സർക്കാരിന്റെ വൈദ്യസഹായ സൗകര്യങ്ങൾ വഴി 2,89,000 ലധികം പേർക്കാണ് ചികിത്സ നൽകിയത്
മണ്ഡല-മകരവിളക്ക് കാലത്ത് ശബരിമലയിൽ കരുതലിന്റെ പുണ്യം തീർത്ത് ആരോഗ്യവകുപ്പ്. കൃത്യമായ ഇടപെടലിലൂടെ നിരവധി പേരെയാണ് ജീവിതത്തിലേക്ക് തിരിച്ചെത്തിച്ചത്. സർക്കാരിന്റെ വൈദ്യസഹായ സൗകര്യങ്ങൾ വഴി 2,89,000 ലധികം പേർക്കാണ് ചികിത്സ നൽകിയത്.
ജനുവരി 10 വരെയുള്ള കണക്കനുസരിച്ച് 2,16,969 രോഗികൾ ആശുപത്രികളിലും, 72,654 രോഗികൾ അടിയന്തര വൈദ്യസഹായ കേന്ദ്രങ്ങളിലുമായി ചികിത്സ തേടിയിട്ടുണ്ട്. 649 എമർജൻസി കേസുകൾക്ക് അടിയന്തര വൈദ്യസഹായകേന്ദ്രങ്ങളിൽ സേവനം നൽകി. 168 പേർക്ക് ഹൃദയാഘാതം റിപ്പോർട്ട് ചെയ്തതിൽ 115 രോഗികളെ കൃത്യമായ ഇടപെടലിലൂടെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു.
അടിയന്തരഘട്ടങ്ങൾ നേരിടാനായി മെഡിക്കൽ ഓഫീസർമാരുടെയും പാരാമെഡിക്കൽ ജീവനക്കാരുടെയും റിസർവ് ലിസ്റ്റ് തയാറാക്കിയിട്ടുണ്ട്. നിലവിലുള്ള 25 ആംബുലൻസുകൾ കൂടാതെ 12 ആംബുലൻസുകൾ കൂടി സജ്ജീകരിച്ചു. മകരവിളക്ക് പ്രമാണിച്ച് ആരോഗ്യവകുപ്പിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ജനുവരി 13 മുതൽ പത്തനംതിട്ട ജില്ലാ മെഡിക്കൽ ഓഫീസിൽ 72 മണിക്കൂർ കൺട്രോൾ റൂമും പ്രവർത്തിക്കും.