ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസ് ജെ.ബി. പർദിവാല, ജസ്റ്റിസ് മനോജ് മിശ്ര എന്നിവരടങ്ങുന്ന ബെഞ്ചാണ് നിർദേശം മുന്നോട്ട് വെച്ചത്
ആർജി കാർ മെഡിക്കൽ കോളേജിൽ കൊല്ലപ്പെട്ട ഡോക്ടറുടെ പേരും ഫോട്ടോയും നീക്കം ചെയ്യാൻ വിക്കിപീഡിയോട് നിർദേശിച്ച് സുപ്രീം കോടതി. ബലാത്സംഗം ചെയ്യപ്പെട്ട ഡോക്ടറുടെ അന്തസ് സംരക്ഷിക്കുന്നതിനായി, ഇവരുടെ വ്യക്തിത്വം വെളിപ്പെടുത്തരുതെന്ന് സുപ്രീം കോടതി വ്യക്തമാക്കി. മുതിർന്ന അഭിഭാഷകനും സോളിസിറ്റർ ജനറലുമായ തുഷാർ മെഹ്ത്തയാണ് ഇക്കാര്യം കോടതിയിൽ സൂചിപ്പിച്ചത്. പിന്നാലെ അത് നീക്കം ചെയ്യാൻ കോടതി ഉത്തരവിടുകയായിരുന്നു. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസ് ജെ.ബി. പർദിവാല, ജസ്റ്റിസ് മനോജ് മിശ്ര എന്നിവരടങ്ങുന്ന ബെഞ്ചാണ് നിർദേശം മുന്നോട്ട് വെച്ചത്.
"ഇരയുടെ ഐഡൻ്റിറ്റി ഇപ്പോഴും വിക്കിപീഡിയയിൽ കാണാം. ഇന്ത്യൻ നിയമപ്രകാരം ഇത് കുറ്റകരമാണ്. വിക്കിപീഡിയ ഞങ്ങളുടെ മുൻ ഉത്തരവ് പാലിക്കണം. ഇരയുടെ ഐഡൻ്റിറ്റി വെബ്‌സൈറ്റിൽ നിന്ന് നീക്കം ചെയ്യണം," സുപ്രീം കോടതി പറഞ്ഞു.
ഒപ്പം ഡോക്ടർമാർക്ക് സുരക്ഷ ഒരുക്കലാണ് സർക്കാരിൻ്റെ കടമയെന്ന് പശ്ചിമ ബംഗാൾ സർക്കാരിനോട് സുപ്രീം കോടതി പറഞ്ഞു. സുരക്ഷയില്ലാത്ത സാഹചര്യത്തിലാണ് ഡോക്ടർമാർ ജോലി ചെയ്യുന്നത്. വിദ്യാർഥികൾക്ക് സംസ്ഥാനത്ത് എന്ത് സുരക്ഷയാണുള്ളതെന്ന് സുപ്രീം കോടതി ചോദിച്ചു.
ഇപ്പോൾ നടക്കുന്ന സിബിഐ അന്വേഷണത്തിലെ കണ്ടെത്തലുകൾ വെളിപ്പെടുത്തുന്നത് നടപടിക്രമങ്ങളെ അപകടത്തിലാക്കുമെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. "സിബിഐ സ്വീകരിക്കുന്ന സമീപനം സത്യം പുറത്തുകൊണ്ടുവരാൻ ലക്ഷ്യമിടുന്നു. എസ്എച്ച്ഒയെ ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ട്. ഞങ്ങൾ സിബിഐ സമർപ്പിച്ച റിപ്പോർട്ട് അവലോകനം ചെയ്തു. കേസിൽ കുറ്റപത്രം സമർപ്പിച്ചിട്ടുണ്ടോ, പോസ്റ്റ്മാർട്ടം റിപ്പോർട്ട് നടപടി എങ്ങനെയായിരുന്നു, തെളിവുകൾ നശിപ്പിച്ചിട്ടുണ്ടോ, കേസിൽ മറ്റ് വ്യക്തികളുമായി എന്തെങ്കിലും ഒത്തുകളി നടന്നിട്ടുണ്ടോ എന്നതുൾപ്പെടെ കോടതി വിശദീകരണം ചോദിച്ച കാര്യങ്ങളെല്ലാം സിബിഐ വ്യക്തമാക്കിയിട്ടുണ്ട്," ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് പറഞ്ഞു. കൊലപാതകത്തിന് പിന്നാലെ ട്രെയ്നി ഡോക്ടറുടെ പിതാവ് സുപ്രീം കോടതിയിൽ സമർപ്പിച്ച ചോദ്യങ്ങൾക്കെല്ലാമുള്ള ഉത്തരം സിബിഐ അന്വേഷണത്തിലൂടെ വ്യക്തമായതായി കോടതി ചൂണ്ടിക്കാട്ടി.
ALSO READ: അഭ്യൂഹങ്ങൾക്ക് വിട, അതിഷി മർലേന ഡൽഹി മുഖ്യമന്ത്രി
അതേസമയം, ബംഗാൾ സർക്കാരിന് വേണ്ടി ഹാജരായതിനാൽ സഹപ്രവർത്തകരായ വനിതാ അഭിഭാഷകരുടെ നേരെ ബലാത്സംഗ ഭീഷണി ഉയർന്നെന്ന് മുതിർന്ന അഭിഭാഷകൻ കപിൽ സിബിൽ കോടതിയിൽ പറഞ്ഞു. സ്ത്രീകൾക്കോ പുരുഷൻമാർക്കോ നേരെ ഇത്തരം ഭീഷണികൾ ഉയരുന്നുണ്ടെങ്കിൽ കോടതി തീർച്ചയായും ഇടപെടുമെന്ന് ബെഞ്ച് ഉറപ്പ് നൽകി.