എണ്‍പത്തിഒന്നേമുക്കാല്‍ ശതമാനം വരുന്ന ഹിന്ദുവോട്ടുകള്‍ക്കു വേണ്ടി നടത്തിയ ഗോഗ്വാ വിളികളെയാണ് ഡല്‍ഹിയില്‍ പ്രചാരണം എന്നുവിളിച്ചത്.
രാജ്യത്ത് ഏറ്റവും വര്‍ഗീയവല്‍ക്കരിക്കപ്പെട്ട തെരഞ്ഞെടുപ്പ് പ്രചാരണം നടന്നത് നിര്‍ഭാഗ്യവശാല്‍ തലസ്ഥാനമായ ഡല്‍ഹിയിലാണ്. രാമനാമം ജപിച്ചും അയോധ്യയിലെ ക്ഷേത്രത്തിലേക്ക് ടൂര്‍ പാക്കേജുകള്‍ പ്രഖ്യാപിച്ചും ബിജെപി. സനാതന ധര്‍മ രക്ഷാപദ്ധതിയും പൂജാരിമാര്‍ക്ക് മാസംതോറും ദക്ഷിണയും പ്രഖ്യാപിച്ച് ആംആദ്മി പാര്‍ട്ടി. മുസ്ലിം ഭൂരിപക്ഷ മേഖലകളിലേക്കു പ്രചാരണം ചുരുക്കി കോണ്‍ഗ്രസ്. കെജ്‌രിവാളും മനീഷ് സിസോദിയയും ജയിലില്‍ കിടന്ന മദ്യനയ അഴിമതി ഇതിനിടെ ചര്‍ച്ചപോലും ആയില്ല. യമുനയിലെ മാലിന്യപ്രശ്‌നം രണ്ടുപാര്‍ട്ടികളും ഉയര്‍ത്തിക്കാണിച്ചതുപോലും വര്‍ഗീയ ലക്ഷ്യങ്ങളോടെ ആയിരുന്നു. എണ്‍പത്തിഒന്നേമുക്കാല്‍ ശതമാനം വരുന്ന ഹിന്ദുവോട്ടുകള്‍ക്കു വേണ്ടി നടത്തിയ ഗോഗ്വാ വിളികളെയാണ് ഡല്‍ഹിയില്‍ പ്രചാരണം എന്നുവിളിച്ചത്.
ഏറ്റവും വര്‍ഗീയവല്‍ക്കരിക്കപ്പെട്ട പ്രചാരണം ഡല്‍ഹിയിലോ?
മുന്‍ കേന്ദ്രമന്ത്രിയും ഇപ്പോള്‍ കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗം ഡപ്യൂട്ടി ചെയര്‍മാനുമായ പി.സി. തോമസിൻ്റെ തെരഞ്ഞെടുപ്പ് കേരള ഹൈക്കോടതി അസാധുവാക്കിയത് 20 വര്‍ഷം മുന്‍പാണ്. അതു സുപ്രീം കോടതിയും ശരിവച്ചു. പ്രചാരണ നോട്ടീസില്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ കൈമുത്തിയിട്ടുണ്ടെന്നും മദര്‍ തെരേസെയെ വിശുദ്ധയായി പ്രഖ്യാപിക്കുന്ന ചടങ്ങില്‍ റോമില്‍ പങ്കെടുത്തിട്ടുണ്ടെന്നും പറഞ്ഞതിനാണ് അയോഗ്യനാക്കിയത്. ക്രിസ്തുവിൻ്റെ സാന്നിധ്യത്തില്‍ ഭരണാധികാരിയായ ഉയര്‍ത്തപ്പെട്ട ജോസഫുമായി ആ നോട്ടിസില്‍ പി.സി. തോമസിനെ താരതമ്യവും ചെയ്തിട്ടുണ്ടായിരുന്നു. ആ മാനദണ്ഡം വച്ചാണെങ്കില്‍ ഡല്‍ഹിയില്‍ മല്‍സരിക്കുന്ന ബിജെപിയുടേയും ആംആദ്മി പാര്‍ട്ടിയുടേയും മുഴുവന്‍ സ്ഥാനാര്‍ത്ഥിമാരും അയോഗ്യരാകണം. രാമൻ്റെ ഭൂമി തിരിച്ചുപിടിച്ചവര്‍ ഡല്‍ഹി ഭരിക്കണം എന്നാണ് ബിജെപിയുടെ പ്രചാരണ മുദ്രാവാക്യം തന്നെ. ആംആദ്മി പാര്‍ട്ടിയാകട്ടെ പൂജാരിമാര്‍ക്ക് മാസം 18,000 രൂപ ഇനാം പ്രഖ്യാപിച്ചതാണ് പ്രചാരണത്തിനുപയോഗിക്കുന്നത്. അതിനുപുറമെ സനാതന ധര്‍മ രക്ഷാസമിതി രൂപീകരിക്കുകയും ഹനുമാന്‍ ചാലീസ ചൊല്ലുകയും ചെയ്യുന്നു. കോണ്‍ഗ്രസ് ആകട്ടെ മുസ്ലീം ഭൂരിപക്ഷ മേഖലകളില്‍ ഇരുപാര്‍ട്ടികളുടേയും ഹിന്ദുപ്രീണനം അക്കമിട്ടു പറഞ്ഞാണ് വോട്ട് പിടിക്കുന്നത്.
Also Read: കേരളം തല ഉയര്‍ത്തിയ സാമ്പത്തിക സര്‍വേ
പാര്‍ട്ടികള്‍ മറച്ചുവയ്ക്കാതെ പറയുന്നത്
ആംആദ്മി പാര്‍ട്ടി തെരഞ്ഞെടുപ്പിൻ്റെ അവസാനഘട്ടത്തില്‍ പ്രഖ്യാപിച്ച പൂജാരിമാര്‍ക്കും സിഖ് ആരാധനാലയങ്ങളിലെ ഗ്രന്ഥികള്‍ക്കുമുള്ള ഇനാം നോക്കുക. 18,000 രൂപ വീതമുള്ള ആ തുക ബുദ്ധ, ജൈന ആരാധനാലയങ്ങളിലുള്ളവര്‍ക്കു കിട്ടുന്നില്ല. നിരവധി ക്രൈസ്തവ ദേവാലയങ്ങളുണ്ട് ഡല്‍ഹിയില്‍. അവിടെയുള്ള പുരോഹിതര്‍ക്കും ഈ സഹായം പ്രഖ്യാപിച്ചിട്ടില്ല. എണ്‍പത്തിയൊന്നേമുക്കാല്‍ ശതമാനം വരുന്ന ഹൈന്ദവ വോട്ടുകള്‍. മൂന്നേമുക്കാല്‍ ശതമാനം വരുന്ന സിഖ് വോട്ടുകള്‍. ഇതുരണ്ടും ലക്ഷ്യമിട്ടാണ് കേജ്രിവാളിൻ്റെ പാര്‍ട്ടി ഈ പ്രഖ്യാപനം നടത്തിയത്. പത്തു വര്‍ഷവും 48 ദിവസവും ഡല്‍ഹി ഭരിച്ചത് ആംആദ്മി പാര്‍ട്ടിയാണ്. അതില്‍ ഒന്‍പതേമുക്കാല്‍ വര്‍ഷവും കെജ്‌രിവാള്‍ ആയിരുന്നു മുഖ്യമന്ത്രി. ഇക്കാലത്തൊന്നും എന്തുകൊണ്ട് പൂജാരിമാര്‍ക്കുള്ള 18,000 രൂപയുടെ മാസശമ്പളം നടപ്പാക്കിയില്ല. പ്രചാരണം അവസാനിക്കാന്‍ അഞ്ചുദിവസം മാത്രമുള്ളപ്പോഴായിരുന്നു പൂജാരിമാര്‍ക്കുള്ള ഇനാം പ്രഖ്യാപിച്ചത്. ഡല്‍ഹിയില്‍ അതൊരു പുതിയ ആവശ്യമായിരുന്നില്ല. മുസ്ലിം പുരോഹിതര്‍ക്ക് മാസം 10,000 രൂപ വീതം നല്‍കിയിരുന്ന തുക 18,000 ആയി വര്‍ദ്ധിപ്പിച്ചത് ആംആദ്മി പാര്‍ട്ടിയാണ്. 2020ലെ തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പായിരുന്നു ആ പ്രഖ്യാപനം. കോണ്‍ഗ്രസ് ജയിച്ചുകൊണ്ടിരുന്ന മുസ്ലിം ഭൂരിപക്ഷ മേഖലകളിലെ സീറ്റുകള്‍ കൂടി അതോടെ ആംആദ്മി പാര്‍ട്ടി നേടി.
നിര്‍മിച്ചെടുക്കുന്ന പല പ്രതിച്ഛായകള്‍
ഇമാംമാര്‍ക്ക് ഇനാം നല്‍കിയ കാലംമുതല്‍ തന്നെ പൂജാരിമാരും ഇതേ ആവശ്യം ഉന്നയിക്കുന്നതാണ്. മറ്റു മതവിഭാഗങ്ങളില്‍ നിന്ന് ഈ ആവശ്യം ഉയര്‍ന്നതോടെ സര്‍ക്കാരെടുത്തത് വിചിത്രമായ തീരുമാനമായിരുന്നു. ഇമാംമാര്‍ക്കുള്ള ശമ്പളം 18 മാസമായി നല്‍കിയില്ല. ഇതോടെ ആംആദ്മി പാര്‍ട്ടി സര്‍ക്കാര്‍ ഇസ്ലാം വിരുദ്ധരാണെന്ന പ്രതിച്ഛായയായി. ഈ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ബോധപൂര്‍വം സൃഷ്ടിച്ചെടുത്തതാണ് ആ പ്രതിച്ഛായ എന്നാണ് ഇപ്പോഴുയരുന്ന ആരോപണം. ഡല്‍ഹിയിലെ ആകെ വോട്ടര്‍മാര്‍ ഒരു കോടി അന്‍പത്തിയഞ്ചു ലക്ഷമാണ്. അതില്‍ ഒന്നേകാല്‍ കോടിയും ഹിന്ദുക്കളാണ്. ആ വോട്ടിന് വേണ്ടിയാണ് ആംആദ്മി പാര്‍ട്ടി ഈ നീക്കം നടത്തിയത് എന്ന് പകല്‍പോലെ വ്യക്തമാണ്. 1952ലെ ആദ്യ തെരഞ്ഞെടുപ്പില്‍ തന്നെ ജനസംഖത്തിന് 38 ശതമാനം വോട്ട് കിട്ടിയ സ്ഥലമാണ് ഡല്‍ഹി. 1993ല്‍ സംസ്ഥാനമായി ആദ്യ തെരഞ്ഞെടുപ്പ് നടന്നപ്പോള്‍ തന്നെ ജയിച്ച് അധികാരത്തിലെത്തിയതും ബിജെപിയാണ്. അവിടെ കഴിഞ്ഞ 25 വര്‍ഷമായി ബിജെപി അധികാരത്തിലില്ല. ഇത്രയേറെ അനുകൂലഘടകങ്ങള്‍ ഉണ്ടായിട്ടും ഡല്‍ഹിയില്‍ അധികാരം കിട്ടാതെ പോകുന്നത് ബിജെപിയെ തെല്ലൊന്നുമല്ല അമ്പരപ്പിക്കുന്നത്.
എന്തിനാണ് ഇങ്ങനെ തെരഞ്ഞെടുപ്പ് കമ്മിഷന്‍
1998 മുതല്‍ 15 വര്‍ഷം ഷീലാ ദീക്ഷിതും പിന്നെ അരവിന്ദ് കെജ്‌രിവാളും അതീഷി സിങ്ങും. 2014 മുതല്‍ നടന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പുകളിലെല്ലാം ബിജെപി പൂര്‍ണവിജയം തന്നെ നേടുകയും ചെയ്തതാണ്. 2014, 2019, 2024 ലോക് സഭാ തെരഞ്ഞെടുപ്പുകളില്‍ ഡല്‍ഹിയിലെ ഏഴു സീറ്റിലും ജയിച്ചത് ബിജെപിയാണ്. വര്‍ഗീയമായ നിലപാട് പ്രഖ്യാപനം ഒരു മറയുമില്ലാതെ നടത്തിയിരുന്ന സംസ്ഥാനമാണ് ഡല്‍ഹി. പക്ഷേ, ഇപ്പോഴത് പാരമ്യത്തില്‍ എത്തിയിരിക്കുന്നു. ജാതിയേയും മതത്തേയും സ്വാധീനിക്കുന്ന വിധത്തില്‍ വോട്ട് പിടിക്കരുത് എന്ന് തെരഞ്ഞെടുപ്പ് ചട്ടത്തില്‍ എഴുതിവച്ചിട്ടുള്ള രാജ്യമാണു നമ്മളുടേതാണ്. അങ്ങനെ പ്രചാരണം നടത്തിയവരുടെ അംഗത്വം തന്നെ റദ്ദാക്കിയ പാരമ്പര്യവും ഇന്നാട്ടിലുണ്ട്. പക്ഷേ, ഡല്‍ഹിയില്‍ ഇങ്ങനെ കൊടുമ്പിരിക്കൊണ്ട് മതപ്രീണനം നടത്തിയിട്ടും ഒരു കടലാസുപോലും തെരഞ്ഞെടുപ്പ് കമ്മിഷന്‍ അയച്ചതായി ആര്‍ക്കും അറിയില്ല. ഏതെങ്കിലും പാര്‍ട്ടി പരാതി നല്‍കിയതായും കേള്‍ക്കാനില്ല. പരാതി നല്‍കുന്നവരെപ്പോലും വര്‍ഗീയമായി ഒറ്റപ്പെടുത്തിക്കളയും എന്നതിനാല്‍ ഇതല്ല, ഇതിലപ്പുറവും ഇനി കാണേണ്ടിവരും.