വിവാഹം കഴിഞ്ഞ് 7 വർഷത്തിനുള്ളിലായിരിക്കണം മരണം സംഭവിക്കുന്നത് എന്നും കോടതി പറഞ്ഞു
സ്ത്രീധനത്തിന്റെ പേരിലുള്ള മരണത്തിൽ ഭർത്താവിൽ നിന്നോ ഭർതൃവീട്ടുകാരിൽ നിന്നോ ക്രൂരമായ പീഡനം ഉണ്ടായെന്ന് തെളിയിക്കാൻ കഴിഞ്ഞില്ലെങ്കിൽ കൊലക്കുറ്റം നിലനിൽക്കില്ലെന്ന് സുപ്രീം കോടതി. കൊലക്കുറ്റം ചുമത്താൻ ചില നിബന്ധനകളുണ്ട്. ശരീരത്തിൽ പൊള്ളലോ പരിക്കോ ഉണ്ടാകണം. അസ്വാഭാവിക മരണമായിരിക്കണം. വിവാഹം കഴിഞ്ഞ് 7 വർഷത്തിനുള്ളിലായിരിക്കണം മരണം സംഭവിക്കുന്നത് എന്നും കോടതി പറഞ്ഞു.
കൂടാതെ മരണത്തിന് തൊട്ടുമുമ്പ് ഭർത്താവിൻ്റെയോ ഭർത്താവിൻ്റെ ഏതെങ്കിലും ബന്ധുവിൻ്റെയോ ക്രൂരമായ ഉപദ്രവം നേരിട്ടിരിക്കണം. അത് സ്ത്രീധനം ആവശ്യപ്പെട്ടുമായിരിക്കണം. ഇത്തരം മരണത്തിൽ മാത്രമേ ഐപിസി സെക്ഷൻ 304 ബി, 498 എ പ്രകാരം കൊലക്കുറ്റം ചുമത്താൻ കഴിയൂ എന്നും ജഡ്ജിമാരായ സുധാൻഷു ധൂലിയ, ജെ.ബി. പർദിവാല എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി. ബംഗാളിൽ ഭർതൃ വീട്ടിൽ യുവതി ആത്മഹത്യ ചെയ്ത കേസിലാണ് സുപ്രീം കോടതിയുടെ നിരീക്ഷണം.
കേസിൽ ഭർത്താവ് ഉപദ്രവിക്കുന്നതായി യുവതി സ്വന്തം വീട്ടുകാരോട് പറഞ്ഞിരുന്നു. എന്നാൽ മരണത്തിന് മുമ്പ് പീഡനം നേരിട്ടെന്ന് പ്രോസിക്യൂഷന് തെളിയിക്കാൻ കഴിഞ്ഞില്ല. ഇതോടെ ഭർത്താവിൻ്റെയും ഭർത്താവിൻ്റെ അമ്മയുടെയും സഹോദരിയുടെയും ശിക്ഷ സുപ്രീം കോടതി റദ്ദാക്കുകയായിരുന്നു. കീഴ്‌ക്കോടതി ഇവരെ ജീവപര്യന്തം തടവിനാണ് ശിക്ഷിച്ചത്. കേസിൽ ഐപിസി 306 പ്രകാരം ആത്മഹത്യാ പ്രേരണയ്ക്കും ഐപിസി 498 എ വകുപ്പ് പ്രകാരം ക്രൂരതയ്ക്കുമാണ് ഭർത്താവിനെ ശിക്ഷിച്ചിരിക്കുന്നത്. മൂന്ന് വർഷം തടവും പിഴയുമാണ് ശിക്ഷ.