സലിം എന്ന തൃശൂർ സ്വദേശിയാണ് പരാതി നൽകിയത്
ചാനൽ ചർച്ചകളിൽ ഹണി റോസിനെതിരെ മോശം പരാമർശം നടത്തിയതിൽ രാഹുൽ ഈശ്വറിനെതിരെ വീണ്ടും പരാതി. സലിം എന്ന തൃശൂർ സ്വദേശിയാണ് പരാതി നൽകിയത്. അതേസമയം, സമൂഹമാധ്യമങ്ങളിൽ മോശം പരാമർശം നടത്തിയെന്ന ഹണി റോസിന്റെ പരാതിയിൽ രാഹുൽ ഈശ്വറിനെതിരെ ഇന്ന് കേസെടുത്തേക്കും. തനിക്കെതിരായ പരാതിയിൽ മുൻകൂർജാമ്യം തേടിയിട്ടുണ്ടെന്ന് രാഹുൽ ഈശ്വറും വ്യക്തമാക്കിയിട്ടുണ്ട്. പൊലീസ് നോട്ടീസ് നൽകിയാൽ സ്റ്റേഷനിൽ നേരിട്ട് പോയി ഹാജരാകും. തൃശൂർ സ്വദേശിനിയുടെ പരാതി മീഡിയയുടെ സാധ്യതയെ ദുരുപയോഗം ചെയ്യുകയാണെന്നും രാഹുൽ ഈശ്വർ പറഞ്ഞു.
താനും കുടുംബവും നിലവിൽ അനുഭവിക്കുന്ന കടുത്ത മാനസികസമ്മർദ്ദത്തിന്റെ പ്രധാന കാരണക്കാരിൽ ഒരാൾ രാഹുൽ ഈശ്വർ ആണെന്നാണ് കഴിഞ്ഞദിവസം നടി ഹണിറോസ് പറഞ്ഞത്. ഇതിനെതിരെ നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്നും ഹണിറോസ് വ്യക്തമാക്കിയിരുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഹണിറോസ് നിലപാട് വ്യക്തമാക്കിയത്. "ഞാൻ കൊടുത്ത പരാതിയുടെ ഗൗരവം ചോർത്തിക്കളയാനും ജനങ്ങളുടെ പൊതുബോധം എന്റെ നേരെ തിരിയാനും എന്ന ഉദ്ദേശത്തോടെ സൈബർ ഇടത്തിൽ ഒരു ഓർഗനൈസ്ഡ് ക്രൈം ആസൂത്രണം ചെയ്യുകയാണ് രാഹുൽ ഈശ്വർ ചെയ്യുന്നത്" ഹണിറോസ് ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. രാഹുൽ ഈശ്വർ മാപ്പ് അർഹിക്കുന്നില്ലെന്നും ഹണി റോസ് പറഞ്ഞിരുന്നു.
"തുടർച്ചയായി മാധ്യമങ്ങളിലൂടെ എനിക്കെതിരെ, എന്റെ മൗലിക അവകാശങ്ങൾക്കെതിരെ നിയന്ത്രണം ഏർപ്പെടുത്താനും, എനിക്കെതിരെ ഒരു പൊതുബോധം സൃഷ്ടിച്ച് എന്നെ ആക്രമിക്കാനും താങ്കൾ കഴിഞ്ഞ ദിവസങ്ങൾ ആയി നടത്തിയ ശ്രമഫലമായി എനിക്കെതിരെ വരുന്ന, എന്റെ തൊഴിലിനു നേരെ വരുന്ന ഭീഷണികൾ, തൊഴിൽ നിഷേധഭീഷണികൾ, അപായഭീഷണികൾ, അശ്ലീലം, ദ്വയാർഥം, അപമാനകുറിപ്പുകൾ തുടങ്ങിയ എല്ലാ സൈബർ ബുള്ളിയിങ്ങിനും പ്രധാന കാരണക്കാരൻ രാഹുൽ ഈശ്വർ ആണ്" എന്നും ഹണിറോസ് പറയുന്നു.
ഹണി റോസിന്റെ വസ്ത്രം പൊതു സമൂഹം ഓഡിറ്റു ചെയ്യുമെന്നാണ് ഹണിറോസിന് രാഹുല്‍ ഈശ്വര്‍ നൽകിയ മറുപടി. ഹണി റോസ് വിമര്‍ശനത്തിനതീതയല്ലെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞിരുന്നു. ഹണി റോസ് നല്‍കിയ പരാതിക്ക് പിന്നാലെ ന്യൂസ് മലയാളത്തോട് പ്രതികരിക്കുകയായിരുന്നു രാഹുല്‍. സംഘടിതമായ ആക്രമണം ഒരിക്കലും താന്‍ നടത്തിയിട്ടില്ലെന്നും അങ്ങനെ നടത്തിയെന്ന് തെളിഞ്ഞാല്‍ വിചാരണ പോലും നേരിടാതെ ജയിലില്‍ പോകാന്‍ തയ്യാറാണെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞിരുന്നു.