അറസ്റ്റ് ചെയ്ത മത്സ്യത്തൊഴിലാളികളെ മോചിപ്പിക്കാനുള്ള അടിയന്തര നടപടികൾ കേന്ദ്ര സംസ്ഥാന സർക്കാരുകൾ സ്വീകരിക്കണമെന്ന് കുടുംബാംഗങ്ങൾ ആവശ്യപ്പെട്ടു
മത്സ്യ ബന്ധനത്തിന് പോയ 22 ഇന്ത്യൻ മത്സ്യ തൊഴിലാളികളെ ശ്രീലങ്കൻ നാവികസേന അറസ്റ്റ് ചെയ്തു. ശ്രീലങ്കൻ കടലിൽ നെടുന്തീവിന് സമീപം മത്സ്യ ബന്ധനത്തിന് പോയ തമിഴ്നാട് സ്വദേശികളാണ് പിടിയിലായത്. പാൽക്ബേ കടൽ മേഖലയിൽ മത്സ്യ ബന്ധനം നടത്തുന്നതിനിടെയാണ് തൊഴിലാളികളുടെ മൂന്ന് ബോട്ടുകൾ സേന പിടിച്ചെടുത്തത്.
നേരത്തെയും സമാനമായ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. പുതുക്കോട്ട ജില്ലയിലെ കോട്ടൈപട്ടണം ഫിഷിംഗ് ഹാർബറിൽ നിന്ന് മത്സ്യ ബന്ധനത്തിന് പോയ നാല് മത്സ്യത്തൊഴിലാളികളെ ഇതുപോലെ അറസ്റ്റ് ചെയ്തിരുന്നു. ഇതേ തുടർന്ന് തൊഴിലാളികളെ വിട്ട് തരണമെന്ന ആവശ്യമുന്നയിച്ച് തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിൻ വിദേശ കാര്യ മന്ത്രി എസ് ജയശങ്കറിന് കത്തയച്ചിരുന്നു. ഇത്തരം സംഭവങ്ങൾ മത്സ്യത്തൊഴിലാളികളുടെ ഉപ ജീവനമാർഗം താറുമാറാക്കുമെന്നും, മത്സ്യത്തൊഴിലാളികൾക്കിടയിൽ ആശങ്കയുണ്ടാക്കുന്നുവെന്നും കത്തിൽ വ്യക്തമാക്കിയിരുന്നു.
അറസ്റ്റ് ചെയ്ത മത്സ്യത്തൊഴിലാളികളെ മോചിപ്പിക്കാനുള്ള അടിയന്തര നടപടികൾ കേന്ദ്ര സംസ്ഥാന സർക്കാരുകൾ സ്വീകരിക്കണമെന്ന് കുടുംബാംഗങ്ങൾ ആവശ്യപ്പെട്ടു.