വഖഫ് ബോർഡിനെതിരായ കേന്ദ്രമന്ത്രിയുടെ പരാമർശം വലിയ രാഷ്ട്രീയ ചർച്ചകള്‍ക്ക് കാരണമായിരിക്കുകയാണ്
കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ വഖഫ് പരാമർശത്തില്‍ പൊലീസിൽ പരാതി നൽകി കോൺഗ്രസ്. കെപിസിസി മീഡിയ പാനലിസ്റ്റ് അനൂപ് വി.ആർ ആണ് കമ്പളക്കാട് പൊലീസിൽ പരാതി നൽകിയത്. സുരേഷ് ഗോപി മതവികാരം വൃണപ്പെടുത്തിയെന്നും കലാപാഹ്വാനം നടത്തിയെന്നുമാണ് പരാതിയിൽ പറയുന്നത്.
വഖഫ് ബോർഡിനെതിരായ കേന്ദ്രമന്ത്രിയുടെ പരാമർശം വലിയ രാഷ്ട്രീയ ചർച്ചകള്‍ക്ക് കാരണമായിരിക്കുകയാണ്. മതപരമായി ആളുകളെ വിഭജിക്കാനുള്ള ബ്രിട്ടീഷുകാരുടെ തന്ത്രമാണ് സുരേഷ് ഗോപി പയറ്റുന്നതെന്നായിരുന്നു മുസ്ലീം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയുടെ വിമർശനം. കുഞ്ഞാലിക്കുട്ടിക്ക് പിന്നാലെ മുസ്ലീം ലീഗ് അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും വിമർശനവുമായി രംഗത്തുവന്നു. സുരേഷ് ഗോപിയുടെ വഖഫിനെ കുറിച്ചുള്ള പരാമർശം അജ്ഞത കൊണ്ടാണ്. വ്യക്തമായി പഠിച്ചിരുന്നെങ്കിൽ ഇത് പറയില്ല.
വഖഫ് ബ്രിട്ടീഷുകാരുടെ കാലത്തുള്ളതാണെന്നും രാജ്യത്തിൻ്റെ സമ്പത്ത് വ്യവസ്ഥയിൽ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്നും സാദിഖ് അലി തങ്ങള്‍ പറഞ്ഞു. വഖഫ് രാജ്യം അംഗീകരിച്ചതാണ്. രാജ്യത്തിന് ബോർഡിനെ തള്ളികളയാൻ പറ്റില്ലെന്നും മുസ്ലീം ലീഗ് അധ്യക്ഷന്‍ കൂട്ടിച്ചേർത്തു.
Also Read: "തണ്ടെല്ലോട് കൂടി ഒരു ബോർഡും ഇവിടെയുണ്ടാകില്ല, വഖഫ് നിയമഭേദഗതി നടപ്പാക്കും"; വിവാദ പരാമർശവുമായി സുരേഷ് ഗോപി
വയനാട്ടിൽ ബിജെപി സ്ഥാനാർഥി നവ്യ ഹരിദാസിന്‍റെ പ്രചരണ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കവെ വഖഫ് ബോർഡിനെതിരെ രൂക്ഷവിമർശനമാണ് സുരേഷ് ഗോപി നടത്തിയത്. വഖഫ് ബോർഡിനെ 'കിരാതം' എന്ന് വിശേഷിപ്പിച്ച സുരേഷ് ഗോപി ഭാരതത്തിൽ ഇനി ആ കിരാതമുണ്ടാവില്ലെന്നും പറഞ്ഞു. ബിജെപി ഭരണകാലത്ത് 'തണ്ടെല്ലോട് കൂടി ഒരു ബോർഡും ഇവിടെയുണ്ടാകില്ല' എന്നും 'തണ്ടെല്ല് ഞങ്ങൾ ഊരിയിരിക്കും' എന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു. മുനമ്പത്തെ ചിലരെ സംരക്ഷിക്കാൻ വേണ്ടി മാത്രമല്ല പ്രധാനമന്ത്രി നരേന്ദ്ര മോദി ഭരണം നടത്തുന്നത്. മുനമ്പത്തെ സുഖിപ്പിച്ചു കൊണ്ട് ഒന്നും നേടേണ്ടെന്നും വഖഫ് നിയമഭേദഗതി നടപ്പാക്കിയിരിക്കുമെന്നും കേന്ദ്രമന്ത്രി ഉറപ്പിച്ച് പറഞ്ഞു.