ലോസ് ആഞ്ചലസിൽ പടർന്നുപിടിച്ച കാട്ടുതീയിൽ മരിച്ചവരുടെ എണ്ണം 16 ആയി. 10,000ത്തോളം കെട്ടിടങ്ങൾ നശിക്കുകയും ചെയ്തതതായാണ് റിപ്പോർട്ട്
കാലിഫോർണിയയിലെ ലോസ് ആഞ്ചലസിൽ പടർന്നു പിടിച്ച കാട്ടുതീയുടെ ദിശ മാറുന്നതായി റിപ്പോർട്ട്. കൂടുതൽ ആളുകളെ മാറ്റി പാർപ്പിക്കാനുള്ള നീക്കം ഭരണകൂടം ആരംഭിച്ചു. രക്ഷാപ്രവർത്തനത്തിന് കൂടുതൽ ഹെലികോപ്റ്ററുകൾ വിന്യസിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു. ഒരേസമയം ആറിടങ്ങളില്‍ പടരുന്ന കാട്ടുതീയെ തുടർന്നുള്ള അടിയന്തര സാഹചര്യത്തെ നേരിടാന്‍ പ്രത്യേക പരിശീലനം ലഭിച്ച തടവുകാരും ദുരന്തമുഖത്ത് ഇറങ്ങിയിരുന്നു. തീപടർന്ന ഒന്നാം ദിനം, 300ലധികം തടവുകാരാണ് കാലിഫോർണിയയില്‍ ദുരന്തമുഖത്തിറങ്ങിയത്. അഞ്ച് ദിവസം പിന്നിടുമ്പോൾ ആയിരത്തിനടുത്ത് തടവുകാർ ദൗത്യത്തിൽ പങ്കാളിയായെന്നാണ് കണക്ക്.
കാട്ടുതീയിൽ ഹോളിവുഡ് സൈൻ ബോർഡ് കത്തിയെന്ന വാർത്തയും ദൃശ്യങ്ങളും വ്യാജമാണെന്ന് റിപ്പോർട്ട്. സൈൻ ബോർഡിന് ഒന്നും സംഭവിച്ചിട്ടില്ലെന്നും സുരക്ഷിതമാണെന്നും ഹോളിവുഡ് സൈൻ ട്രസ്റ്റിൻ്റെ ചെയർമാൻ ജെഫ് സറീനാം വ്യക്തമാക്കി. സുരക്ഷാനടപടികളുടെ ഭാഗമായി ഗ്രിഫിത്ത് പാർക്ക് താൽക്കാലികമായി അടച്ചിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. ഹോളിവുഡ് ബോർഡ് കത്തി നശിക്കുന്നുവെന്ന പേരിൽ വ്യാജ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ചെയർമാൻ്റെ പ്രതികരണം.
അതേസമയം ലോസ് ആഞ്ചലസിൽ പടർന്നുപിടിച്ച കാട്ടുതീയിൽ മരിച്ചവരുടെ എണ്ണം 16 ആയി. 10,000ത്തോളം കെട്ടിടങ്ങൾ നശിക്കുകയും ചെയ്തതതായാണ് റിപ്പോർട്ട്. ശക്തമായ കാറ്റിൻ്റെ സാന്നിധ്യം കാട്ടുതീയുടെ തീവ്രത വർധിക്കുമെന്നും അറിയിപ്പ് നൽകിയിട്ടുണ്ട്. പ്രദേശങ്ങളിൽ യുഎസ് നാഷണൽ വെതർ സർവീസ് പ്രഖ്യാപിച്ച റെഡ് ഫ്ലാഗ് അലേർട്ടുകൾ തുടരുകയാണ്.
ALSO READ: രക്ഷകരാകുന്ന തടവുകാർ; കാലിഫോർണിയയിലെ തീയണയ്ക്കാന്‍ ജയില്‍ തടവുകാരും
സംസ്ഥാനത്ത് ഗവര്‍ണര്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടര്‍ന്നു വരികയാണെന്ന് അഗ്നിരക്ഷാ സേനയും വ്യക്തമാക്കി. പ്രാദേശിക സമയം ചൊവ്വാഴ്ച രാത്രി പത്തരയോടെയാണ് കാലിഫോര്‍ണിയയിലെ ലോസ് ആഞ്ചലസില്‍ കാട്ടുതീ പടര്‍ന്ന് പിടിച്ചത്. പസഫിക് പാലിസേഡ്‌സില്‍ പടര്‍ന്ന് പിടിച്ച തീ മണിക്കൂറുകള്‍ക്കുള്ളില്‍ 2,900 ഏക്കര്‍ ഭൂമിയിലേക്ക് വ്യാപിച്ചു. ഇതോടെ എങ്ങോട്ട് പോകണമെന്നറിയാതെ ജനങ്ങൾ അമ്പരപ്പിലായി. കാറും വീടും ഉപേക്ഷിച്ച് ജീവന്‍ രക്ഷിക്കാനായി അവര്‍ പരക്കം പാഞ്ഞു. കെട്ടിടങ്ങളും വീടുകളും അഗ്നിക്കിരയായെന്നാണ് റിപ്പോര്‍ട്ടുകള്‍. കാട്ടുതീ കൂടുതല്‍ മേഖലകളിലേക്ക് വ്യാപിക്കുകയാണ്.