രവിചന്ദ്രൻ അശ്വിൻ അന്താരാഷ്ട്ര ക്രിക്കറ്റിൻ്റെ എല്ലാ ഫോർമാറ്റുകളിൽ നിന്നും വിരമിക്കുന്നതായി പ്രഖ്യാപിക്കുമ്പോൾ അത് കേൾക്കുന്ന ആരാധകരെല്ലാം നെറ്റി ചുളിക്കുകയാണ്
ഇന്ത്യൻ ക്രിക്കറ്റിലെ അതികായരിലൊരാൾ പടിയിറങ്ങുമ്പോൾ ഇതുപോലൊരു യാത്രയയപ്പ് മാത്രമാണോ അയാൾ അർഹിക്കുന്നത്. ബോർഡർ-ഗവാസ്കർ ട്രോഫി പരമ്പരയിൽ മൂന്നാം ടെസ്റ്റിൽ അവസരം പോലും ലഭിക്കാതെ രവിചന്ദ്രൻ അശ്വിൻ അന്താരാഷ്ട്ര ക്രിക്കറ്റിൻ്റെ എല്ലാ ഫോർമാറ്റുകളിൽ നിന്നും വിരമിക്കുന്നതായി പ്രഖ്യാപിക്കുമ്പോൾ അത് കേൾക്കുന്ന ആരാധകരെല്ലാം നെറ്റി ചുളിക്കുകയാണ്.
അഞ്ച് ടെസ്റ്റ് മാച്ചുകളുടെ പരമ്പരയിൽ ടീമിൽ ഉൾപ്പെടുത്തിയിട്ടും പാതിദൂരം മാത്രം പിന്നിടുമ്പോൾ ടീമിനെ ഉപേക്ഷിച്ച് മടങ്ങാൻ മാത്രം അശ്വിനെ നിർബന്ധിതനാക്കിയ ആ ഘടകം എന്താണെന്നാണ് സമൂഹമാധ്യമങ്ങളിലൂടെ ആരാധകർ ചോദിക്കുന്നത്. ടീമിനെ പാതിവഴിയിൽ ഉപേക്ഷിച്ച് അന്താരാഷ്ട്ര ക്രിക്കറ്റിനോട് തന്നെ വിടപറയാൻ മാത്രം കളി മടുത്തിട്ടാണോ അശ്വിനെ പോലൊരാൾ ഓസ്ട്രേലിയയിലേക്ക് വിമാനം കയറിയിട്ടുണ്ടാകുക? ഡ്രസിങ് റൂമിൽ അസാധാരണമായൊരു സാഹചര്യം ഉണ്ടാകാതെ അശ്വിനെ പോലൊരു വ്യക്തി ഇത്രയും ഇമോഷണലായി ഒരു വിരമിക്കൽ പ്രഖ്യാപനം നടത്തുമെന്ന് വിശ്വസിക്കാൻ പോലും ആരാധകർ പ്രയാസപ്പെടുകയാണ്.
ALSO READ: ലോകകപ്പ് നേട്ടം, ഇതിഹാസങ്ങളുടെ പടിയിറക്കം... 2024ൽ ഇന്ത്യൻ ക്രിക്കറ്റിലേക്ക് ഒരു തിരിഞ്ഞുനോട്ടം!
അശ്വിൻ്റെ വിരമിക്കൽ തെറ്റായ സമയത്തായി പോയെന്ന് മുൻ ഇന്ത്യൻ നായകൻ സുനിൽ ഗവാസ്കർ തുറന്നടിച്ചു. "ഇത്തരത്തിൽ പരമ്പരയുടെ മധ്യത്തിൽ വിരമിക്കുന്നതിലൂടെ ടീമിനെ ഒറ്റയ്ക്കാക്കി പോവുകയാണ് ചെയ്യുന്നത്. സിഡ്നിയിലെ പോലൊരു പിച്ചിൽ രണ്ട് സ്പിന്നർമാരെ കളിപ്പിക്കാനാകും. എന്നാൽ അതിന് പോലും കാത്തുനിൽക്കാതെ അശ്വിൻ മടങ്ങുന്നത് എന്തിനാണെന്ന് മനസിലാകുന്നില്ല. ഒരു പരമ്പരയ്ക്കായി ഒരാളെ ടീമിലെടുത്തിട്ടുണ്ടെങ്കിൽ അത് പലതും മനസിൽ കണ്ടാകും," ഗവാസ്കർ പറഞ്ഞു.
"പരമ്പര അവസാനിച്ച ശേഷമായിരുന്നു ഈ തീരുമാനമെങ്കിൽ അതെനിക്ക് മനസിലാകുമായിരുന്നു. ഇത് പതിവുള്ളതല്ല. നേരത്തെ 2014-2015 സീരീസിനിടെ ധോണി ഇത്തരത്തിൽ പരമ്പരയുടെ മധ്യത്തിൽ വിരമിച്ചാണ് ഓർമ വരുന്നത്. അത് ശരിയായ പ്രവണതയല്ല. അശ്വിൻ്റെ വിരമിക്കലിലൂടെ മികച്ചൊരു ക്രിക്കറ്ററെയാണ് നഷ്ടമായത്," ഗവാസ്കർ പറഞ്ഞു.