SPOTLIGHT | സുനിത വില്യംസ് ലോകത്തോടു പറയുന്നത്
logo

ന്യൂസ് ഡെസ്ക്

Posted : 23 Mar, 2025 12:37 PM

സത്യമാണ് ശാസ്ത്രമെന്നും കൃത്യമാണ് സാങ്കേതിക വിദ്യയെന്നും ഉറപ്പിച്ചു പറഞ്ഞ ഒന്‍പതര മാസം. ഓരോ പിഴവിനും ഓരോ കാരണമുണ്ടെന്ന് ഭൂമിയില്‍ കണ്ണുനട്ടിരുന്ന ഓരോരുത്തരേയും പഠിപ്പിച്ച ദിവസങ്ങള്‍

WORLD


മനുഷ്യന്‍ എങ്ങനെ ഈ ലോകത്ത് പ്രതിസന്ധികളെ അതിജീവിക്കും? ആചോദ്യത്തിന് ഇനി ഒരു ഉത്തരമുണ്ട്. സുനിതാ വില്യംസിനേയും ബുച്ച് വില്‍മോറിനേയും പോലെ എന്നായിരിക്കുമത്. ദിവസം കഴിയുന്തോറും കൂടുതല്‍ ഉണങ്ങുന്ന ഡീ ഹൈഡ്രേറ്റഡ് പഴങ്ങള്‍ കൊണ്ട് കലോറി തികച്ച്, കൊണ്ടുപോയ പിസയും ചിക്കന്‍ റോസ്റ്റും ജീവന്‍ നിലനിര്‍ത്താനുള്ള അളവിന് മാത്രം കഴിച്ച്, 530 ഗ്യാലന്‍ മാത്രം ശേഷിയുള്ള സംഭരണിയിലേക്ക് സ്വന്തം ശരീരം പുറംതള്ളുന്ന വെള്ളം തന്നെ ശുദ്ധീകരിച്ച് എത്തുന്നുവെന്ന സത്യമറിഞ്ഞ്, എത്ര ആഗ്രഹിച്ചാലും സ്വന്തം കുടുംബത്തെ കാണാനാകാതെ, നിന്നു തിരിയാന്‍ മറ്റൊരു ഇടമില്ലാതെ ഒന്‍പതുമാസവും 14 ദിവസവും. അസൂയയ്ക്കും കുശുമ്പിനും കുന്നായ്മയ്ക്കും മുതല്‍ വര്‍ഗീയതയ്ക്കും വംശീയതയ്ക്കും തീവ്രവാദത്തിനും വരെ പ്രതിസന്ധിയില്‍ ഒന്നും ചെയ്യാനില്ലെന്നു പഠിപ്പിച്ച 287 ദിവസം. കെട്ടിപ്പൊക്കിയ സൗധങ്ങളും വെട്ടിപ്പിടിച്ച ഭൂമിയും അതിജീവിക്കാന്‍ ആവശ്യമില്ലെന്നു തെളിഞ്ഞ മാസങ്ങള്‍. സത്യമാണ് ശാസ്ത്രമെന്നും കൃത്യമാണ് സാങ്കേതിക വിദ്യയെന്നും ഉറപ്പിച്ചു പറഞ്ഞ ഒന്‍പതര മാസം. ഓരോ പിഴവിനും ഓരോ കാരണമുണ്ടെന്ന് ഭൂമിയില്‍ കണ്ണുനട്ടിരുന്ന ഓരോരുത്തരേയും പഠിപ്പിച്ച ദിവസങ്ങള്‍. അധികാരമത്തുകൊണ്ടുണ്ടാകുന്ന അഹന്തയ്ക്കും അഹമ്മതിക്കും താന്തോന്നിത്തരത്തിനുമൊന്നും ഈ ലോകത്ത് സ്ഥാനമില്ലെന്നും താന്‍പോരിമ കാണിക്കേണ്ടത് ശാസ്ത്രമികവിലാണെന്നും ലോകം ഒരിക്കല്‍ കൂടി അറിയുകയാണ്. അതിനു കാരണക്കാരായ സുനിതാ വില്യംസിനേയും ബുച്ച് വില്‍മോറിനേയും സല്യൂട്ട് ചെയ്ത് ഇന്നത്തെ സ്‌പോട്ട് ലൈറ്റ് ആരംഭിക്കുന്നു.


സുനിത വില്യംസ് ലോകത്തോടു പറയുന്നത്


കല്‍പ്പന ചൗള കൊളംബിയയ്‌ക്കൊപ്പം കത്തിയെരിഞ്ഞതിനും സുനിതാ വില്യംസ് നാലാം വട്ടവും കുഴപ്പങ്ങളില്ലാതെ മടങ്ങിവന്നതിനും കൃത്യമായ കാരണങ്ങളുണ്ട്. ഈ ഭൂമിയില്‍ നടക്കുന്ന ഓരോ സംഭവത്തിനും അതുപോലെ ശാസ്ത്രീയമായ നിമിത്തങ്ങളുണ്ട്. പക്ഷേ, ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ കാല്‍നൂറ്റാണ്ടു പൂര്‍ത്തിയാകുമ്പോഴും വംശീയതയും വര്‍ഗീയതയും പറഞ്ഞു നടക്കുന്നവര്‍ക്കാണ് ലോകത്ത് മേല്‍ക്കൈ. മനുഷ്യനെ പലതട്ടിലായി തിരിക്കുന്നവരുടെ കയ്യിലാണ് ചെങ്കോലും കിരീടവും. മനുഷ്യനുണ്ടാക്കുന്ന വിഭവങ്ങളില്‍ മുക്കാലും യുദ്ധം ചെയ്യാനാണ് പൊടിച്ചുതീര്‍ക്കുന്നത്. യുദ്ധമില്ലാത്ത രാജ്യങ്ങള്‍ തീവ്രവാദികളെ അമര്‍ച്ച ചെയ്യാനാണ് ഖജനാവ് കാലിയാക്കുന്നത്. പാകിസ്ഥാനില്‍ നിന്ന് വിഭജനത്തെ തുടര്‍ന്ന് ഹരിയാനയിലെ കര്‍ണാലിലെത്തിയ കുടുംബത്തില്‍ ജനിച്ച കല്‍പ്പനാ ചൗള, അമേരിക്കയിലേക്കു പോയതിനു ശാസ്ത്രീയമായ ഒരു കാരണമുണ്ട്. ഏയ്‌റോസ്‌പേസ് എന്‍ജിനിയറിങ്ങില്‍ ഇന്ത്യയില്‍ നിന്നു നേടിയ ബിരുദത്തിനപ്പുറമൊന്നും നല്‍കാന്‍ അന്ന് ഈ രാജ്യത്തിന് കെല്‍പ്പുണ്ടായിരുന്നില്ല. അങ്ങനെ മികവു നേടുക എന്ന ഒറ്റ ആഗ്രഹത്തില്‍ അമേരിക്കയിലും പിന്നെ ബഹിരാകാശത്തുമെത്തിയ കല്‍പനയുടെ അനുഭവമാണ് ഇപ്പോള്‍ സുനിതയുടെ മടങ്ങിവരവിന് വഴിയൊരുക്കിയത്. കൊളംബിയയ്ക്കുണ്ടായ പാളിച്ചകള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള മുന്‍കരുതലാണ് ഒന്‍പതരമാസം സുനിതയേയും വില്‍മോറിനേയും അവിടെ നിര്‍ത്തിയത്.


Also Read: പെരിയാറില്‍ വിഷം കലക്കുന്നത് ആരൊക്കെ?


എന്തിനീ ബഹിരാകാശ ദൗത്യങ്ങള്‍?


സുനിതാ വില്യംസും ബുച്ച് വില്‍മോറും പിന്നിലാക്കിപ്പോന്ന ബഹിരാകാശ നിലയം പൊളിച്ചുകളയാന്‍ ഇനി ഏറെക്കാലമില്ല. തെരഞ്ഞെടുക്കപ്പെട്ട മനുഷ്യര്‍ കാല്‍നൂറ്റാണ്ടായി അതില്‍ ഇടതടവില്ലാതെ ഭൂമിയെ ചുറ്റുകയായിരുന്നു. അക്കൂട്ടത്തില്‍ ലോകചരിത്രത്തില്‍ ഇനി എക്കാലത്തേക്കുമായി രേഖപ്പെടുത്തുന്ന രണ്ടു പേരുകകളായിരിക്കും ബുച്ച് വില്‍മോറും സുനിതാ വില്യംസും. കയ്യിലുള്ള മൊബൈല്‍ ഫോണിന്റെ ബാറ്ററി കാലിയായാല്‍ തന്നെ ലോകം നിലച്ചെന്നു കരുതി പരിഭ്രാന്തരാകുന്നവരുടെ കാലമാണ്. അവിടെയാണ് പൂര്‍ണ അനിശ്ചിതത്വത്തില്‍ ഒന്‍പതു മാസവും 14 ദിവസവും ഇരുവരും ജീവിച്ചത്. ഓടിക്കുന്ന സ്‌കൂട്ടറില്‍ പെട്രോള്‍ കഴിഞ്ഞാല്‍ കാലിക്കുപ്പിയുമായി പമ്പുവരെ പോകേണ്ടിവരുന്ന കഥ സാഹസികമായി വിവരിക്കുന്നവരാണ് ചുറ്റുമുള്ളത്. അവിടെയാണ് തിരികെ വരാന്‍ കഴിയുമോ എന്ന് ഉറപ്പില്ലാതെ ഇരുവരും കഴിഞ്ഞുകൂടിയത്. കുടയെടുക്കാന്‍ മറന്നദിവസം മഴപെയ്താല്‍ തന്നെ ലോകം നിലച്ചെന്ന് പരിഭ്രമിക്കുന്നവര്‍ക്കിടയിലാണ് അവര്‍ അനിശ്ചിതത്വങ്ങളുടെ ബഹിരാകാശത്ത് കഴിഞ്ഞുകൂടിയത്. വിരമിക്കല്‍ പ്രായം 55ല്‍ നിന്ന് 56 ആക്കിയപ്പോഴേക്കും കൊടുംചതിയായിപ്പോയി എന്നു പറയുന്നവരുടെ കാലത്താണ് അന്‍പത്തിയൊന്‍പതാം വയസ്സില്‍ സകല ചെറുപ്പക്കാരേയും പിന്നിലാക്കി സുനിതാ വില്യംസ് ബഹിരാകാശ പേടകം കയറിയത്.


സുനിത കൊണ്ടുപോയ സമൂസയും സോസും



പിതാവ് ഗുജറാത്തുകാരന്‍. ആ സ്‌നേഹം ഒരു സമൂസയില്‍. മാതാവ് സ്ലോവേനിയയില്‍. ആ സ്‌നേഹം ഒരു കാര്‍ണിയോളിയന്‍ സോസില്‍. സുനിതാ വില്യംസ് ബഹിരാകാശത്തേക്കു പോയപ്പോള്‍ മാതാപിതാക്കളുടെ നാടിനെ ഒപ്പംകൊണ്ടുപോയത് ഇങ്ങനെയാണ്. ശരിക്കും മാതൃഭൂമിക്കും പിതൃഭൂമിക്കും ഇതിനപ്പുറം സ്ഥാനമൊന്നും ഉത്തരാധുനിക മനുഷ്യര്‍ക്കില്ല. പഠിക്കാന്‍ വിദേശത്തു പോകുമ്പോഴേക്ക് നമ്മുടെ കുട്ടികള്‍ വശംകെട്ടുപോകുന്നുവെന്ന പരിദേവനങ്ങളാണ് എങ്ങും ഉയരുന്നത്. മാതാവ് ചെന്നൈയില്‍ നിന്ന് വിമാനം കയറിയിരുന്നില്ലെങ്കില്‍ കമലാ ഹാരിസ് എന്ന നാം അറിയുന്ന പ്രതിഭാസം ഉണ്ടാകുമായിരുന്നില്ല. മാതാപിതാക്കള്‍ മകളെ ഹരിയാനയില്‍ നിന്നു പോകാന്‍ അനുവദിച്ചിരുന്നില്ലെങ്കില്‍ നാമറിയുന്ന കല്‍പനാ ചൗളയും ഉണ്ടാകുമായിരുന്നില്ല. ഗുജറാത്തില്‍ നിന്ന് പിതാവ് അമേരിക്കയില്‍ എത്തിയിരുന്നില്ലെങ്കില്‍ സുനിതാ വില്യംസ് എന്ന പോരാളിയും ഉണ്ടാകുമായിരുന്നില്ല. ഇതിനാണ് ശാസ്ത്രത്തിന്റെ നിമിത്തം എന്നു പറയുന്നത്. അത് ഓര്‍മിപ്പിക്കുകയാണ് സുനിതാ വില്യംസ് ബഹിരാകാശത്ത് ചെലവഴിച്ച 287 ദിവസങ്ങള്‍.


Also Read: കേരളത്തില്‍ ലഹരിയാകുന്ന കൊലപാതകങ്ങള്‍ 


ആ മടങ്ങിവരവിന്റെ ആനന്ദം

ബോയിങ് സിഎസ് ടി 100 സ്റ്റാര്‍ ലൈനറില്‍ അങ്ങോട്ട്. അവിടെ വച്ച് സുനിതയേയും വില്‍മോറിനേയും കൂട്ടാതെ മടങ്ങിവരാനുള്ള തീരുമാനം. ആ ജൂണില്‍ സാധാരണക്കാരായ നമ്മളെല്ലാവരും കരുതിയത് അതേമാസം തന്നെ അടുത്ത പേടകം പോകുമായിരിക്കും എന്നാണ്. അല്ലെങ്കില്‍ അടുത്തമാസം എന്നാണ് പൊതുധാരണ. 2025ല്‍ മാത്രമെ ആ ദൗത്യം സാധിക്കൂ എന്ന് നാസ പറയുമ്പോള്‍ അവിശ്വസനീയതയോടെ പുരികം ചുളിച്ചിരുന്നവരാണ് ലോകമെങ്ങുമുള്ള സാധാരണക്കാര്‍. നാസയ്ക്കും സയന്‍സിനും ആ ഒന്‍പതു മാസവും 14 ദിവസവും ഒരു ഗര്‍ഭകാലത്ത് എന്നതുപോലെയുള്ള പരിചരണങ്ങളുടെ സമയമായിരുന്നു. ബോയിങ്ങില്‍ പോയ ഇരുവരേയും കൊണ്ടുവരാന്‍ ഒടുവില്‍ സ്‌പേസ് എക്‌സ് ക്രൂ ഡ്രാഗണാണ് പുറപ്പെട്ടത്. അതുതന്നെ ശാസ്ത്രത്തിന്റെ ജനകീയവല്‍ക്കരണത്തിന്റെ തെളിവായി. നാസ മുതല്‍ ഐഎസ്ആര്‍ഒ വരെയുള്ള സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കു മാത്രമല്ല, പണം കയ്യിലുണ്ടെങ്കില്‍ ജെഫ് ബസൂസ് മുതല്‍ എലോണ്‍ മസ്‌കിനു വരെ ബഹിരാകാശ യാത്ര ഇന്നു നിസ്സാരമായി സാധ്യമാകും. ഫ്‌ളോറിഡ തീരത്ത് ഇരുവരും രക്ഷാദൌത്യത്തിലുണ്ടായിരുന്നവര്‍ക്കൊപ്പം പറന്നിറങ്ങുമ്പോള്‍ ലോകത്തിനും ശാസ്ത്രത്തിനും അതു ചെറിയൊരു ചുവടുമാത്രമാണ്. ഇതുവരെ നേടിയ വലിയ അറിവുകള്‍ക്കിടയിലെ ഒരു പിച്ചനടത്തം. നമുക്കിനിയുമുണ്ട് അനേകം യാത്രകള്‍ ബാക്കി. പാറുന്നത് അമേരിക്കയുടെ പതാകയാണ് എന്നു മാറ്റിനിര്‍ത്തേണ്ടതില്ല, നമ്മുടെ സുനിതകൂടി ഉള്‍പ്പെട്ട മാനവവിജയത്തിന്റെ പതാകയാണത്. അതങ്ങനെ പാറിപ്പറക്കട്ടെ.

KERALA
നിയമന ഉത്തരവിന് പകരം മെമ്മോ നൽകി; താമരശേരി രൂപതാ കോർപ്പറേറ്റ് മാനേജ്മെൻ്റി‌നെതിരെ കട്ടിപ്പാറയിൽ ജീവനൊടുക്കിയ അധ്യാപികയുടെ അച്ഛൻ
Also Read
Share This