fbwpx
സ്റ്റീവൻ സ്പിൽബ‍​ർ​ഗ്: ഭാവനാകാശത്ത് കഥകൾ മെനയുന്ന ചലച്ചിത്രകാരൻ
logo

ശ്രീജിത്ത് എസ്

Posted : 29 Jan, 2025 05:10 PM

കഥ പറയുന്ന രീതിയാണ് സ്റ്റീവൻ സ്പിൽബർ​ഗിനെ മറ്റ് സംവിധായകരിൽ നിന്നും വ്യത്യസ്തനാക്കുന്നത്

HOLLYWOOD


ജൂൺ 20, 1975.

യൂണിവേഴ്സൽ പിക്ച്ചേഴ്സിന്റെ എക്സിക്യൂട്ടീവുകൾ പരിഭ്രാന്തിയിലാണ്. അവർക്ക് ഒരു വലിയ തെറ്റ് പറ്റിയോ എന്നൊരു തോന്നൽ. സിനിമ ഇൻഡസ്ട്രിയാകെ ചർച്ചയായ ആവരുടെ ഒരു സിനിമയുടെ റിലീസ് അന്നാണ്. 4 മില്യൺ ബജറ്റിൽ 65 ദിവസം കൊണ്ട് ഷൂട്ടിങ് തീർക്കേണ്ടിയിരുന്ന പടം. പക്ഷേ വെറും ഒരു സിനിമ മാത്രം സംവിധാനം ചെയ്ത് പരിചയമുള്ള ആ സംവിധായകൻ 157 ദിവസമെടുത്ത് 9 മില്യൺ ചെലവാക്കിയാണ് പൂർത്തിയാക്കിയത്. ഗോഡ്സില്ല പോലൊരു പടമെന്ന് സ്റ്റുഡിയോ പറഞ്ഞപ്പോൾ അയാൾ എടുത്തുവച്ചതോ ഒരു ഹിച്ച്കോക്കിയൻ പടവും!


ആ സിനിമയാണ് റിലീസ് ആയിരിക്കുന്നത്. ബജറ്റ് തിരിച്ചുപിടിക്കാൻ ടെലിവിഷൻ ട്രെയിലറടക്കമുള്ള ​ഗിമ്മിക്കുകൾ പലതും നിർമാതാക്കൾ പരീക്ഷിച്ചിരുന്നു. വൈഡ് റിലീസ് കേട്ട് കേൾവിയില്ലാത്ത കാലത്ത് യുഎസിലെ 400 തിയേറ്ററുകളിലാണ് ചിത്രം പ്രദർശിപ്പിക്കുന്നത്. കൂടെ പേടിപ്പെടുത്തുന്നൊരു ടാ​ഗ് ലൈനും - YOU WILL NEVER GO TO WATER AGAIN!!!

ഇതാ ഒരു സംവിധായകന്റെ കരിയർ അവസാനിക്കാൻ പോകുന്നു എന്ന് സിനിമാ പണ്ഡിതർ കവടി നിരത്തി. പക്ഷേ സംഭവിച്ചത് മറ്റൊന്നായിരുന്നു. പ്രേക്ഷകർ ശ്വാസം അടക്കിപ്പിടിച്ച് ആ ഹൊറർ പടം കണ്ടു. പലരും ഭയന്നു. യുഎസിലെ ബീച്ചുകളിൽ വെയിൽകായാനെത്തുന്നവരുടെ എണ്ണം കുറഞ്ഞു. തിയേറ്ററിൽ ആൾ നിറഞ്ഞു. അതുവരെയുള്ളതിൽ വെച്ചേറ്റവും വലിയം പണംവാരി പടമായി ആ സിനിമ മാറി. ഫീൽഡ് ഔട്ടായി എന്ന് എല്ലാവരും വിചാരിച്ചിടത്തു നിന്ന് തിയേറ്ററുകളിൽ ആ സംവിധായകന്റെ പേര് കയ്യടികൾ വാരിക്കൂട്ടി.

ആ സിനിമയുടെ പേര് JAWS. സംവിധാനം സ്റ്റീവൻ സ്പിൽബർ​ഗ്.



കഥ പറയുന്ന രീതിയാണ് സ്റ്റീവൻ സ്പിൽബർ​ഗിനെ മറ്റ് സംവിധായകരിൽ നിന്നും വ്യത്യസ്തനാക്കുന്നത്. വളരെ സാധാരണക്കാരായവരെ അസാധാരണമായ സന്ദർഭങ്ങളിൽ കൊണ്ട് നിർത്തിയാകും അദ്ദേഹം കഥ പറയുക. അതിൽ തന്നെ പല സിനിമകളിലും കുട്ടികളാണ് കേന്ദ്ര കഥാപാത്രം. കുട്ടികൾക്ക് സമാനായ ഭാവന മുതിർന്നവരിലും സൃഷ്ടിക്കാൻ ഈ ഫിലിം മേക്കർക്ക് സാധിക്കുന്നുണ്ട്. ജുറാസിക് പാർക്ക് പോലുള്ള പടങ്ങൾ ഇഷ്ടപ്പെടാത്തവരായി ആരാണുള്ളത്? ഈ കഥകളിലെ ഇമോഷണൽ കണക്ഷൻസാണ് മറ്റൊരു സവിശേഷത. പ്രത്യേകിച്ചും സങ്കീർണമായ കുടുംബ ബന്ധങ്ങൾ. അത് പ്രേക്ഷകരുമായി പെട്ടെന്ന് റിലേറ്റ് ചെയ്യപ്പെടുന്നു.

എന്താണ് ഈ ഭാവനയുടെ ഉറവിടം. അത് സ്പിൽബർ​ഗിന്റെ കുട്ടിക്കാലം തന്നെയാണ്.


Also Read: ഫ്രാൻസിസ് ഫോ‍ർഡ് കൊപ്പോള: ഉന്മാദിയായ സിനിമാക്കാരന്‍


വലിയ കൗതുകം നിറഞ്ഞ കണ്ണുകളുള്ള ആ മെലിഞ്ഞ കുട്ടി അയൽപക്കത്തെ മറ്റ് കുട്ടികളെപ്പോലെ ആയിരുന്നില്ല. ബാക്കി കുട്ടികൾ ബാസ്ക്കറ്റ് ബോൾ കളിച്ചപ്പോൾ അച്ഛൻ സമ്മാനിച്ച 8MM ക്യാമറയിൽ കണ്ണിൽ കണ്ടതൊക്കെ ഷൂട്ട് ചെയ്യുകയായിരുന്നു സ്റ്റീവൻ. വീടിന്റെ പിന്നാമ്പുറമായിരുന്നു അവന്റെ സ്റ്റുഡിയോ. സഹോദരിമാർ അഭിനേതാക്കളും.

വിരുദ്ധ ധ്രുവങ്ങളിലുള്ളവരായിരുന്നു സ്റ്റീവന്റെ മാതാപിതാക്കൾ. എഞ്ചിനീയറായ അച്ഛൻ സംസാരിക്കുന്നത് സർക്യൂട്ടുകളുടെയും യുക്തിയുടെയും ഭാഷ. പിയാനിസ്റ്റായ അമ്മ സം​ഗീതത്തിന്റെയും ഫാന്റസിയുടെയും ലോകത്തും. പരിചിതമായ ഈ നക്ഷത്രങ്ങളെ വലം വെയ്ക്കുന്ന ഒരു ഏകാന്ത ഗ്രഹം പോലെയായിരുന്നു സ്റ്റീവൻ. അതുകൊണ്ട് തന്നെ മാതാപിതാക്കളുടെ വേർപിരിയൽ, അമ്മയുടെ പ്രണയം, എല്ലാം അവനെ സാരമായി ബാധിച്ചു.

ഒരു ദിവസം താൻ നിർമിച്ച ഫയർലൈറ്റ് എന്ന ഷോർട്ട് ഫിലിം ശരിക്കുമുള്ള ഒരു സിനിമ സ്ക്രീനിൽ പ്രദർശിപ്പിക്കാൻ സ്റ്റീവന് അവസരം ലഭിച്ചു. അന്ന് അവനൊരു വെളിപാടുണ്ടായി- സിനിമ കുട്ടിക്കളിയല്ല! സ്റ്റീവനിലെ കഥാകാരന്റെ തുടക്കം അവിടെ നിന്നാണ്. ദി ഫേബിൾമാൻസ് എന്ന സെമി ഓട്ടോബയോ​ഗ്രഫിക്കൽ മൂവിയിൽ ഇതോക്കെ പ്രതിപാദിക്കുന്നുണ്ട്.

ഈ കുട്ടിക്കാലത്തിന്റെ പ്രതിഫലനമാണ് അദ്ദേഹത്തിന്റെ സിനിമകളിലെ കുടുംബങ്ങൾ. പല സിനിമകളിലും ഫിസിക്കലിയും ഇമോഷണലിയും അകന്നു നിൽക്കുന്ന അച്ഛൻ കഥാപാത്രങ്ങളെ കാണാൻ സാധിക്കും. മറുവശത്ത് ശക്തരായ അമ്മ കഥാപാത്രങ്ങളും. കുടുംബം, സ്നേഹം, നഷ്ടം, എന്നിങ്ങനെയുള്ള സാർവത്രികമായ വികാരങ്ങൾ മിക്കവാറുമുള്ള സ്പിൽബിർ​ഗ് പടങ്ങളിലും കാണാം.

ഉദാഹരണത്തിന് , ഇ.ടി- ദി എക്സ്ട്രാ-ടെറസ്ട്രിയൽ. മൂന്ന് മക്കളെ വളർത്തുന്ന ഒരു സിം​ഗിൾ മദറിനെ ഈ സിനിമയിൽ കാണാം. അച്ഛൻ ഉണ്ടാക്കിയ ശൂന്യതയാണ് ഈ കുട്ടികൾക്ക് അന്യഗ്രഹജീവിയുമായി ആഴത്തിലുള്ള ബന്ധം സ്ഥാപിക്കാൻ പ്രേരണയാകുന്നത്. കാച്ച് മി ഇഫ് യു കാനിലെ ഫ്രാങ്ക് അബഗ്നെയ്ൽ ജൂനിയറും മാതാപിതാക്കളുടെ ഡിവോഴ്സിനു ശേഷം വീട് വിട്ടുപോകുന്ന കഥാപാത്രമാണ്. ഇങ്ങനെ നിരവധി പേരെ സ്പിൽബർ​ഗ് ചിത്രങ്ങളിൽ കാണാം. ഈ വൈകാരികതയാണ് അസ്വാഭാവിക സന്ദർഭങ്ങളിൽ കഥ നടക്കുമ്പോഴും പ്രേക്ഷകരെ സിനിമയ്ക്കുള്ളിൽ കുരുക്കിയിടുന്നത്.

സ്പിൽബർ​ഗിന്റെ ലോകം വിശ്വാസയോ​ഗ്യമാക്കുന്നതും അദ്ദേഹത്തെ വിഷ്വൽ സ്റ്റോറി ടെല്ലിങ്ങിന്റെ മാസ്റ്ററായി പരി​ഗണിക്കുന്നതിലും സിനിമകളിലെ പ്രൊഡക്ഷൻ ഡിസൈൻ, സിനിമാറ്റോ​ഗ്രഫി, എഡിറ്റിങ് എന്നിവയ്ക്ക് വലിയ പങ്കുണ്ട്. കഥ നടക്കുന്ന അന്തരീക്ഷത്തെ യാഥാർഥ്യത്തോട് ചേർത്ത് നിർത്തുമ്പോൾ തന്നെ വലിയ സ്കെയിലിൽ പുനരാവിഷ്കരിക്കാനാണ് സ്പിൽബർ​ഗ് ശ്രമിക്കുക. അതുകൊണ്ടാണ് പലപ്പോഴും വലിയ ലോകത്തിലെ ചെറിയ മനുഷ്യരായി നമുക്ക് കഥാപാത്രങ്ങളെ തൊന്നുന്നത്. അതുപോലെതന്നെ സീനിലെ അരക്ഷിതാവസ്ഥ കാണിക്കാൻ വലിയ ആൾക്കൂട്ടങ്ങളെയാണ് സ്പിൽബർ​ഗ് ഉപയോ​ഗിക്കുന്നത്.



ടെർമിനൽ എന്ന സിനിമ നോക്കൂ... കാലിഫോർണിയയിലെ പാം ഡെയ്ൽ എയർപോർട്ടിലെ ഒരു വലിയ ഹാങ്ങറിലാണ് സിനിമയ്ക്കു വേണ്ട വിമാനത്താവളം നിർമിച്ചിരിക്കുന്നത്. മാത്രമല്ല, ഭൂരിഭാ​ഗം സീനിലും ഒരു വിമാനത്താവളത്തിന്റെ ആളനക്കവും നമുക്ക് കാണാൻ സാധിക്കും. ഇതെങ്ങനെയാണ് സിനിമയെ വൈകാരിക തലത്തിൽ സഹായിക്കുന്നത്.

സിനിമയിൽ ടോം ഹാങ്ക്സ് അവതരിപ്പിച്ച വിക്ടർ നവ്റോസ്കി തന്റെ രാജ്യം ആക്രമിക്കപ്പെട്ടു എന്ന് വിമാനത്താവളത്തിൽ വച്ച് മനസിലാക്കുന്ന രംഗം എടുത്തു പരിശോധിച്ചാൽ അത് മനസിലാകും. ഭയന്ന് പരിഭ്രാന്തനായി ഓടുന്ന വിക്ടറിലൂടെ നമ്മൾ ആ ഭീമാകാരമായ സെറ്റ് പരിചയപ്പെടുന്നു. അയാൾക്കു ചുറ്റും നൂറ് കണക്കിനാളുകൾ നീങ്ങിക്കൊണ്ടിരിക്കുമ്പോഴും അയാൾ ഒറ്റയ്ക്കാണ് എന്ന് ആ സീൻ നമുക്ക് ബോധ്യപ്പെടുത്തുന്നു. ആ സീൻ അവസാനിക്കുന്നത് സെറ്റിന്റെ വലിപ്പവും വിക്ടറിന്റെ നിരാശയും പ്രതിഫലിപ്പിക്കുന്ന ഷോട്ടിലൂടെയാണ്. സിനിമാറ്റോ​ഗ്രാഫിയും പ്രൊഡക്ഷൻ ഡിസൈനും കഥപറച്ചിലും ചേർന്ന് ഒരു സീനിനെ ഉയർത്തുന്നതിന്റെ ക്ലാസിക്ക് ഉദാഹരണമാണിത്.

ഇതുപോലെതന്നെ പ്രധാനമാണ് സേവിങ് പ്രൈവറ്റ് റയാനിലെ ഒമാഹ ബീച്ചിലെ ഒപ്പണിങ് സീൻ. അധിനിവേശത്തിന്റെ വ്യാപ്തി സൂക്ഷ്മമായാണ് ഈ രം​ഗത്തിൽ ആവിഷ്കരിച്ചിരിക്കുന്നത്. പ്രായോഗിക സെറ്റുകളും അത്യാധുനിക വിഎഫ്എക്സും സമർത്ഥമായി സംയോജിപ്പിക്കുന്ന റെഡി പ്ലെയർ വണ്ണിന്റെ പ്രൊഡക്ഷൻ ഡിസൈൻ ആകട്ടെ സിനിമാറ്റിക് സ്റ്റോറി ടെല്ലിങ്ങിന്റെ അതിരുകൾ ഭേദിക്കാനുള്ള ശ്രമമായിരുന്നു. അങ്ങനെ എല്ലാപ്പടത്തിലും സിനിമയുടെ ടെക്നിക്കൽ വശം കഥപറച്ചിലിനെ മുന്നോട്ട് നയിക്കുന്ന ഘടകമായാണ് സ്പിൽബോർ​ഗ് ഉപയോ​ഗിക്കുന്നത്.
സംശയമുണ്ടോ? ഒന്ന് കണ്ണടച്ച് നാസികളുടെ ഒരു കോൺസൻട്രേഷൻ ക്യാംപ് സങ്കൽപ്പിച്ചു നോക്കൂ. നിങ്ങൾ കാണുന്ന ഓഷ്വിറ്റ്സും ക്രാക്കോവും തന്നെയല്ലേ ഷിൻഡിലേഴ്സ് ലിസ്റ്റിൽ ആവിഷ്കരിച്ചിരിക്കുന്നതും.

ഹോളോക്കോസ്റ്റ് കാലഘട്ടത്തിൽ നിറഞ്ഞുനിന്നിരുന്ന നിരാശയും വേദനയും സ്ക്രീനിലേക്ക് കൊണ്ടുവരാൻ മൊണോക്രൊമാറ്റിക് വിഷ്വൽ സ്റ്റൈലാണ് സ്പിൽബർ​ഗ് ഉപയോ​ഗിക്കുന്നത്. സിനിമയ്ക്ക് ഭാവനാപരവും ചരിത്രപരവുമായ ആധികാരികത ഈ ശൈലി നൽകുന്നുണ്ട്. നിറങ്ങളുടെ അഭാവം സിനിമയുടെ വൈകാരിക ആഘാതം വർദ്ധിപ്പിക്കുന്നു. ജൂത ജനതയുടെ നിരാശ, അവർ നേരിടുന്ന മനുഷ്യത്വമില്ലായ്മ എന്നിവ ഈ ബ്ലാക്ക് ആൻഡ് വൈറ്റ് ദൃശ്യങ്ങളിൽ പ്രകടമാണ്.

സിനിമയിൽ ഒരു ഘട്ടത്തിൽ മാത്രമാണ് നിറം കടന്ന് വരുന്നത്. THE GIRL IN RED COAT SCENE. സീനിന്റെ തുടക്കത്തിൽ നമ്മൾ ഒസ്കർ ഷിൻഡിലറിനെയാണ് കാണുന്നത്. അയാൾ കുതിരപ്പുറത്തിരുന്ന് അധിനിവേശ പോളണ്ടിലെ തെരുവിലേക്ക് നോക്കുന്നു. അവിടെ ആളുകളെ നാസി പട്ടാളം ​ഗെറ്റോകളിലേക്ക് പിടിച്ചുകൊണ്ടുപോകുകയാണ്. അവരുടെ സ്വത്തുക്കൾ അപഹരിക്കുന്നു. നാസി പാർട്ടി അം​ഗമായ ആ ജർമൻ വ്യവസായിയെ സംബന്ധിച്ച് സാധാരണമായ കാഴ്ച. എന്നാൽ അവിടുത്തെ ഒരു ദൃശ്യം അയാളെ സ്വാധീനിക്കുന്നു. ആ സ്വാധീനം എങ്ങനെ തിരയിൽ കൊണ്ടുവരും? അവിടെയാണ് സ്പിൽബർ​ഗ് മാജിക്ക് കടന്നുവരുന്നത്. സിനിമയുടെ മൊണോക്രൊമാറ്റിക് ഫ്രെയിമിലെ സംഘർഷങ്ങൾക്ക് നടുവിലൂടെ ഒരു പെൺകുട്ടി ചുവന്ന നിറത്തിലുള്ള കോട്ടും ധരിച്ച് കടന്നുപോകുന്നു. പെൺകുട്ടിയുടെ ഫ്രെയിമിലെ സാന്നിധ്യവും സാഹചര്യത്തിന്റെ ഭീകരതയും വിവിധ ക്യാമറ ടെക്നിക്കുകൾ ഉപയോഗിച്ചാണ് സ്പിൽബർഗ് ഊന്നിപ്പറയുന്നത്. ട്രാക്കിങ് ഷോട്ടുകളിലൂടെ പിന്തുടർന്ന് അവളുടെ ദുർബലതയും ചുറ്റുമുള്ള വന്യതയും പകർത്തുന്നു. ഇത് പ്രേക്ഷകർക്കുള്ളിൽ പെൺകുട്ടി പതിയാൻ കൂടുതൽ സമയം നൽകുന്നു. ക്ലോസപ്പുകളിലൂടെ പെൺകുട്ടിയുടെ നിഷ്ക്കളങ്കത ചിത്രീകരിക്കുന്നു. ഹൈ ആം​ഗിൾ ഷോട്ടിലൂടെ അവൾ ആ ലോകത്ത് എത്ര ചെറുതാണെന്നും. ജോൺ വില്യംസിന്റെ ബാക്ക്​ഗ്രൗണ്ട് സ്കോറും വിദൂരതയിൽ നിന്നുള്ള ​വെടിയൊച്ചകളും ഫാസ്റ്റ് കട്ടുകളും കൂടിയാകുമ്പോൾ സസ്പെൻസും ടെൻഷനും സ്വാഭാവികമായി ആ സീനിന്റെ ആത്മാവാകുന്നു.

ഒടുവിൽ ഒരു ഉന്തുവണ്ടിയിൽ കൊണ്ടുപോകുന്ന ശവശരീരങ്ങൾക്കിടയിൽ ആ ചുവപ്പ് രാശി കാണുമ്പോൾ ഒസ്കറിനൊപ്പം നമ്മുടെയും ചങ്കും പിടയുന്നത് അത്രയും ആഴത്തിൽ ഇതിനു മുൻപുള്ള സീൻ നമ്മളിൽ പതിഞ്ഞത് കൊണ്ടാണ്. ഇതാണ് വിഷ്വൽ സ്റ്റോറിടെല്ലിങ്.


എങ്ങനെയാണ് ഒരാൾക്ക് ഇത്തരമൊരു വിഷ്വൽ സ്റ്റൈൽ കൈവരുന്നത്. എങ്ങനെയാണ് ഇത്തരം തീരുമാനങ്ങളിലേക്ക് ഒരാൾ എത്തുന്നത്? പരിചയസമ്പന്നതകൊണ്ടാണോ അതോ ജൈവികമായ ക്രിയേറ്റിവിറ്റി കൊണ്ടോ? സ്പിൽബർ​ഗിന്റെ കാര്യത്തിലാണെങ്കിൽ നമുക്ക് വീണ്ടും JAWS സംവിധാനം ചെയ്ത കാലത്തേക്ക് പോകാം.

തിരക്കിട്ട ചിത്രീകരണം നടക്കുകയാണ്. പെട്ടെന്ന് ബ്രൂസ് എന്ന വിളിപ്പേരുള്ള മെക്കാനിക്കൽ ഷാർക്ക് ലീക്ക് ചെയ്യാൻ തുടങ്ങി. അത് കടലിലേക്ക് മുങ്ങി. സെറ്റിൽ ആകെ പരിഭ്രാന്തി. ഒരാൾക്ക് മാത്രം ഒരു കുലുക്കവുമില്ലായിരുന്നു. ആ പ്രതിസന്ധിയിലും സ്റ്റീവൻ ഒരു ഉപായം കണ്ടെത്തിയിരുന്നു. ഷാർക്ക് പ്രവർത്തിക്കുന്നില്ലെങ്കിൽ വേണ്ട. JAWS എന്ന് പേരിട്ട...ഭീകരമായ ആ ഷാർക്കിനെപ്പറ്റിയുള്ള സിനിമയിൽ ഷാർക്കിനെ കാണിക്കുന്നത് സ്പിൽബർ​ഗ് ഒന്ന് തള്ളി! ഏകദേശം ഒരു മണിക്കൂറും 21 മിനിറ്റുകൾക്കും ശേഷമാണ് സിനിമയിൽ ഷാർക്ക് എത്തുന്നത്. ഇതാ ആ നരഭോദി കടലിലുണ്ട് എന്ന പ്രേക്ഷകന്റെ ഭാവനയെ ഭയമാക്കി മാറ്റുകയായിരുന്നു സ്പിൽബർ​ഗ്.



ഇത് തന്നെയാണ് സ്റ്റീവൻ സ്പിൽബർ​ഗിന്റെ സിനിമകളുടെ പ്രത്യേകതയും. അയാൾ നിങ്ങളുടെ ഭാവനയോടാണ് സംസാരിക്കുന്നത്. അയാൾ നിങ്ങളെ കുറച്ച് നേരത്തേക്കെങ്കിലും ​ഇൻഡ്യാനാ ജോൺസിനെ പോലെ സാഹസികനാക്കും, അന്യ​ഗ്രഹ ജീവികളുടെ സുഹൃത്താക്കും, ഡിനോസറുകളുടെ ലോകത്തെത്തിക്കും, ലോക യുദ്ധങ്ങളുടെ നടുവിൽ കൊണ്ടുനിർത്തും, ഭാഷയറിയാതെ ഒരു വിമാന ടെർമിനലിൽ ഒറ്റയ്ക്കാക്കും ചരിത്രത്തിനൊപ്പം നടത്തിപ്പിക്കും. അയാൾ ആയിരത്തൊന്നു രാവുകളിൽ നിന്നും ഭാവനയുടെ ഭാണ്ഡവുമായെത്തിയ ഷഹറസാദാണ്! പ്രിയപ്പെട്ട സ്റ്റീവൻ, ഞങ്ങൾക്ക് കഥകൾ പറഞ്ഞുതരുന്നതിന് നന്ദി.


Also Read
user
Share This

Popular

WORLD
KERALA
WORLD
സുഡാനിൽ ആഭ്യന്തര സംഘർഷം രൂക്ഷം; ഓംഡുർമാനിലെ ഷെല്ലാക്രമണത്തിൽ സ്ത്രീകളും കുട്ടികളുമുൾപ്പെടെ 56 പേർ കൊല്ലപ്പെട്ടു