ആലുവ എംഎൽഎ അൻവർ സാദത്ത് നടപ്പാക്കുന്ന അമ്മക്കിളിക്കൂട് പദ്ധതിയിലൂടെയാണ് ഇരുവർക്കും വീടെന്ന സ്വപ്നം സഫലമായത്
അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ വാക്ക് പാലിച്ച് കോൺഗ്രസ്. ആലുവ ശ്രീമൂലനഗരത്ത് ആന്ധ്ര സ്വദേശിനിയായ അലമേലുവിനും മകൾക്കും അന്തിയുറങ്ങാനായി പാർപ്പിടം നിർമിച്ച് നൽകി. അംഗപരിമിതരായ അലമേലുവും മകളും വർഷങ്ങളായി വാടകയ്ക്കായിരുന്നു താമസം.
ആന്ധ്ര സ്വദേശിനിയായ അലമേലുവിന്റെയും മകൾ ജ്യോതിയുടെയും ഏറെ നാളെത്ത സ്വപ്നമാണ് സഫലമാകുന്നത്. ഒപ്പം മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെയും. ആലുവ എംഎൽഎ അൻവർ സാദത്ത് നടപ്പാക്കുന്ന അമ്മക്കിളിക്കൂട് പദ്ധതിയിലൂടെയാണ് ഇരുവർക്കും വീടെന്ന സ്വപ്നം സഫലമായത്.
2019 ജൂലൈയിൽ കൊണ്ടോട്ടിയിലെ ഒരു പൊതു പരിപാടിയിൽ പങ്കെടുക്കുമ്പോഴാണ് ഉമ്മൻ ചാണ്ടി അലമേലുവിന്റെ ദുരവസ്ഥ അറിയുന്നത്. ഒരു വീട് വേണമെന്ന ആവശ്യം ഉമ്മൻ ചാണ്ടിക്ക് അപേക്ഷയായി നൽകി. അപേക്ഷ വായിച്ച ഉമ്മൻ ചാണ്ടി സ്ഥലം വാങ്ങുന്നതിനായി ഒരു ലക്ഷം രൂപ നൽകാമെന്ന് അറിയിച്ചു. സ്‌പോൺസറെ കണ്ടെത്തി വീട് നിർമ്മിച്ച് നൽകാമെന്ന് അൻവർ സാദത്ത് എംഎൽഎയും ഉറപ്പ് നൽകി.
30 വർഷം മുമ്പാണ് അലമേലു കേരളത്തിൽ എത്തിയത്. ആക്രി സാധനങ്ങൾ ശേഖരിച്ച് വിൽക്കലാണ് ജോലി. നിർധനരായ അമ്മമാർക്കും മക്കൾക്കും അടച്ചുറപ്പുളള വീട് ഉറപ്പാക്കുന്ന പദ്ധതിയാണ് അമ്മക്കിളിക്കൂട്. പദ്ധതിയുടെ 54മത് വീട് കെെമാറിയതോടെ സന്തോഷത്തിലാണ് അലമേലുവും കുടുംബവും.