ബാലാജിയുടെ മരണം കൊലപാതകമാണെന്ന് ആരോപിച്ച് കുടുംബം രംഗത്തെത്തിയിരുന്നു
ഇന്ത്യൻ വംശജനായ ഓപ്പൺ എഐ മുൻ ഗവേഷകൻ സുചിർ ബാലാജിയുടെ മരണത്തിൽ എഐയ്ക്കെതിരെ സുചിർ ബാലാജിയുടെ അമ്മ. എക്സിലും ചാറ്റ്ജിപിടിയിലും ഇത്രയധികം സ്വാധീനം ചെലുത്തുന്നയാളുടെ പ്രവർത്തനങ്ങളും സംഭവനകളും മനസിലാക്കാൻ എഐയ്ക്ക് കഴിഞ്ഞില്ലേ, ചാറ്റ്ജിപിടിയുടെ പ്രവർത്തനങ്ങൾ മികച്ചതാക്കാൻ ഇത്രയേറെ കാര്യങ്ങൾ ചെയ്തിട്ടും അവന് യാതൊരു പരിഗണനയും ലഭിച്ചില്ല. മകൻ ചെയ്ത കാര്യങ്ങൾക്കൊന്നും മരിക്കുന്നത് വരെ ഒരു അംഗീകാരവും ലഭിച്ചില്ല. ഇത് ദൗർഭാഗ്യകരമാണെന്നും അമ്മ പറഞ്ഞു.
2015ൽ ഇലോൺ മസ്കും സുചിർ ബാലാജിയും ചേർന്നാണ് ഓപ്പൺ എഐ സ്ഥാപിച്ചത്. എന്നാൽ,മൂന്ന് വർഷങ്ങൾക്ക് ശേഷം മസ്ക് ഓപ്പൺ എഐ വിട്ട് എക്സ് എഐ സ്ഥാപിക്കുകയായിരുന്നു. 2020 നവംബർ മുതൽ 2024 ഓഗസ്റ്റ് വരെ ഓപ്പൺ എഐയിൽ ജോലി ചെയ്ത സുചിർ ബാലാജി, അവിടെ കോർപ്പറേറ്റ് ലംഘനം നടക്കുന്നതായി ആരോപിച്ചത് വലിയ വിവാദങ്ങൾക്കിടയാക്കിയിരുന്നു. ഒക്ടോബറിൽ പങ്കുവെച്ച എക്സ് പോസ്റ്റിൽ, ചാറ്റ് ജിപിടി ഇൻ്റർനെറ്റിന് തന്നെ ദോഷമാണെന്നും,എഐയുടെ അനാവശ്യ ഉപയോഗത്തെക്കുറിച്ചുമെല്ലാം സുചിർ ബാലാജി കുറിച്ചിരുന്നു. ഓപ്പൺ എഐയിലെ നാല് വർഷക്കാലത്തെ ജോലിക്കിടയിൽ താൻ നേരിട്ട ദുരനുഭവങ്ങളെ കുറിച്ചും സുചിർ ബാലാജി എക്സിൽ പങ്കുവെച്ചിരുന്നു.
നവംബർ 26ന് സാൻ ഫ്രാൻസിസ്കോയിലെ വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സുചിർ ബാലാജി ആത്മഹത്യ ചെയ്തതാണെന്ന അന്വേഷണ റിപ്പോർട്ട് നേരത്തെ പുറത്തുവന്നിരുന്നു. എന്നാൽ സുചിർ ബാലാജിയുടെ മരണം കൊലപാതകമാണെന്ന് ആരോപിച്ച് കുടുംബം രംഗത്തെത്തിയിരുന്നു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ തലയ്ക്കേറ്റ പരുക്കാണ് മരണ കാരണം എന്ന് വ്യക്തമായതിന് പിന്നാലെയാണ് ആരോപണവുമായി കുടുംബം രംഗത്തെത്തിയത്.