെ വളർച്ച. ഹർകിഷൻ സിംഗ് സുർജീത്, ജ്യോതി ബസു, പി. രാംമൂർത്തി, എം. ബസവ പുന്നയ്യ എന്നീ പ്രമുഖർക്കൊപ്പമുള്ള ചൈന സന്ദർശം. അന്ന് ഹിന്ദിയിലും ബംഗാളിയിലും തമിഴിലും തെലുങ്കിലും മാറിമാറി സംവദിക്കുന്ന യെച്ചൂരിയെ നോക്കി, ജ്യോതി ബസു പറഞ്ഞു. ഇയാള്‍ അപകടകാരിയാണ്. യെച്ചൂരിയുടെ ബഹുഭാഷാ വൈദഗ്ദ്യത്തിലായിരുന്നു ജ്യോതി ബസുവിന്‍റെ പ്രശംസ. ഒരു ദശാബ്ദക്കാലത്തോളം സിപിഎമ്മിന്‍റെ ആഴ്ചപതിപ്പായ പീപ്പിൾസ് ഡെമോക്രസിയുടെ എഡിറ്ററുമായിരുന്നു ഇന്ത്യയിലെ എഴുത്തുകാരുടെ പ്രമുഖനിരയിലുള്ള യെച്ചൂരി.
അന്താരാഷ്‌ട്ര ബന്ധത്തിലും സാമ്പത്തിക നയരൂപീകരണത്തിലും യെച്ചൂരിയോട് സിപിഎമ്മിന് വിയോജിക്കേണ്ടി വന്നിട്ടുണ്ട്. യുപിഎ സർക്കാരിനെ വീഴ്ത്തിയ ആണവ കരാറില്‍, അന്ന് ഇടതുപക്ഷത്തിന്‍റെ വ്യവസ്ഥകള്‍ തയ്യാറാക്കി അവതരിപ്പിച്ച് സർക്കാർ അംഗീകാരം നേടിയത് യെച്ചൂരിയാണ്. അന്ന് പാർട്ടി താത്പര്യങ്ങള്‍ക്ക് വിരുദ്ധമെന്ന, പ്രകാശ് കാരാട്ടിന്‍റെ രാഷ്ട്രീയ പിടിവാശിയില്‍ തോറ്റുമടങ്ങിയ ചരിത്രമുണ്ട് സീതാറാം യെച്ചൂരിക്ക്. ആ തീരുമാനം തെറ്റായിരുന്നു എന്ന് ഇന്ത്യയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്‍റെ തളർച്ചയുടെ അമരത്തിരുന്ന് യെച്ചൂരി തിരുത്തിയതും ചരിത്രം.