അറസ്റ്റില്‍ പ്രതിഷേധിച്ച് യൂന്‍ അനുകൂലികളും ഭരണകക്ഷിയായ പീപ്പില്‍ പവര്‍ പാര്‍ട്ടി അംഗങ്ങളും സ്ഥലത്ത് തടിച്ചു കൂടിയിരുന്നു.
ഇംപീച്ച് ചെയ്യപ്പെട്ട സൗത്ത് കൊറിയന്‍ പ്രസിഡന്റ് യൂന്‍ സൂക് യോളിനെ അറസ്റ്റ് ചെയ്തു. നാടകീയ നീക്കങ്ങള്‍ക്കൊടുവിലാണ് അറസ്റ്റ്. സൈനിക നിയമം നടപ്പാക്കാനൊരുങ്ങിയതിനെ തുടര്‍ന്നാണ് യൂന്‍ സൂക് യോള്‍ ഇംപീച്ച് ചെയ്യപ്പെട്ടത്.
ആയിരക്കണക്കിന് വരുന്ന അഴിമതി വിരുദ്ധ അന്വേഷകരും പോലീസും യൂനിന്റെ പ്രസിഡന്‍ഷ്യല്‍ കോമ്പൗണ്ട് റെയ്ഡ് ചെയ്തിരുന്നു. അറസ്റ്റില്‍ പ്രതിഷേധിച്ച് യൂന്‍ അനുകൂലികളും ഭരണകക്ഷിയായ പീപ്പില്‍ പവര്‍ പാര്‍ട്ടി അംഗങ്ങളും സ്ഥലത്ത് തടിച്ചു കൂടിയിരുന്നു. അറസ്റ്റ് തടയാന്‍ അനുകൂലികള്‍ മനുഷ്യച്ചങ്ങലയും തീര്‍ത്തു.
ഇത്തരത്തില്‍ അറസ്റ്റിലാകുന്ന ആദ്യത്തെ ദക്ഷിണ കൊറിയന്‍ പ്രസിഡന്റ്. അറസ്റ്റ് നിയമവിരുദ്ധമാണെന്നും പരസ്യമായി അപമാനിക്കാന്‍ വേണ്ടിയാണെന്നും അദ്ദേഹത്തിന്റെ അഭിഭാഷകര്‍ ആരോപിച്ചു.
ഇംപീച്ച് നടപടി നേരിട്ടതിനെ തുടര്‍ന്ന് യൂനിനെ അറസ്റ്റ് ചെയ്യാന്‍ നേരത്തേയും ശ്രമങ്ങള്‍ ഉണ്ടായിരുന്നെങ്കിലും നടപടി ഉണ്ടായിരുന്നില്ല.
ദക്ഷിണ കൊറിയയില്‍ പട്ടാള നിയമം പ്രഖ്യാപിച്ചതില്‍ വിവിധ അന്വേഷണങ്ങളാണ് യൂനിനെതിരെ നടക്കുന്നത്. ഡിസംബര്‍ മൂന്നിനാണ് പ്രസിഡന്റ് യൂന്‍ സൂക് യോള്‍ സൗത്ത് കൊറിയയില്‍ പട്ടാള നിയമം അടിച്ചേല്‍പ്പിച്ചത്. എന്നാല്‍ രാജ്യത്തുടനീളവും വലിയ തോതില്‍ പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തില്‍ നിയമം പിന്‍വലിക്കുകയായിരുന്നു.
ഡിസംബര്‍ 14നാണ് യൂനിനെ പാര്‍ലമെന്റ് ഇംപീച്ച് ചെയ്തത്. ഇംപീച്ച് ചെയ്യപ്പെട്ടതോടെ യൂനിന്റെ പ്രസിഡന്‍ഷ്യല്‍ അധികാരങ്ങള്‍ റദ്ദായിരുന്നു. പ്രധാനമന്ത്രി ഹാന്‍ ഡക്ക്-സൂവിനാണ് പ്രസിഡന്റിന്റെ താത്ക്കാലിക ചുമതല. സിയോളില്‍ നടന്ന ദേശീയ അസംബ്ലി പ്ലീനറി സെഷനിലാണ് ദക്ഷിണ കൊറിയന്‍ പ്രസിഡന്റിനെ ഇംപീച്ച് ചെയ്യാനുള്ള വോട്ടെടുപ്പ് നടന്നത്. 300 പാര്‍ലമെന്റ് അംഗങ്ങളില്‍ 204 പേര്‍ ഇംപീച്ചുമെന്റീനെ അനുകൂലിച്ചപ്പോള്‍ 85 പേര്‍ എതിര്‍ത്തു. മൂന്ന് നിയമസഭാംഗങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. നാലു വോട്ടുകള്‍ അസാധുവായി.